KERALAM

‘തരംതാഴ്ത്തിയ ഒരാളെ സ്വീകരിക്കാൻ ഉന്നത നേതാക്കൾ പോയത് എന്തിനാണ്’, സിപിഎമ്മെന്ന പാർട്ടി തന്നെ തട്ടിപ്പാണ്’

തിരുവനന്തപുരം: കൊല്ലപ്പെട്ട എ.ഡി.എമ്മിന്റെ വീട്ടിൽ പോയി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് സി.പി.എം എന്ന് പറഞ്ഞ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യയാണ് പി.പി ദിവ്യയെ സ്വീകരിക്കാൻ ജയിലിൽ പോയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സി.പി.എമ്മെന്ന പാർട്ടി തന്നെ തട്ടിപ്പാണ്. പാർട്ടി നേതാവായ ഭർത്താവ് പറയുന്നത് ഇരയുടെ കുടുംബത്തിനൊപ്പമെന്ന്; വേട്ടക്കാരിയെ ജയിലിൽ നിന്നും സ്വീകരിക്കുന്നത് പാർട്ടി നേതാവായ ഭാര്യ; ഇതാണ് കേരളത്തിലെ സി.പി.എമ്മിന്റെ മുഖം. എന്തൊരു കാപട്യമാണ് സി.പി.എം എന്ന പാർട്ടിയെന്ന് വിഡി സതീശൻ ചോദിച്ചു.

‘പ്രശാന്തൻ ആരുടെ ബിനാമിയാണ്? എന്തിനാണ് എം.വി ഗോവിന്ദന്റെ സഹധർമ്മിണി വളരെ വിഷമത്തോടെ ദിവ്യയെ സ്വീകരിക്കാൻ ജയിലിൽ പോയത്? കൈക്കൂലി നൽകിയെന്ന് പറഞ്ഞിട്ടും വ്യാജരേഖ ചമച്ചെന്നു ബോധ്യമായിട്ടും എന്തുകൊണ്ടാണ് പ്രശാന്തനെതിരെ കേസെടുക്കാത്തത്? ഒരുപാട് ദുരൂഹതകൾ ഉണ്ടാക്കുന്ന പങ്കാണ് പി.പി ദിവ്യയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സി.പി.എമ്മിനുള്ളത്. സി.പി.എം ഇരകൾക്കൊപ്പമല്ല വേട്ടക്കാർക്കൊപ്പമാണെന്ന് വ്യക്തമായിട്ടുണ്ട്.

പാർട്ടി സെക്രട്ടറിയുടെ ഭാര്യ ഉൾപ്പെടെയുള്ളവർ ജയിലിൽ സ്വീകരിക്കാൻ പോയിട്ടാണ് പി.പി ദിവ്യയ്‌ക്കെതിരെ പാർട്ടി നടപടി എടുത്തെന്ന് പറയുന്നത്. പാർട്ടി അച്ചടക്ക നടപടി എടുത്ത് തരംതാഴ്ത്തിയ ഒരാളെ സ്വീകരിക്കാൻ സി.പി.എം ഉന്നത നേതാക്കൾ പോയത് എന്തിനാണ്? പി.പി ദിവ്യയെ സി.പി.എം ഭയപ്പെടുന്നുണ്ടോ? ആരുടേതാണ് പെട്രോൾ പമ്പ്? ആരുടെ ബിനാമിയാണ് പ്രശാന്തൻ എന്ന് അന്വേഷിച്ചാൽ ഒരുപാട് രഹസ്യങ്ങൾ പുറത്തുവരും.

കളക്ടറുടെ മൊഴിയാണ് ജാമ്യം നൽകാനുള്ള പ്രധാന കാരണം. മുഖ്യമന്ത്രിയെ കളക്ടർ കണ്ടതിനു ശേഷമാണ് കള്ളമൊഴി പറഞ്ഞത്. നവീൻ ബാബു അഴിമതിക്കാരനാണോയെന്ന് സംശയം ഉണ്ടാക്കുന്നതാണ് കളക്ടറുടെ മൊഴി. ആദ്യം വ്യാജരേഖ ചമച്ചത് എ.കെ.ജി സെന്ററിലാണ്. എന്നിട്ടും വ്യാജ പരാതി കൊടുത്ത പ്രശാന്തനെതിരെ അന്വേഷണമോ കേസോ ഇല്ല. പ്രശാന്തൻ പ്രധാനപ്പെട്ട ചിലരുടെ ബിനാമിയാണ്. അതുകൊണ്ട് തൊടാൻ പറ്റില്ല. ദിവ്യ ഒന്നും പുറത്തു പറയാതിരിക്കുന്നതിനു വേണ്ടിയാണ് പാർട്ടി സെക്രട്ടറിയുടെ സഹധർമ്മിണി നേരിട്ടെത്തി സ്വീകരിച്ചത്. പെട്രോൾ പമ്പ് പ്രശാന്തന്റെ അല്ലെന്ന് എല്ലാവർക്കും അറിയാം. അയാളുടെ പുറകിൽ ഉന്നതരായ സി.പി.എം നേതാക്കളുണ്ട്’- വി ഡി സതീശൻ പറഞ്ഞു.


Source link

Related Articles

Back to top button