വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്താൽ അപകീർത്തികരമാകില്ല
കൊച്ചി: വാർത്താ സമ്മേളനത്തിൽ ആരെങ്കിലും പറഞ്ഞ കാര്യം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അപകീർത്തികരമാകില്ലെന്നും അതിന്റെ പേരിൽ മാദ്ധ്യമ പ്രവർത്തകർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാനാകില്ലെന്നും ഹൈക്കോടതി.
തട്ടിപ്പുകേസിലടക്കം പ്രതിയായ യുവതി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എം.പിക്കെതിരെ ഉന്നയിച്ച ആരോപണം സംപ്രേഷണം ചെയ്തതിന് രജിസ്റ്റർചെയ്ത അപകീർത്തിക്കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. വേണുഗോപാലിന്റെ പരാതിയിൽ രണ്ട് ചാനലുകൾക്കെതിരെ എടുത്ത കേസുകളാണ് റദ്ദാക്കിയത്.
യുവതി പറഞ്ഞ കാര്യങ്ങൾ റിപ്പോർട്ടുചെയ്യുക മാത്രമാണ് മാദ്ധ്യമങ്ങൾ ചെയ്തത്. അതിന്റെപേരിൽ മാദ്ധ്യമപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പറയാനാകില്ല. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ തുടർനടപടികളും റദ്ദാക്കി. ആരോപണം ഉന്നയിച്ച യുവതിക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി. 2016 ഏപ്രിലിലാണ് യുവതി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചത്.
Source link