KERALAM

നവകേരള സദസിനിടെ പ്രതിഷേധകരെ മർദിച്ച കേസ്; പൊലീസുകാർക്കെതിരെ തുടരന്വേഷത്തിന്  ഉത്തരവ്

ആലപ്പുഴ: മുഖ്യമന്ത്രിയുടെ നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ നേരിട്ട പൊലീസിന്റെ രക്ഷാപ്രവർത്തനത്തിൽ തുടരന്വേഷത്തിന് ഉത്തരവിട്ട് കോടതി. ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നാണ് ഉത്തരവിട്ടത്. യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ ക്രൂരമായി മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിനും സുരക്ഷാജീവനക്കാരൻ സന്ദീപിനും ജില്ലാ ക്രെെംബ്രാഞ്ച് ക്ലീൻ ചീറ്റ് നൽകിക്കൊണ്ട് മുൻപ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

ഇതിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസും കെഎസ്‌യു ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ ഡി തോമസും നൽകിയ തടസഹർജി പരിഗണിച്ചാണ് ആലപ്പുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ക്രെെംബ്രാഞ്ച് റിപ്പോർട്ട് തള്ളിയത്. കേസിൽ തുടരന്വേഷണം നടത്താനും കോടതി നിർദേശിച്ചു. ഗൺമാനും സുരക്ഷാ ജീവനക്കാരനും ലാത്തികൊണ്ട് ക്രൂരമായി അടിക്കുന്നതിന്റെ ദൃശ്യങ്ങൾ പരാതിക്കാർ കോടതിക്ക് നൽകിയിരുന്നു.

മർദന ദൃശ്യങ്ങൾ ഹാജാരാക്കിയിട്ടും വാങ്ങാൻ ക്രെെംബ്രാഞ്ച് ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ലെന്ന് പരാതിക്കാരുടെ അഭിഭാഷകൻ വാദിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതി വിധി. ഗൺമാനും സുരക്ഷാജീവനക്കാരനും മർദിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചില്ലെന്നും ജോലിയുടെ ഭാഗമായുള്ള നടപടിയായി മാത്രമേ അവരുടെ പ്രവർത്തനത്തെ കാണാനാകൂവെന്നുമാണ് ക്രെെംബ്രാഞ്ച് കേസ് ഫയലിൽ സൂചിപ്പിച്ചത്.

കഴിഞ്ഞ ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. അന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കടന്നു പോകുമ്പോൾ ജനറൽ ആശുപത്രി ജംഗ്ഷനിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസിനും കെഎസ്‌യു ജില്ലാ പ്രസിഡന്റ് എഡി തോമസിനും തലയ്ക്കും കൈകാലുകളിലും ഗുരുതരമായി പരിക്കേറ്റിരുന്നു.


Source link

Related Articles

Back to top button