CINEMA

സകലകലാഹാസന്‍: ആദ്യ പാൻ ഇന്ത്യൻ താരം; സഞ്ചരിക്കുന്ന യൂണിവേഴ്സിറ്റി


ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളുടെ കണക്കെടുത്താൽ അക്കൂട്ടത്തില്‍ മുന്‍നിരയിലാണ് കമല്‍ഹാസന്റെ സ്ഥാനം. കേരളത്തിലെ  ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന നടി അന്യഭാഷകളില്‍ രണ്ട് പടത്തില്‍ അഭിനയിച്ചു പേരെടുത്തതോടെ പിന്നീട് സംഭാഷണം പൂര്‍ണ്മായും ഇംഗ്ലിഷിലാക്കി. എന്നാല്‍ 45 വര്‍ഷം മുന്‍പ് മലയാളത്തില്‍ ചില സിനിമകളില്‍ അഭിനയിച്ച കമല്‍ഹാസന്‍ ഇന്നും അഭിമുഖങ്ങളില്‍ കഴിയുന്നത്ര മലയാളം പറയാന്‍ ശ്രമിക്കുന്നു. തമിഴ്ചുവയുണ്ടെങ്കിലും ഇവിടെ വരുമ്പോള്‍ ഇവിടത്തെ ഭാഷ പറയണം എന്ന ശാഠ്യം. അത്തരം സാമാന്യ മര്യാദകള്‍ കമലിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. 
ഒരു കാലത്ത് തനിക്കൊപ്പം ചില സിനിമകളില്‍ സഹപ്രവര്‍ത്തകനായിരുന്ന എം.ജി.സോമനെ കാണാന്‍ സമയം കിട്ടുമ്പോള്‍ തിരുവല്ലയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു ഇന്ത്യന്‍ സിനിമയിലെ മെഗാസ്റ്റാറുകളിലൊരാളായ കമല്‍. ഉപയോഗം കഴിഞ്ഞതെന്തും-അത് മനുഷ്യരായാല്‍ പോലും നിഷ്‌കരുണം വലിച്ചെറിയുന്നതാണ് പൊതുവെ സിനിമാക്കാരുടെ ശീലം. എന്നാല്‍ കമല്‍ അക്കൂട്ടത്തിലില്ല. ആദ്യകാല സിനിമകളില്‍ തന്റെ നായികയായിരുന്ന ശ്രീവിദ്യ അര്‍ബുദം ബാധിച്ച് അവശയായി കണ്ടാല്‍ തിരിച്ചറിയാത്ത അവസ്ഥയില്‍ തിരുവനന്തപുരത്ത് കഴിയുമ്പോള്‍ അവരെ കാണാനായി മാത്രം ഫ്‌ളൈറ്റില്‍ തലസ്ഥാനത്ത് എത്തി കമല്‍. ഐ.വി.ശശി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സിനിമകളിലൂടെ ശ്രദ്ധനേടിയ ഒരു മലയാളി നടന്‍ ഇനി എന്ത് ശശി എന്ന മട്ടില്‍ അവസാനമായി വന്ന് ഒന്ന് കാണാന്‍ വിമുഖത കാട്ടിയപ്പോള്‍ തിരക്കിട്ട ഷൂട്ടിങ്ങ് ഷെഡ്യൂളുകള്‍ക്കിടയില്‍ നിന്ന് ഓടിയെത്തി ഏറെ സമയം മൃതദേഹത്തിനൊപ്പം ചെലവഴിച്ചു കമല്‍.

ഈ മാനുഷികതയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ദൈവങ്ങളില്‍ വിശ്വസിക്കാത്ത കമല്‍ പക്ഷേ മനുഷ്യരില്‍ വിശ്വസിക്കുന്നു. മനുഷ്യരായാല്‍ കുറച്ചെങ്കിലും മനുഷ്യത്വം വേണമെന്ന് കര്‍ശനമായി നിഷ്‌കര്‍ഷിക്കുന്നു. എത്തിക്‌സിന് കമല്‍ കല്‍പ്പിക്കുന്ന വില മറ്റാരും നല്‍കുന്നില്ലെന്ന് തോന്നും ചില അനുഭവങ്ങള്‍ കേട്ടാല്‍. കമലിന്റെ ജ്യേഷ്ഠസഹോദരന്‍ ചാരുഹാസന്റെ പുത്രി സുഹാസിനി സിനിമയില്‍ നായികയായി തിളങ്ങി നില്‍ക്കുന്ന കാലം. സുഹാസിനിയെ കമലിന്റെ നായികയായി കാസ്റ്റ് ചെയ്യാന്‍ സന്നദ്ധരായി നിര്‍മാതാക്കള്‍ മുന്നോട്ട് വന്നു. കമല്‍ സമ്മതിച്ചില്ല. ഇത് അഭിനയമല്ലേയെന്ന് പലരും വാദിച്ചു. അവരോട് കമല്‍ പറഞ്ഞു.

‘‘ജ്യേഷ്ഠന്റെ മകള്‍ എന്നാല്‍ എന്നുടെ മകള്‍ മാതിരി. അവള്‍ക്ക് നാന്‍ അപ്പാ..അപ്പടിയൊരാളുടെ പെയറായി അഭിനയിക്കാന്‍ സാധിക്കില്ല’’അതാണ് കമല്‍. ബന്ധങ്ങള്‍ക്ക് അദ്ദേഹം വലിയ വില കല്‍പ്പിക്കുന്നു. 
സഞ്ചരിക്കുന്ന യൂണിവേഴ്‌സിറ്റി
വ്യക്തിജീവിതത്തിലെ താളപ്പിഴകളുടെ പേരില്‍ അദ്ദേഹത്തെ വേട്ടയാടുന്ന ഒട്ടനവധി പേരുണ്ട്. മൂന്ന് വിവാഹബന്ധങ്ങളും ഒട്ടനവധി പ്രണയങ്ങളും തകര്‍ന്നു പോയതിന്റെ പിന്നണിക്കഥകള്‍ അദ്ദേഹത്തിന് മാത്രം അറിയുന്ന ഒന്നാണ്. അതിനെക്കുറിച്ച് ഭാവനാത്മകമായ കഥകള്‍ മെനയുന്നത് വ്യക്തിയുടെ സ്വകാര്യതയിലേക്കുളള കടന്നു കയറ്റമാണ്. അതെന്തായാലും രൂപഭാവങ്ങള്‍ കൊണ്ടും മാനസിക നില കൊണ്ടും ഒരു നിത്യകാമുകനായിരുന്നു കമല്‍. ദീര്‍ഘകാലം സ്ത്രീകള്‍ ഇത്രയധികം ആരാധിച്ച മറ്റൊരു നടനും ഉണ്ടായിട്ടില്ല. 70 -ാം വയസ്സിന്റെ നിറവിലും കമലിന്റെ ജനപ്രീതിയും ആരാധകവൃന്ദങ്ങള്‍ക്കും തെല്ലൂം കുറവ് സംഭവിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ പുറത്തു വന്ന ചിത്രങ്ങളിലൊന്നായ ‘വിക്രം’ ആഗോള ഹിറ്റാണ്. കമല്‍ഹാസന്‍ തീര്‍ന്നു എന്ന് പ്രചരിപ്പിച്ചവര്‍ക്കുളള മറുപടിയായിരുന്നു വിക്രം.

കളത്തൂർ കണ്ണമ്മയിൽ ജെമിനി ഗണേശനൊപ്പം

അങ്ങനെ ഒരു സുപ്രഭാതത്തില്‍ അവസാനിക്കേണ്ട വ്യക്തിയല്ല കമല്‍. കേവലം ഒരു നായകനടന്‍ എന്നതില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ആ വ്യക്തിത്വം. തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്…എന്നിങ്ങനെ സിനിമയുടെ സമസ്ത മേഖലകളിലും മുദ്ര പതിപ്പിച്ച കമല്‍ വാസ്തവത്തില്‍ ഒരു സഞ്ചരിക്കുന്ന യൂണിവേഴ്‌സിറ്റിയാണ്. സൂര്യന് താഴെയുളള ഏത് വിഷയത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ കഴിയും  എട്ടാം ക്ലാസില്‍ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച കമലിന് വിപുലവും വിശാലവുമായ ഒരു ആഡിയോ വിഷ്വല്‍ ലൈബ്രറിയുണ്ട് ചെന്നെയിലെ വീട്ടില്‍. അദ്ദേഹത്തിന്റെ മുന്‍ഭാര്യ സരിക വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ ഒരു അനുഭവമുണ്ട്. അവര്‍ ആ വീട്ടിലേക്ക് വന്ന ആദ്യകാലത്ത് പതിനായിര കണക്കിന് സിഡികള്‍ നിറഞ്ഞ ലൈബ്രറിയില്‍ വിഖ്യാതരായ ഓരോ നടന്‍മാരുടെ പേര് പ്രത്യേകം എഴുതി വച്ച് അതിന് താഴെ അവര്‍ അഭിനയിച്ച സിനിമകളുടെ സിഡി സൂക്ഷിച്ചിരിക്കുന്നു. 

അമ്മയ്ക്കൊപ്പം

അത് ആവര്‍ത്തിച്ച് കാണുന്ന ശീലം കമലിനുണ്ടായിരുന്നു. അങ്ങനെ അദ്ദേഹം നിരന്തരം കണ്ടിരുന്ന നടന്‍മാരില്‍ ഏറെയും മലയാളികളായിരുന്നു. അവരില്‍ പലരുടെയും പേര് പോലും സരിക കേട്ടിട്ടുണ്ടായിരുന്നില്ല. കമല്‍ അതെല്ലാം അവര്‍ക്ക് പറഞ്ഞു മനസിലാക്കി കൊടുത്തു. അക്കൂട്ടത്തില്‍ കമല്‍ ഏറ്റവുമധികം തവണ ആവര്‍ത്തിച്ച് കണ്ടിരുന്നത് ഇനി പറയുന്ന രണ്ട് നടന്‍മാരുടെ സിനിമകളായിരുന്നു. ഭരത് ഗോപിയും നെടുമുടി വേണുവും. ആ മഹാപ്രതിഭകളെക്കുറിച്ച് അദ്ദേഹം സരികയോട് പലപ്പോഴും വാചാലനാവുമായിരുന്നു പോലും.സിനിമയിലെ സൂക്ഷ്മചലനങ്ങളെ ഇത്ര ആഴത്തിലും സമഗ്രമായും നിരീക്ഷിക്കുന്ന ശീലം അന്നും ഇന്നും കമല്‍ കൈവിട്ടിട്ടില്ല. 
എന്നാല്‍ കമലിന്റെ അന്വേഷണങ്ങള്‍ സിനിമയില്‍ അവസാനിക്കുന്നില്ല. എം.ടിയുടെ നോവലുകളെക്കുറിച്ച് ഒക്കെ കമല്‍ വാചാലമായി സംസാരിക്കുന്നത് കേട്ടാല്‍ മലയാളികള്‍ നാണിക്കും. ചുറ്റുപാടുകളിലേക്ക് നിരന്തരം പാന്‍ ചെയ്യുന്ന ഒരു മനസാണ് കമലിന്റേത്. നാലാം വയസില്‍ തുടങ്ങിയ ഈ അവധാനത സപ്തതിയുടെ നിറവിലും അദ്ദേഹം നിലനിര്‍ത്തുന്നു. 
കൈക്കുഞ്ഞായിരിക്കെ ക്യാമറയ്ക്ക് മുന്നില്‍…

നാലാം വയസ്സില്‍ ബാലതാരമായി കുളത്തൂര്‍ കണ്ണമ്മയിലുടെ സിനിമയിലെത്തിയതാണ് കമല്‍. 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടിലെ രാമപുരം ജില്ലയിലെ പരമക്കുടി ഒരു കുഗ്രാമമായിരുന്നു. അവിടെ അഭിഭാഷകനായിരുന്ന ശ്രീനിവാസ അയ്യങ്കാരുടെ ഇളയ മകനായാണ് കമലിന്റെ ജനനം. ചന്ദ്രഹാസന്‍, ചാരുഹാസന്‍ എന്നിവരായിരുന്നു കമലിന്റെ ജ്യേഷ്ഠസഹോദരന്‍മാര്‍. ചാരുഹാസന്‍ പിന്നീട് അറിയപ്പെടുന്ന നടനായി. അദ്ദേഹത്തിന്റെ പുത്രിയാണ് വിഖ്യാത നടി സുഹാസിനി. ശ്രീനിവാസ അയ്യങ്കാര്‍ക്ക് അദ്ദേഹത്തിന്റെ 50 -ാം വയസ്സില്‍ ജനിച്ച മകനാണ് കമല്‍. 

പരിഷ്‌കാരങ്ങള്‍ എത്തി നോക്കിയിട്ടില്ലാത്ത കാലത്തും പരമക്കുടിയില്‍ ഒരു സിനിമാ തിയറ്റര്‍ ഉണ്ടായിരുന്നു. അവിടെ എല്ലാ ദിവസവും സിനിമ കാണാന്‍ എത്തുമായിരുന്നു കുഞ്ഞുകമല്‍. ‘മധുരൈ വീരന്‍’ നൂറാം ദിന ആഘോഷം നടന്ന സമയത്ത് ആ തിയറ്ററില്‍ ആ പടം ഏറ്റവും കുടുതല്‍ തവണ കണ്ടതിന്റെ പേരില്‍ കമലിന് ഒരു സമ്മാനവും കിട്ടി. അതായിരുന്നു ജീവിതത്തില്‍ ആദ്യമായി ലഭിക്കുന്ന അംഗീകാരം. സിനിമയോടുളള ഭ്രാന്തമായ പ്രണയമാണ് വാസ്തവത്തില്‍ കമലിനെ സിനിമാക്കാരനാക്കിയത്. അയ്യങ്കാര്‍ കലകളെ അഗാധമായി സ്‌നേഹിച്ചിരുന്ന മനുഷ്യനാണ്. നാടകം, നൃത്തം, സിനിമ..എല്ലാറ്റിനോടും ഭ്രാന്തമായ അഭിനിവേശം. മക്കളില്‍ ആരെങ്കിലും കലാകാരന്‍മാരായി തീരുന്നതില്‍ അദ്ദേഹത്തിന് സന്തോഷമേ ഉണ്ടായിരുന്നുളളു. പഠിക്കാന്‍ തീരെ സമര്‍ഥനായിരുന്നില്ല കമല്‍. വളരെ ചെറുപ്പത്തില്‍ തന്നെ കമലും കുടുംബവും മദ്രാസിലേക്ക് താമസം മാറ്റി. കമലും ചാരുഹാസനും നളിനിയുമെല്ലാം പഠിച്ചത് ഒരു കോണ്‍വന്റ് സ്‌കൂളിലായിരുന്നു. അക്കാലത്ത് അവരുടെ കുടുംബ സുഹൃത്തായ ഡോ. സാറാ രാമചന്ദ്രനാണ് കമലിന് സിനിമയിലേക്കുളള വഴി തുറന്നത്. 
ഒരു ദിവസം വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് സാറ ക്ലിനിക്കില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി കമല്‍ പഠിക്കുന്ന കോണ്‍വന്റില്‍ കയറി. കമലിനെയും നളിനിയെയും അവര്‍ കാറില്‍ കയറ്റി വരുന്ന വഴിക്ക് എവിഎം സ്റ്റുഡിയോ ഉടമ മെയ്യപ്പ ചെട്ടിയാരുടെ വീടിന് മുന്നില്‍ ഇറങ്ങി. അവരുടെ ഫാമിലി ഡോക്ടറാണ് സാറ. അതിലുപരി ചെട്ടിയാരുടെ ഭാര്യ രാജേശ്വരി സാറയുടെ ഉറ്റസുഹൃത്തുമായിരുന്നു. ഈ സമയത്ത് എവിഎം കുളത്തുര്‍ കണ്ണമ്മ എന്ന പടത്തിന്റെ തയാറെടുപ്പുകളിലായിരുന്നു. സാറ രാജേശ്വരിയുമായി സംസാരിച്ചിരിക്കെ ചെട്ടിയാരുടെ മുത്തമകന്‍ ശരവണന്‍ അവിടേക്ക് വന്നു. അപ്പോള്‍ സാറയുടെ പിന്നില്‍ ചുറ്റിക്കളിച്ച് നടന്ന കുസൃതിക്കാരനായ കമല്‍ ശരവണന്റെ ശ്രദ്ധയില്‍ പെട്ടു. 
കുളത്തുര്‍ കണ്ണമ്മയിലേക്ക് 4 വയസ്സുകാരനായ ഒരു ബാലനെ അന്വേഷിക്കുന്ന സമയമാണ്. ഈ കുട്ടി കൊളളാമല്ലോയെന്ന് ശരവണന് തോന്നി. അദ്ദേഹം കമലിനെ ചെട്ടിയാര്‍ ഇരിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. ആദ്യകാഴ്ചയില്‍ തന്നെ ചെട്ടിയാര്‍ക്കും അവനെ ഇഷ്ടമായി. അന്ന് ആ റോളിലേക്ക് അവര്‍ മറ്റൊരു കുട്ടിയെ നിശ്ചയിച്ചിരുന്നെങ്കിലും അവന്റെ പ്രകടനം അത്ര തൃപ്തികരമായി തോന്നിയിരുന്നില്ല. അങ്ങനെ ആ കുട്ടിയെ മാറ്റി കമലിനെ അഭിനയിപ്പിക്കാന്‍ അപ്പോള്‍ തന്നെ തീരുമാനമായി. ഷൂട്ടിങ് നടക്കുമ്പോള്‍ ചെട്ടിയാര്‍ കമലിനോട് ചോദിച്ചു.

‘‘ഈ സിനിമയില്‍ അഭിനയിക്കാന്‍ നിനക്കെന്ത് പ്രതിഫലം വേണം?’’
ഒട്ടും ആലോചിക്കാതെയായിരുന്നു കമലിന്റെ മറുപടി.
‘‘ഒരു വലിയ പ്ലിമത്ത് കാറും ഒരു അല്‍സേഷന്‍ നായയും’’
ചെട്ടിയാര്‍ അതുകേട്ട് ഉറക്കെ പൊട്ടിച്ചിരിച്ചു.

സ്‌കൂളിന്റെ പടിയിറങ്ങുന്നു..
അഞ്ചു വയസ്സ് തികയും മുന്‍പേ സിനിമയിലെത്തിയ കമല്‍ സ്‌കൂളില്‍ സ്റ്റാറായി. പക്ഷേ പഠനത്തില്‍ തീരെ താത്പര്യമുണ്ടായിരുന്നില്ല ആ കുട്ടിക്ക്. സ്‌കൂളില്‍ പോകുന്നത് പോലും കൊല്ലുന്നതിന് തുല്യമായിരുന്നു. വളരെ കഷ്ടപ്പെട്ട് 8 -ാം ക്ലാസ് പൂര്‍ത്തിയാക്കി. കമലിന്റെ ഭാവി അപകടത്തിലാണെന്ന് കണ്ട് അച്ഛന്‍ മദ്രാസിലെ ആള്‍വാര്‍പേട്ടില്‍ കുറെ കെട്ടിടങ്ങള്‍ പണികഴിപ്പിച്ചു. കിട്ടുന്ന വാടക കൊണ്ടെങ്കിലും ജീവിച്ചു പോകട്ടെ എന്നതായിരുന്നു അദ്ദേഹത്തിന്റെ മനസില്‍. മറ്റ് മക്കളുടെ കാര്യത്തില്‍ അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നില്ല. അവരെല്ലാം പഠിക്കാന്‍ മിടുക്കരായിരുന്നു. അതിലൊരു കെട്ടിടത്തിലാണ് ഇപ്പോള്‍ കമലിന്റെ ഉടമസ്ഥതയിലുളള രാജ്കമല്‍ ഇന്റര്‍നാഷ്നല്‍ പ്രവര്‍ത്തിക്കുന്നത്. 

പഠനം ഉഴപ്പി നടക്കുന്ന കാലത്ത് ടി.കെ.ഷണ്‍മുഖം എന്നയാള്‍ അദ്ദേഹത്തിന്റെ നാടക സ്‌കൂളിലേക്ക് കമലിനെ ക്ഷണിച്ചു. അദ്ദേഹത്തോട് അച്ഛന്‍ പറഞ്ഞു. ‘‘അണ്ണാച്ചീ..ഞങ്ങളുടെ കുടുംബക്കാരെല്ലാം നല്ല  പഠിപ്പുളളവരാണ്. ഞാനും എന്റെ ഭാര്യാപിതാവും അഭിഭാഷകരാണ്. ഇവനൊഴികെയുളള ആണ്‍കുട്ടികള്‍ രണ്ടും നിയമം പഠിക്കുകയാണ്. മകള്‍ ഡിഗ്രിക്കും. ഇവന്‍ പഠിച്ച് രക്ഷപ്പെടുമെന്ന പ്രതീക്ഷയെനിക്കില്ല. അത് ഇനി ആഗ്രഹിച്ചിട്ടും കാര്യമില്ല. പക്ഷേ കലാരംഗത്ത് ഇവന്‍ രക്ഷപ്പെടണം.’’
തലയില്‍ കൈവച്ച് അനുഗ്രഹിച്ചാണ് അച്ഛന്‍ കമലിനെ നാടകം പഠിക്കാന്‍ അയച്ചത്. അന്ന് നാടകം പഠിപ്പിച്ച ഷണ്‍മുഖം അണ്ണാച്ചിയുടെ ഓര്‍മ്മയ്ക്കായി പില്‍ക്കാലത്ത് കമല്‍ അവ്വെ ഷണ്‍മുഖി എന്ന സിനിമ തന്നെയെടുത്തു.
മനസുകൊണ്ട് ഒരു മലയാളി
ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം തമിഴകത്താണെങ്കിലും മനസുകൊണ്ട് ഒരു മലയാളിയായിരുന്നു കമല്‍. മലയാളം സിനിമകള്‍ കാണുകയും സാഹിത്യത്തെക്കുറിച്ച് അറിയാന്‍ ശ്രമിക്കുകയും കേരളീയ സംസ്‌കാരം ഉള്‍ക്കൊളളാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്ത കമലിന് സ്വാഭാവികമായും ധാരാളം മലയാളി സുഹൃത്തുക്കള്‍ ഉണ്ടായി. ഡാന്‍സ് മാസ്റ്റര്‍ തങ്കപ്പന്‍ മുതല്‍ അന്ന് സിനിമയില്‍ അവസരങ്ങള്‍ക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഐ.വി. ശശിയും നര്‍ത്തകിയായിരുന്ന സീമയും വരെ. ഇതൊക്കെയാണെങ്കിലും കമല്‍ ആദ്യമായി പരിചയപ്പെടുന്ന മലയാളി എ.ജിആറാണ്. പിന്നീട് അന്ന് വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയിരുന്ന എംഎന്‍.നമ്പ്യാരും. 
മൂന്നാമത് പരിചയപ്പെടുന്നത് കമലിന്റെ ഗുരുവായിരുന്ന കഥകളി അധ്യാപകന്‍ ഗോപാലകൃഷ്ണന്‍ മാസ്റ്ററാണ്. എന്നാല്‍ കമലിന്റെ ജീവിതം മാറ്റിമറിച്ചത് മറ്റൊരു മലയാളിയായിരുന്നു. സംവിധായകനായ കെ.എസ്.സേതുമാധവന്‍. അദ്ദേഹമാണ് കണ്ണും കരളും എന്ന മലയാള ചിത്രത്തിലേക്ക് അഭിനയിക്കാനായി ക്ഷണിക്കുന്നത്. കുളത്തുര്‍ കണ്ണമ്മയിലുടെ സിനിമയില്‍ ഹരിശ്രീ കുറിച്ച കമലിന്റെ രണ്ടാമത്തെ പടം അതായിരുന്നു. ആദ്യത്തെ മലയാള സിനിമയും. എന്നാല്‍ ഇതൊന്നും കമലിന് വഴിത്തിരിവായില്ല. ആകെ ലഭിച്ച ഗുണം മലയാളികളായ കുറെ സുഹൃത്തുക്കളെ ലഭിച്ചു എന്നത് മാത്രം. 

കമല്‍ സിനിമയില്‍ രക്ഷപ്പെടുമെന്ന് പ്രതീക്ഷിച്ച പിതാവിന് ക്രമേണ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു. മദ്രാസ് ജീവിതം പുതിയ പച്ചപ്പുകള്‍ കൊണ്ടുവരില്ലെന്ന് കണ്ട് മാതാപിതാക്കള്‍ പരമക്കുടിയിലേക്ക് മടങ്ങി. പക്ഷേ കമല്‍ ഒപ്പം പോകാന്‍ കൂട്ടാക്കിയില്ല. എത്ര കഷ്ടപ്പെട്ടാണെങ്കിലും സിനിമയില്‍ എവിടെയെങ്കിലും എത്തിയിട്ടേ ഇനി നാട്ടിലേക്കുളളു എന്ന് തീരുമാനിച്ചു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി ഒരു തൊഴില്‍ തേടി ഒരുപാട് അലഞ്ഞു. ഒടുവില്‍ ക്രിസ്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍സില്‍ ഒരു ജോലി തരപ്പെട്ടു. അവിടെ വച്ചാണ് ഡാന്‍സ് മാസ്റ്റര്‍ തങ്കപ്പനെ പരിചയപ്പെടുന്നത്. മെറിലാന്റ് സ്റ്റുഡിയോയിരുന്നു തങ്കപ്പന്‍ മാസ്റ്ററുടെ മുഖ്യതട്ടകം.
മാസ്റ്ററുടെ സഹായിയായി താരങ്ങള്‍ക്ക് നൃത്തച്ചുവടുകള്‍ പഠിപ്പിച്ചു കൊടുക്കുന്ന ഒരാളായി കമല്‍. ചില പടങ്ങളില്‍ മാസ്റ്ററുടെ ശുപാര്‍ശ പ്രകാരം ജൂനിയര്‍ ആര്‍ട്ടിസ്റ്റായും സംഘനൃത്തത്തില്‍ ഒരാാളായും മറ്റും മുഖം കാണിച്ചു. അപ്പോഴൊന്നും പ്രധാനപ്പെട്ട ഒരു അഭിനേതാവായി ആരും കമലിനെ പരിഗണിച്ചില്ല. ഒരു നര്‍ത്തകനായി ഒതുങ്ങിക്കുടുമെന്നായിരുന്നു പൊതുവെയുളള ധാരണ. നന്നായി നൃത്തം ചെയ്തിരുന്നു കമല്‍. കാഴ്ചയില്‍ സുന്ദരനായിരുന്നെങ്കിലും കമലിന്റെയുളളില്‍ ഇത്രയും റേഞ്ചുളള ഒരു അഭിനേതാവുണ്ടെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല.
മലയാള സിനിമയിലൂടെ നായക പദവി
ജീവിതകാലം മുഴുവന്‍ നൃത്തച്ചുവടുകളിലൊതുങ്ങാന്‍ കമലിന്റെയുളളിലെ നടന്‍ അനുവദിച്ചില്ല. ബാലതാരമെന്ന് നിലയില്‍ തനിക്ക് കൈ തന്ന സേതുമാധവനെ പോയി കണ്ട് അവസ്ഥ വിശദീകരിച്ചു. അദ്ദേഹം അന്ന് എംടിയുടെ തിരക്കഥയില്‍ കന്യാകുമാരി എന്ന പടം പ്ലാന്‍ ചെയ്യുകയാണ്. അതിലേക്ക് യുവാവായ ഒരു നായകനെ വേണം. എന്തുകൊണ്ട് ഒരു ഫ്രഷ് ഫേസ് പരീക്ഷിച്ചു കൂടായെന്ന് സേതുമാധവന് തോന്നി. എംടിയുമായി ചര്‍ച്ച ചെയ്തപ്പോള്‍ അദ്ദേഹത്തിനും എതിര്‍പ്പില്ല. അങ്ങനെ കേവലം 19 -ാം വയസ്സില്‍ ജീവിതത്തിലാദ്യമായി കമല്‍ ഒരു പടത്തില്‍ നായകനായി. പശ്ചാത്തലം തന്നെയായിരുന്നു സിനിമയുടെ ടൈറ്റിലും. കന്യാകുമാരി. ആ പടം നന്നായി ശ്രദ്ധിക്കപ്പെട്ടു. കമല്‍ഹാസന്‍ എന്ന ഹീറോയുടെ ഉദയം കുറിക്കപ്പെട്ടു.
പിന്നീട് നിരവധി മലയാള പടങ്ങളില്‍ തുടര്‍ച്ചയായി നായക വേഷം ചെയ്തു. ചെന്നെയിലെ പഴയ സുഹൃത്തും റൂംമേറ്റും കലാസംവിധായകനുമായിരുന്ന ഐ.വി.ശശി അപ്പോഴേക്കും സിനിമയില്‍ ചുവടുറപ്പിച്ചു കഴിഞ്ഞിരുന്നു. ശശിയുടെ മിക്കവാറും പടങ്ങളില്‍ കമല്‍ നായകനായി. ആശീര്‍വാദം, ആലിംഗനം, ഈറ്റ…എന്നിങ്ങനെ കുറെ സിനിമകള്‍. അവയില്‍ പലതും വിജയമായി. എന്നാല്‍ കമല്‍ഹാസന്‍ എന്ന ഉലകനായകനിലേക്ക് പിന്നെയും ഏറെ ദൂരം ബാക്കിയുണ്ടായിരുന്നു. 

സഹോദരൻ ചന്ദ്രഹാസനൊപ്പം

മദനോത്സവം, വിഷ്ണുവിജയം, ഓര്‍മ്മകള്‍ മരിക്കുമോ? എന്നിങ്ങനെ അക്കാലത്തെ മറ്റ് പ്രമുഖ സംവിധായകരുടെ പടങ്ങളിലും നായകനായി. 1975 ല്‍ കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വരാഗങ്ങളാണ് കമല്‍ഹാസനെ തമിഴ് സിനിമയിലെ നിർണായക ഘടകമാക്കി മാറ്റിയത്. ആ ചിത്രം വന്‍ഹിറ്റായി എന്ന് മാത്രമല്ല മികച്ച സിനിമ എന്ന തലത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. കമലിന്റെ വേറിട്ട അഭിനയ ശൈലിയും ശ്രദ്ധിക്കപ്പെട്ടു. തമിഴില്‍ ക്ലച്ച് പിടിച്ചിട്ടും കമല്‍ വന്ന വഴി മറന്നില്ല. പ്രതിഫലം കുറവായിട്ട് പോലും മലയാളത്തില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തി. തിരുവോണം, മറ്റൊരു സീത, രാസലീല, അഗ്നിപുഷ്പം, അപ്പൂപ്പന്‍,സമസ്യ, സ്വിമ്മിങ് പൂള്‍, അരുത്..എന്നിങ്ങനെ മലയാളത്തിലെ നിരവധി ലോബജറ്റ് സിനിമകളുടെ പോലും ഭാഗമായി. 
ആ സമയത്ത് സമാന്തരമായി തമിഴിലും തെലുങ്കിലും തിരക്കേറിക്കൊണ്ടിരുന്നു. കമല്‍ ഇനി തങ്ങള്‍ക്ക് അപ്രാപ്യമാകുമെന്ന് മലയാളി സംവിധായകര്‍ കരുതി. എന്നാല്‍ ഏത് നല്ല കഥാപാത്രം വന്നാലും ഇല്ലാത്ത സമയമുണ്ടാക്കി സഹകരിക്കുന്ന കമലിന്റെ മനസ് എല്ലാവരെയും അദ്ഭുതപ്പെടുത്തി. മലയാളം പഠിച്ചെടുത്ത കമല്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും പച്ചവെളളം പോലെ മലയാളത്തില്‍ സംസാരിച്ചു. ബഹുഭാഷകളിലെ വന്‍ഹിറ്റുകളുടെ ഭാഗമായി നില്‍ക്കുമ്പോള്‍ തന്നെ പൊന്നി, കുറ്റവും ശിക്ഷയും, നീയെന്റെ ലഹരി എന്നീ മലയാള സിനിമകളില്‍  അഭിനയിച്ചു. അതിന്റെ കാരണം പിന്നീട് അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു.
‘‘തമിഴില്‍ പലപ്പോഴും നായകന്‍ ഒരു കെട്ടുകാഴ്ച മാത്രമായിരുന്നു. അല്ലെങ്കില്‍ ഒരു ബിസിനസ് ഫാക്ടര്‍. കാമ്പുളള കഥകളും കഥാപാത്രങ്ങളും അഭിനയ സാധ്യതയും അന്ന് മലയാളത്തിലായിരുന്നു കൂടുതല്‍. മാത്രമല്ല അപ്പോഴേക്കൂം മനസുകൊണ്ട് ഞാനൊരു മലയാളിയായി മാറിക്കഴിഞ്ഞിരുന്നു. സെറ്റില്‍ എല്ലാവരും അടുത്ത സുഹൃത്തുക്കള്‍..വീട്ടിലേക്ക് പോകുന്ന അനുഭവമായിരുന്നു ഒരു മലയാള പടത്തില്‍അഭിനയിക്കുമ്പോള്‍.’’
ആദ്യത്തെ പാന്‍ ഇന്ത്യന്‍ താരം
ബാലു മഹേന്ദ്രയുടെ മൂണ്‍ട്രു മുടിച്ച് പോലെ കാതലുളള തമിഴ് പടങ്ങളും കമലിനെ തേടിയെത്തി. കാരണം അന്ന് അത്തരം അതിശക്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കെല്‍പ്പുളള മറ്റൊരു നായകന്‍ തമിഴില്‍ ഉണ്ടായിരുന്നില്ല. അതിനിടയില്‍ ആനന്ദം പരമാനന്ദം പോലുളള മലയാളം കോമഡി ചിത്രങ്ങളില്‍ പോലും കമല്‍ സഹകരിച്ചു. വയനാടന്‍ തമ്പാന്‍,കാത്തിരുന്ന നിമിഷം…പല ജോണറിലുളള മലയാള സിനിമകളില്‍ കമല്‍ നിറഞ്ഞാടി. ഐ.വി.ശശിയുടെ അലാവുദ്ദീനും അദ്ഭുതവിളക്കും  എന്ന ബഹുഭാഷാചിത്രത്തിലും നായകനായി. കമലിന്റെ പല ദേശങ്ങളിലുളള താരമൂല്യം മുന്നില്‍ കണ്ട് എടുത്ത ആദ്യത്തെ പാന്‍ ഇന്ത്യന്‍ സ്വഭാവമുളള മലയാള സിനിമയായിരുന്നു അത്. 
അഴിയാത്ത കോലങ്ങള്‍ പോലുളള ബ്ലോക്ക് ബസ്റ്ററുകള്‍ സംഭവിച്ചതോടെ തമിഴിലും തെലുങ്കിലും നിന്നു തിരിയാന്‍ സമയമില്ലാത്ത വിധം തിരക്കായി. 1982ല്‍ റിലീസ് ചെയ്ത ഏഴാം രാത്രി എന്ന ത്രില്ലര്‍ ചിത്രത്തിലാണ് കമല്‍ തിരക്കായശേഷം അവസാനമായി അഭിനയിച്ചത്. പിന്നീട് അദ്ദേഹത്തെ മലയാളത്തില്‍ കൊണ്ടുവരാന്‍ പല കാലങ്ങളില്‍ പലര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കാക്കിച്ചട്ടൈ, വിക്രം എന്നീ മേജര്‍ ഹിറ്റുകളിലുടെ രജനികാന്തിനൊപ്പം തലയെടുപ്പുളള വന്‍താരമായി കമല്‍ മാറി. അദ്ദേഹത്തെ എക്‌സൈറ്റ് ചെയ്യിക്കുന്ന നല്ലൊരു പ്രൊജക്ടുമായി ആരും സമീപിച്ചില്ല എന്നതും ഒരു വാസ്തവമാണ്. 86ല്‍ ആത്മസുഹൃത്തായ ഐ.വി.ശശിയുടെ പ്രേരണയാല്‍ വ്രതം എന്ന പടത്തില്‍ ശോഭനയ്‌ക്കൊപ്പം അഭിനയിച്ചെങ്കിലും അത് ഇരുവരുടെയും യശസ്സ് ഉയര്‍ത്തിയില്ല. അതീവ ദുര്‍ബലമായ തിരക്കഥയായിരുന്നു സിനിമയ്ക്ക് വിനയായത്. 87ല്‍ സുഹൃത്തും തമിഴിലെ മുന്‍നിര സംവിധായകനുമായ പ്രതാപ് പോത്തന്‍ ഡെയ്‌സി എന്ന പേരില്‍ പുതുമുഖങ്ങളെ വച്ച് മലയാള പടമെടുത്തപ്പോള്‍ കമല്‍ അതിഥിതാരമായി വന്നു. നായകനും പുഷ്പക വിമാനവും സത്യയും പോലുളള മെഗാഹിറ്റുകള്‍ ചെയ്ത് കത്തി നില്‍ക്കുമ്പോഴായിരുന്നു ഈ വിട്ടുവീഴ്ച. 
ചാണക്യനിലുടെ രണ്ടാം വരവ്
89ല്‍ നവോദയ അപ്പച്ചന്‍ ചാണക്യന്‍ എന്ന വ്യത്യസ്തമായ കഥയുമായി സമീപിച്ചപ്പോള്‍ നായകനായി തന്നെ കമല്‍ വീണ്ടും വന്നു. പടം ബമ്പര്‍ഹിറ്റാവുകയും ചെയ്തു. എന്നിട്ടും അതിന് തുടര്‍ച്ചകളുണ്ടായില്ല. അത്രയേറെ തിരക്കുകളായിരുന്നു തമിഴില്‍. ഈ കാലയളവില്‍ അദ്ദേഹം തിരക്കഥയിലും സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം കൈവച്ചു. 
വെട്രിവിഴ, മൈക്കിള്‍ മദന കാമരാജന്‍, ഗുണ…പിന്നിടുളള കമലിന്റെ വളര്‍ച്ചയുടെ നാള്‍വഴികള്‍ അറിയാത്ത ഒരു തലമുറയുമില്ല. സദ്മയും ഹേറാമും വഴി ബോളിവുഡിലും അദ്ദേഹം വെന്നിക്കൊടി പാറിച്ചു. വിശ്വരൂപവും ഇന്ത്യനും എല്ലാം വന്നതോടെ കമല്‍ ഒരു ഇതിഹാസമായി മാറി. ഇന്ത്യന്‍ സിനിമയുടെ ഖ്യാതി ലോകസിനിമാ ഭൂപടത്തിലെത്തിച്ച മഹാപ്രതിഭകളുടെ ഗണത്തില്‍ കമല്‍ഹാസന്‍ എന്ന പേരും എഴുതി ചേര്‍ക്കപ്പെട്ടു. എന്നാല്‍ മലയാളം പിന്നീട് അദ്ദേഹത്തിന് ഗുണകരമായില്ല. 2010 ല്‍ നടന്‍ കമലഹാസനായി തന്നെ ഫോര്‍ ഫ്രണ്ട്‌സ് എന്ന സാദാ മലയാള പടത്തില്‍ അഭിനയിച്ചെങ്കിലും കമല്‍ എന്ന വടവൃക്ഷത്തിന്റെ യശസ്സിന് പാകമായിരുന്നില്ല ആ പരീക്ഷണം. പിന്നീട് കഴിഞ്ഞ ഒരു വ്യാഴവട്ടത്തിലേറെക്കാലമായി അദ്ദേഹം മലയാള സിനിമയ്ക്ക് അപ്രാപ്യനായി തുടരുന്നു. 
നിലനില്‍പ്പിനായി പല തൊഴിലുകള്‍..
തുടക്കക്കാരനായിരുന്ന കാലത്ത് നിലനില്‍പ്പിനായി പല തരം ജോലികള്‍ ചെയ്തുന്നു കമല്‍. പക്ഷേ എല്ലാം സിനിമയുമായി മാത്രം ബന്ധപ്പെട്ട്. തമിഴില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായിരുന്നു ചില പടങ്ങളില്‍. നൃത്തശാല, മാന്യശ്രീ വിശ്വാമിത്രനില്‍ എന്നീ മലയാളപടങ്ങളില്‍ നൃത്തസംവിധായകന്റെ സഹായിയായിരുന്ന കമലാണ് 1975 ല്‍ എന്‍.ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത രാസലീല എന്ന പടത്തിന് തിരക്കഥ എഴുതിയത്. പക്ഷേ സിനിമയുടെ ടൈറ്റിലില്‍ ശങ്കരന്‍ നായരുടെ പേരാണ് വന്നത്. പകരം കഥ: കമലഹാസന്‍ എന്നും നല്‍കി. 21 -ാം വയസ്സിലായിരുന്നു ഈ സാഹസം. കമല്‍ തന്നെ തിരക്കഥയൊരുക്കിയ ഉണര്‍ച്ചികള്‍ എന്ന തമിഴ് പടത്തിന്റെ റീമേക്കായിരുന്നു രാസലീല. 
ഏറ്റവും ഒടുവില്‍ എം.ടിയുടെ കഥകള്‍ കോര്‍ത്തിണക്കി നെറ്റ്ഫ്‌ളിക്‌സ് ഒരുക്കിയ മനോരഥങ്ങള്‍ എന്ന ആന്തോളജിയില്‍ കമല്‍ നരേറ്ററായി. സിനിമയില്‍ അദ്ദേഹം കൈവയ്ക്കാത്ത മേഖലകളില്ല. ഒരിക്കല്‍ സിനിമയുടെ ചോറ് ഉണ്ടവന് പിന്നീട് ഒരിക്കലും അതില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിയില്ലെന്ന് പലപ്പോഴൂം അദ്ദേഹം പറഞ്ഞു. ഓരോ ശ്വാസ നിശ്വാസങ്ങളിലും സിനിമയെ ഒപ്പം കൂട്ടിയ കമലിന് മറിച്ച് ചിന്തിക്കാന്‍ കഴിയുമോ? എന്നാല്‍ താന്‍ സിനിമയ്ക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയും.
‘‘ഞാന്‍ ചെയ്തതൊക്കെ കമല്‍ഹാസന്‍ എന്ന വ്യക്തിയുടെ ഭൗതികമായ വളര്‍ച്ചയ്ക്ക് വേണ്ടിയുളള കാര്യങ്ങളാണ് എന്റെ പ്രശസ്തി, എനിക്ക് പണമുണ്ടാക്കണം. എനിക്ക് ആരാധകരുണ്ടാകണം. നിങ്ങളൂടെ അടൂര്‍ ഗോപാലകൃഷ്ണനും അരവിന്ദനും മറ്റും ചെയ്തതു പോലെ സിനിമയ്ക്ക് അനര്‍ഘമായ സംഭാവനകള്‍ നല്‍കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. അതിനുളള യാത്രയിലാണ് ഞാന്‍’’ ഇങ്ങനെ പറയാനും ഒരു കമല്‍ഹാസന് മാത്രമേ കഴിയൂ.
ആര്‍ട്ട് ഹൗസ് സിനിമകള്‍ മാത്രമാണ് ഏറ്റവും മഹത്തരമായ കാര്യമെന്ന് അദ്ദേഹം ധരിച്ചുവശായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇനിയും വ്യക്തമല്ല. ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും ചില ദോഷങ്ങളും അദ്ദേഹത്തിനുണ്ട്. സിനിമയെക്കുറിച്ച് അതിരുകവിഞ്ഞ അറിവുകള്‍ ഉളളതുകൊണ്ടാവാം ഒരു തരം ഡോമിനേറ്റിങ് മൈന്‍ഡ് കൊണ്ടു നടക്കുന്ന നടനാണ് കമല്‍. തന്റെ ചിത്രങ്ങളില്‍ സഹകരിക്കുന്ന സംവിധായകരുടെ മേല്‍ അദ്ദേഹം അധീശത്വം സ്ഥാപിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ‘തനിയാവര്‍ത്തനം’ എന്ന സിനിമ ഇഷ്ടമായ കമല്‍ സിബി മലയിലിനെ ചെന്നെയിലേക്ക് വിളിച്ചു വരുത്തിയെന്നും എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം  തനിക്ക് തന്റേതായ രീതിയില്‍ ഒരു പടം ചെയ്യാനാണ് താത്പര്യമെന്ന് പറഞ്ഞ് സിബി ആ പദ്ധതി ഉപേക്ഷിച്ച് മടങ്ങിയതായും കേട്ടിരുന്നു. അതിന്റെ നിജസ്ഥിതി എന്തെന്ന് ഇരുവരും പുറത്ത് പറഞ്ഞതുമില്ല. എന്നാല്‍ തേവര്‍ മകന്‍ എന്ന തമിഴ്പടത്തിന്റെ സെറ്റില്‍ വച്ച് കമലിന്റെ ഇടപെടലുകളില്‍ അസ്വസ്ഥനായ ഭരതന്‍ പ്രൊജക്ട് പൂര്‍ത്തിയാക്കും മുന്‍പ് മടങ്ങിയതായും പിന്നീട് കമല്‍ തന്നെ പടം പൂര്‍ത്തീകരിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്തായാലും സംവിധായകനാണ് സിനിമയുടെ ക്യാപ്റ്റൻ എന്ന് അറിയാത്ത ആളല്ല കമല്‍. ഒരുപക്ഷേ സംവിധായകന് അപ്പുറം കമല്‍ കാര്യങ്ങള്‍ നോക്കി കാണുന്നതുകൊണ്ടുളള പ്രശ്‌നങ്ങളാവാം.
സ്വയം സമര്‍പ്പിച്ച കലാകാരന്‍
എങ്ങനെയും ഒരു പടത്തില്‍ അഭിനയിച്ച് മടങ്ങുന്നതല്ല കമലിന്റെ രീതി. സിനിമയ്ക്ക് മുന്നില്‍ കമല്‍ തന്റെ വ്യക്തിത്വത്തെ ഒരു നേര്‍ച്ചക്കോഴിയാക്കുകയാണ്. പൂര്‍ണതയ്ക്കായി അദ്ദേഹം ഏതറ്റം വരെയും പോകും. ചിലപ്പോള്‍ സെറ്റില്‍ കോപിഷ്ഠനാകും. ഓരോ സിനിമയുടെയും പെര്‍ഫക്‌ഷനായി അദ്ദേഹം എടുത്തിട്ടുളള എഫര്‍ട്ട് അസാധാരണമാണ്. അവള്‍ ഒരു തുടര്‍ക്കഥൈ എന്ന സിനിമയ്ക്കായി മിമിക്രി പഠിച്ച കമല്‍ അപൂര്‍വരാഗത്തിനായി മൃദംഗം പഠിച്ചു. തെന്നാലിക്കു വേണ്ടി ശ്രീലങ്കന്‍ തമിഴ് പഠിച്ചപ്പോള്‍ ആളെ വന്താലിനായി കമാന്‍ഡോ ട്രെയിനിങ് അഭ്യസിച്ചു. മന്ദബുദ്ധിയായും അന്ധനായും ഊമയായും കുളളനായും വേഷമിട്ടപ്പോള്‍ അത്തരത്തിലുളള ആളുകളുമായി സഹവസിച്ച് അവരുടെ മാനറിസങ്ങള്‍ കൃത്യമായി മനസിലാക്കി. 
ഇന്ത്യന്‍ സിനിമയില്‍ അഭിനയത്തിന്റെ പല തലങ്ങളിലൂടെ സഞ്ചരിച്ച, ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നിരവധി നടന്‍മാരുണ്ട്. അവരില്‍ ചിലര്‍ പില്‍ക്കാലത്ത് സംവിധായകരും നിര്‍മാതാക്കളും തിരക്കഥാകൃത്തും ഗായകരുമൊക്കെയായി സിനിമയുടെ പല മേഖലകളില്‍ പ്രാവീണ്യം തെളിയിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സഞ്ചരിക്കുന്ന സിനിമ എന്ന വിശേഷണം അര്‍ഹിക്കുന്ന ഒരു നടനേയുളളു. അത് സാക്ഷാല്‍ കമല്‍ഹാസനാണ്. സിനിമയുടെ സമസ്ത മേഖലകളെക്കുറിച്ചും ലോകസിനിമയെക്കുറിച്ചും ഇത്ര കണ്ട് അവഗാഹമുളള ഒരു ചലച്ചിത്രകാരന്‍ വേറെയില്ല എന്നത് അടിവരയിട്ട് പറയേണ്ട സത്യമാണ്. തിരക്കഥയിലും സംവിധാനത്തിലും കമല്‍ പദമൂന്നിയപ്പോള്‍ പയറ്റിത്തെളിഞ്ഞ ചലച്ചിത്രകാരന്‍മാരെ വെല്ലുന്ന പാടവം പ്രദര്‍ശിപ്പിച്ചു.
പരീക്ഷണങ്ങളുടെ ഒരു പരമ്പര കൂടിയായിരുന്നു കമല്‍ഹാസന്‍. സ്ത്രീയായും കുളളനായും ഒരേ സിനിമയില്‍ തന്നെ പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ട കമല്‍ നിശ്ശബ്ദ ചിത്രവും ഒരുക്കി നമ്മെ ഞെട്ടിച്ചു. മാസ് മസാല എന്ന് വിശേഷിപ്പിക്കാവുന്ന കാക്കിച്ചട്ടയിലും വിക്രത്തിലും വന്ന് കയ്യടി വാങ്ങിയ അതേ കമല്‍ തന്നെ മൂന്നാംപിറയിലും നായകനിലും മറ്റും അമ്പരപ്പിക്കുന്ന അഭിനയപാടവം കൊണ്ട് നമ്മെ ഞെട്ടിച്ചു. നാല് തവണ മികച്ച നടനുളള ദേശീയ പുരസ്‌കാരവും പത്മഭൂഷണും അടക്കം നിരവധി ബഹുമതികള്‍ സ്വന്തമാക്കി. തമിഴ് തന്റെ പെറ്റമ്മയും മലയാളം പോറ്റമ്മയുമാണെന്നാണ് കമല്‍ പറയാറുളളത്. 
ഗുരുതുല്യനായ സേതുമാധവന്‍ സിനിമയില്‍ അപ്രസക്തനായി തുടങ്ങിയ കാലത്ത് കമല്‍ അങ്ങോട്ട് ചെന്ന് അദ്ദേഹത്തിന് ഡേറ്റ് നല്‍കി. ‘മറുപക്കം’ എന്ന കലാമൂല്യമുളള ചിത്രം സംഭവിക്കുന്നത് അങ്ങനെയാണ്. ആ ചിത്രവും ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായി. വിജയങ്ങള്‍ കമലിനെ സംബന്ധിച്ച് കേവലഭാഗ്യം കൊണ്ട് സംഭവിക്കുന്നതല്ല. അതിന് പിന്നിലെ സമര്‍പ്പിത മനസ് സമാനതകളില്ലാത്തതാണ്. 70 -ാം വയസ്സിലും ഒരു തുടക്കക്കാരന്റെ ആവേശത്തോടെ ഉത്സാഹത്തോടെ അദ്ദേഹം ക്യാമറയെ അഭിമുഖീകരിക്കുന്നു. സഞ്ചരിക്കുന്ന ചലച്ചിത്ര സര്‍വകലാശാല എന്നാണ് വ്യാപകമായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.


Source link

Related Articles

Back to top button