വിദ്യാർത്ഥികൾ ബിരുദ കോഴ്സുകൾക്ക് ചേരാൻ മടിക്കുന്നുവോ…
ഡോ.ടി.പി.സേതുമാധവൻ | Saturday 26 October, 2024 | 12:00 AM
2024 അദ്ധ്യയന വർഷത്തിൽ കേരളത്തിലെ പ്രധാനപ്പെട്ട നാലു സർവകലാശാലകളിൽ 85552 ബിരുദ സീറ്റുകളും, 13047 ബിരുദാനന്തര സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നു എന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. അതേസമയം, വിദേശത്ത് ബിരുദപഠനത്തിനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻവർദ്ധനവാണ്.
നമ്മുടെ സർവകലാശാലകളിലെ സാദ്ധ്യതയില്ലാത്ത കോഴ്സുകൾ ഒഴിവാക്കാൻ അക്കാഡമിക് സമൂഹം തയ്യാറാകാത്തതിനാൽ, കാലാനുസൃതമായ പുത്തൻ കോഴ്സുകൾ തേടി വിദ്യാർത്ഥികൾ വിദേശ ക്യാമ്പസ്സുകളിലെത്തുന്നത് സ്വാഭാവികം മാത്രം. നാലു വർഷ ബിരുദ ഓണേഴ്‌സ് പ്രോഗ്രാം തുടങ്ങിയെങ്കിലും ഇതിന്റെ നടത്തിപ്പിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്.
അതേസമയം, വിദേശ സർവകലാശാലകളിൽ ബിരുദപഠനത്തിനു വൈവിദ്ധ്യങ്ങളായ വിഷയങ്ങളുണ്ട്. വിദേശ പഠനം വ്യക്തിത്വ വികസനത്തിനും ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും, ലൈഫ് സ്കിൽ കൈവരിക്കാനും സഹായിക്കുമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും കരുതുന്നു. വൈവിദ്ധ്യങ്ങളായ മേജർ, മൈനർ വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം വിദ്യാർത്ഥികളെ ബേസിക് വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യാനുള്ള ആത്മവിശ്വാസം ഉറപ്പുവരുത്തുന്നതോടൊപ്പം മികച്ച അദ്ധ്യാപകരെയും, ഗവേഷകരെയും പരിചയപ്പെടാനും നൂതന ഗവേഷണ മേഖല കണ്ടെത്തുവാനും വിദേശ പഠനം സഹായിക്കും.
ഭാവി തൊഴിലുകൾ ലക്ഷ്യമിട്ട ഇനവേഷനുകൾ, സ്കിൽ വികസന പ്രോഗ്രാമുകൾ, സാങ്കേതിക വിദ്യ, മികച്ച അക്കാഡമിക്, ഗവേഷണ സൗകര്യം, വ്യവസായ സ്ഥാപനങ്ങളുമായുള്ള സൗഹൃദം, ഇന്റേൺഷിപ്, പ്ലേസ്മെന്റ്, അസിസ്റ്റന്റ്ഷിപ് പ്രോഗ്രാമുകൾ എന്നിവ ഇവയിൽ ചിലതാണ്. ക്രെഡിറ്റ് ട്രാൻസ്‌ഫർ സൗകര്യം വിദേശ സർവ്വകലാശാലകളിലുണ്ട്. ഉപരിപഠനത്തിനായി വിദേശരാജ്യം തിരഞ്ഞെടുക്കുമ്പോൾ ഉപരിപഠന മേഖലയ്ക്കിണങ്ങിയ രാജ്യം കണ്ടെത്തുന്നത് മികച്ച വിജയം കൈവരിക്കാൻ സഹായിക്കും.
കാലത്തിനൊത്ത കോഴ്സുകളും, അനുകൂലമായ ഗവേഷണ, തൊഴിലവസരങ്ങൾ നമ്മുടെ നാട്ടിൽ സൃഷ്ടിച്ചാൽ വിദേശത്തു പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം ഘട്ടം ഘട്ടമായി കുറയ്ക്കാനാവും. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിരവധി ഫുൾടൈം/പാർട്ട്ടൈം സ്കോളർഷിപ്പുകളുണ്ട്. മിക്ക സർവകലാശാലകളിലും വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പുകളോ, സാമ്പത്തിക സഹായ പദ്ധതികളോ ഉണ്ട്. യൂണിവേഴ്സിറ്റി സ്കോളർഷിപ്പുകൾ, ഫിനാൻഷ്യൽ സ്കോളർഷിപ്പുകൾ, മെരിറ്റ്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ, സർക്കാർ/സ്വകാര്യ സ്കോളർഷിപ്പുകൾ എന്നിവ ഇവയിൽപ്പെടും.
എന്നാൽ വിദേശ രാജ്യങ്ങളിൽ പോസ്റ്റ് സ്റ്റഡി വർക്ക് വിസ, തൊഴിൽ, പാർടൈം തൊഴിൽ എന്നിവയിൽ പ്രതിസന്ധികൾ നിലനിൽക്കുന്നു. വർദ്ധിച്ചു വരുന്ന ജീവിതച്ചെലവ്, മികച്ച താമസ സൗകര്യത്തിന്റെ അഭാവം എന്നിവ യു.കെ, കാനഡ, യൂറോപ്യൻ രാജ്യങ്ങളിൽ നില നില്കുന്നു.കോഴ്സ് പാതി വഴിയിൽ ഉപേക്ഷിക്കുന്ന വിദേശ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണവും വർദ്ധിച്ചു വരുന്നു. അന്താരാഷ്ട്ര തലത്തിൽ പഠനത്തിനെത്തുന്ന വിദ്യാർത്ഥികളുടെ ഫീസ് മാത്രം ആശ്രയിച്ചു കോഴ്‌സ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദേശരാജ്യങ്ങളിൽ ഏറെയാണ്.
മികച്ച സർവകലാശാലകളുമായി ചേർന്നുള്ള ട്വിന്നിംഗ്, ജോയിന്റ്, ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ നടപ്പിലാക്കാൻ ഇന്ത്യൻ സർവകലാശാലകൾ കൂടുതൽ താത്പര്യം പ്രകടിപ്പിക്കേണ്ടതുണ്ട്. കാലത്തിന്റെ മാറ്റം തിരിച്ചറിയുന്നില്ലെങ്കിൽ കേരളത്തിലെ സർവകലാശാലകളിൽ തുടർന്നും വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ കുറവുണ്ടാകും.
Source link