KERALAMLATEST NEWS

സംഗീത പരിപാടിക്കിടെ കോഴിയുടെ കഴുത്തറുത്ത് ചോര കുടിച്ചു; പ്രമുഖ ഗായകനെതിരെ കേസ്

ഗുവാഹത്തി: സംഗീത പരിപാടിക്കിടെ വേദിയിൽ വച്ച് കോഴിയുടെ കഴുത്തറുത്ത് ചോര കുടിച്ച സംഭവത്തിൽ ഗായകനെതിരെ കേസെടുത്തു. ഒക്‌ടോബർ 27ന് ഇറ്റാനഗറിൽ വച്ചുനടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. കോൻ വായ് സൺ എന്ന ഗായകനെതിരെയാണ് അരുണാചൽ പൊലീസ് കേസെടുത്തത്.

അരുണാചലിലെ കിഴക്കൻ കാമെങ് ജില്ലയിലെ സെപ്പ സ്വദേശിയായ കോൻ വായ് അറിയപ്പെടുന്ന ഗാനരചയിതാവും സംഗീത സംവിധായകനും സംഗീതജ്ഞനുമാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ലോകമെമ്പാടും പ്രവർത്തിക്കുന്ന മൃഗ സംരക്ഷണ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഒഫ് അനിമൽസ് (പെറ്റ) ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇറ്റാനഗർ പൊലീസ് എഫ്‌ഐആർ രജിസ്റ്റ‌ർ ചെയ്‌തത്.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ കലാകാരനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നത് ആഴത്തിലുള്ള മാനസിക വൈകല്യത്തെ സൂചിപ്പിക്കുന്നതിനാൽ ഇത്തരത്തിലുള്ളവർ കൗൺസിലിംഗിന് വിധേയരാകണമെന്ന് പെറ്റ ഇന്ത്യ ശുപാർശ ചെയ്‌തു. ‘മൃഗങ്ങളോട് ഞെട്ടിക്കുന്ന രീതിയിൽ ക്രൂരത കാട്ടുന്നുവെങ്കിൽ നിങ്ങളൊരു കലാകാരനല്ല, മറ്റൊരു ജോലി നോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. യഥാർത്ഥ കലാകാരന്മാർ അവരുടെ കഴിവ് കാട്ടിയാണ് ശ്രദ്ധിക്കപ്പെടുന്നത്’, പെറ്റ ഇന്ത്യ സംഘടനയുടെ കോർഡിനേറ്റർ സിഞ്ചന സുബ്രഹ്മണ്യൻ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

പരിപാടിയുടെ സംഘാടകരെ ചോദ്യം ചെയ്‌തിട്ടുണ്ടെന്നും വിശദ അന്വേഷണത്തിനായി ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് കോൻ വായ് വേദിയിൽ വച്ച് ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് സംഘാടകർ പറഞ്ഞത്. സംഭവം വിവാദമായതോടെ കോൻ വായ് മാപ്പുപറഞ്ഞ് രംഗത്തെത്തി. സംഘാടകർക്ക് ഇതിൽ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Source link

Related Articles

Back to top button