എ.ഡി.എമ്മിന്റെ മരണം പി.പി. ദിവ്യയുടെ ജാമ്യ ഹർജിയിൽ വിധി 8ന്
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലുള്ള
കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.സി.നിസാർ അഹമ്മദ് എട്ടിന് വിധി പറയും. ഇന്നലെ ആദ്യ കേസായി പരിഗണിച്ച്, രണ്ടര മണിക്കൂർ വാദംകേട്ട ശേഷമാണ് വിധി പറയാൻ മാറ്റിയത്.
തെറ്റുപറ്റിയെന്ന് നവീൻ പറഞ്ഞെന്ന കണ്ണൂർ കളക്ടറുടെ മൊഴി പ്രധാന ആയുധമാക്കിയതാണ് ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ കെ.വിശ്വൻ വാദിച്ചത്. തെറ്റുപറ്റിയെന്ന് നവീൻ കളക്ടറോട് പറഞ്ഞതിനർത്ഥം, കൈക്കൂലി വാങ്ങിയെന്നു തന്നെയാണെന്നും പറഞ്ഞു. എന്നാൽ, എ.ഡി.എം കുറ്റസമ്മതം നടത്തിയെന്ന ആരോപണം അവിശ്വസനീയമാണെന്നും കളക്ടർ സൗഹൃദത്തോടെ പെരുമാറുന്ന ആളല്ലെന്നും നവീനിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ അഡ്വ.ജോൺ റാൽഫ് വാദിച്ചു. മാനസിക അടുപ്പം ഇല്ലാത്ത കളക്ടറോട് കുറ്റസമ്മതം നടത്തിയെന്ന ആരോപണം തെറ്റാണെന്നും വാദമുയർത്തി.
എ.ഡി.എമ്മിനെതിരായ കൈക്കൂലി ആരോപണത്തിൽ തെളിവില്ലെന്ന് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത് കുമാർ ദിവ്യയ്ക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ചൂണ്ടിക്കാട്ടി.
‘ഇടപെടൽ സംശയിക്കുന്നു’
നവീൻബാബുവിന്റെ ഭാര്യയുടെ മൊഴി എടുക്കാത്തതടക്കം അന്വേഷണസംഘം കാണിച്ച വീഴ്ചയ്ക്ക് പിന്നിൽ ഇടപെടൽ സംശയിക്കുന്നതായി അഡ്വ. ജോൺ റാൽഫ് വാദിച്ചു. കണ്ണൂർ കളക്ടർ ആരെയോ ഭയപ്പെടുന്നുണ്ട്. കളക്ടറുടെ മൊഴിക്കു പിന്നിൽ ഗൂഢാലോചനയുണ്ട്. പ്രശാന്തിന്റെ പരാതി വ്യാജമാണ്. അതുസംബന്ധിച്ച് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. മുൻകൂർ ജാമ്യപേക്ഷ തള്ളിയ ഉടനെ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയെന്ന് വ്യക്തമാക്കിയാണ് ദിവ്യയുടെ അഭിഭാഷകൻ വാദം തുടങ്ങിയത്. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
പ്രസംഗം അനുചിതമെന്ന്
സമ്മതിച്ച് പ്രതിഭാഗം
യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ പ്രസംഗം അനുചിതമാണെന്ന് ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ സമ്മതിച്ചു. എന്നാൽ, പ്രസംഗത്തിൽ ആത്മഹത്യാ പ്രേരണയില്ല. യാത്രയയപ്പ് ചടങ്ങിൽ അങ്ങനെ സംസാരിക്കേണ്ടിയിരുന്നില്ല എന്നത് അംഗീകരിക്കുന്നു. ഉദ്ദേശ്യം ഇല്ലാതെ ചെയ്താൽ കുറ്റമാണോ. ദൃശ്യങ്ങൾ ബോധപൂർവം പ്രചരിപ്പിച്ചിട്ടില്ല.
”അന്വേഷണത്തിൽ വീഴ്ചകളുണ്ട്. സി.ബി.ഐ അന്വേഷണമെന്ന ആവശ്യം സജീവമാക്കും
അഡ്വ.ജോൺ റാൽഫ്,
നവീനിന്റെ കുടുംബത്തിന്റെ
അഭിഭാഷകൻ
Source link