ഏറ്റവും കൂടുതൽ എറണാകുളത്ത്, രണ്ടാമത് തൃശൂരിൽ: രണ്ടാം പിണറായി സർക്കാർ നൽകിയത് 131 ബാർലൈസൻസുകൾ
തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം പുതിയ മദ്യനയം ഉണ്ടായേക്കില്ല. ഉപ തിരഞ്ഞെടുപ്പ് കാരണം നവംബർ 24 വരെ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ശേഷിക്കുന്നത് നാലുമാസം മാത്രമാണ് . മദ്യനയത്തിന്റെ ഫയൽ തയ്യാറാക്കിയെങ്കിലും മന്ത്രിസഭായോഗം പരിഗണിച്ചിട്ടില്ല. ഫയൽ മടക്കിയിട്ടുമില്ല.
ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമെന്ന ബാർ ഉടമകളുടെ പ്രധാന ആവശ്യം മാസങ്ങൾക്ക് മുമ്പുണ്ടായ കോഴ ആരോപണത്തോടെ നടക്കില്ലെന്നുറപ്പായി. ലൈസൻസ് ഫീ ഉയർത്തുമെന്ന പേടിയും വേണ്ട.എന്നാൽ കള്ള് വ്യവസായത്തെ പുഷ്ടിപ്പെടുത്താൻ ചില തീരുമാനങ്ങൾ കള്ള് ഷാപ്പുലൈസൻസികൾ പ്രതീക്ഷിച്ചിരുന്നതാണ്. ഷാപ്പുകൾക്ക് മാർച്ച് 31വരെ ലൈസൻസ് നീട്ടി നൽകാൻ തീരുമാനിച്ചത് മാത്രമാണ് അവരുടെ ആശ്വാസം.
പുതിയ ബാറുകൾ യഥേഷ്ടം
അതേസമയം, ബാറുകൾ അനുവദിക്കുന്നത് യഥേഷ്ടം തുടരുകയാണ്. രണ്ടാം പിണറായി സർക്കാർ 131 ബാർലൈസൻസുകളാണ് നൽകിയത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം നൽകിയത് 118 ലൈസൻസുകൾ. ഒരു ബാറിന് ലൈസൻസ് നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബാർ ലൈസൻസ് പ്രതീക്ഷയിൽ പത്തോളം ഹോട്ടലുകൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. എറണാകുളത്താണ് ബാറുകൾ കൂടുതൽ- 195.രണ്ടാമത് തൃശൂരും-112.
ടോഡി ബോർഡ് രൂപീകരിച്ച് കള്ള് ഷാപ്പുകളുടെ നിലവാരം ഉയർത്തുമെന്നും കള്ളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുമെന്നുമൊക്കെ പ്രഖ്യാപിച്ചിരുന്നു. ടോഡി ബോർഡ് രൂപീകരിച്ചതിനപ്പുറം ഒന്നും നടന്നില്ല.
ഡ്രൈ ഡേകളിൽ നിന്ന് കള്ള് ഷാപ്പുകളെ ഒഴിവാക്കുക, കള്ള് ഷാപ്പുകളുടെ ദൂരപരിധി 400 മീറ്ററെന്നത് കുറയ്ക്കുക തുടങ്ങിയവയാണ് ലൈസൻസികളുടെ പ്രധാന ആവശ്യം.
836
ആകെ ബാറുകൾ
131
രണ്ടാം പിണറായി സർക്കാർ
അനുവദിച്ച ബാറുകൾ
4700
ആകെ ഷാപ്പുകൾ
Source link