KERALAM

പഴഞ്ചൻ സ്‌കൂട്ടറുകൾ ആക്രിയല്ല റോക്കിക്ക്

റിപ്പോർട്ട്: ജനാർകൃഷ്ണൻ, ഫോട്ടോ വീഡിയോ: ജോഷ്‌വാൻ മ | Tuesday 05 November, 2024 | 3:06 AM

കൊച്ചി: പഴയ സ്‌കൂട്ടറുകൾ റോക്കി ജേക്കബിന് (31) ആക്രിയല്ല, ഹരമാണ്. 1980-90കളിൽ ഇന്ത്യൻ റോഡുകളെ കോരിത്തരിപ്പിച്ച സ്‌കൂട്ടറുകളുടെ മ്യൂസിയമാണ് തൃപ്പൂണിത്തുറയിലെ ഇണ്ടിക്കുഴി വീട്. പലതും റോക്കി ജനിക്കും മുമ്പേ താരങ്ങളായവ. 2004വരെ ഇറങ്ങിയ സ്‌കൂട്ടറുകൾ മാത്രം 85 മോഡലുണ്ട്. ‘ആഗസ്റ്റ് മോട്ടോ’ എന്നാണ് ശേഖരത്തിന് പേര്.

ഏഴ് കൊല്ലമായി തുടങ്ങിയിട്ട്. അതിനായി കുറേ അലഞ്ഞു. ആക്രിക്കച്ചവടക്കാരിൽ നിന്നുവരെ വണ്ടികൾ വാങ്ങി. ഓംനി വാനിൽ വീട്ടിലെത്തിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണെങ്കിൽ ട്രെയിനിൽ കൊണ്ടുവരും. വണ്ടികൾ വാങ്ങാനും എത്തിക്കാനും അറ്റകുറ്റപ്പണിക്കും സ്പെയർ പാർട്സിനുമൊക്കെയായി 35ലക്ഷത്തോളം രൂപ ചെലവിട്ടു. അറ്റകുറ്റപ്പണി നടത്തി വിൽക്കുന്നുമുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നെല്ലാം വാഹനങ്ങൾ എത്തും. ആക്രി വ്യാപാരികളും എത്തിക്കും. റോക്കിയുടെ ഇൻസ്റ്റഗ്രാമിലൂടെയും ഓഫറുകൾ വരും. കംബോഡിയയിലാണ് റോക്കിയും കുടുംബവും. എം.ബി.എ ബിരുദധാരിയായ റോക്കി അവിടെ പ്ലാന്ററാണ്. മഞ്ഞൾ കൃഷിയാണ് പ്രധാനം. ബന്ധുക്കളായ ജോമിനും ആഷിക്കുമാണ് വണ്ടി ശേഖരം നോക്കി നടത്തുന്നത്.

1955ലെ ആക്മ 125 മുതൽ

1955യിൽ ഇറങ്ങിയ വെസ്‌പ ആക്മ 125 ആണ് ഏറ്റവും പഴക്കമുള്ളത്. ബജാജ്, ലാംബി, ഗവർണർ 150, എൽ.എം.എൽ സുപ്രിമോ, സെലക്‌ട്, 150 എൻ.വി, ടി 5, വെസ്പ സ്‌മാർട്, വെസ്‌പ സ്‌മോൾ ഫ്രെയിം, പൾസ് 125 സെൻസേഷൻ, പി.എൽ 170, വെസ്പ എക്‌സി തുടങ്ങിയ മോഡലുകളുമുണ്ട്.

പഴയ എൻഫീൽഡ് ഫ്യൂറി, മിനി ബുള്ളറ്റ്, ക്രുസേഡർ, മോഫ മോപ്പഡ്, ഇ.എ 200, ബജാജ് 12 വോൾട്ട്, ക്ലാസിക്, ലെജൻഡ്, സ്ലൈഡ്, സണ്ണി, സണ്ണി സിപ്, കൈനറ്റിക് ഹോണ്ട ഡി.എക്‌സ് 6, കൈനറ്റിക് വൈ 2കെ അങ്ങനെ തൊണ്ണൂറുകളിലെ രാജാക്കന്മാരും ഉണ്ട്. ചിലതിന്റെ സ്‌പെയർ പാർട്‌സുകൾ ലഭ്യമല്ല.

ഇനി പഴഞ്ചൻ കാറുകൾ

ഫിയറ്റിന്റെ പ്രസിഡന്റ് 71,1989 മോഡൽ 118 എൻ ഇ, യൂനൊ എന്നിവ ശേഖരത്തിലുണ്ട്. കൂടുതൽ കാറുകൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ്.


Source link

Related Articles

Back to top button