ബലാബലത്തിൽ പാലക്കാട്
പാലക്കാട്: അനുദിനം പൊട്ടിത്തെറികളും വിവാദങ്ങളും… പാലക്കാട്ടെ പോരാട്ടച്ചൂടിൽ മുന്നണികൾ വിയർത്തൊലിക്കുകയാണ്. സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരമാണ് മണ്ഡലത്തിൽ നടക്കുന്നത്. വോട്ടെടുപ്പ് തീയതി മാറ്റിയെങ്കിലും മൂന്നുമുന്നണികളും ഒരുപോലെ തയ്യാറെടുപ്പിലാണ്.
തുടർച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് യു.ഡി.എഫ് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കളത്തിലിറക്കിയിരിക്കുന്നത്. 2006ൽ കൈവിട്ട സീറ്റ്, കോൺഗ്രസ് പാളയത്തുനിന്നെത്തിയ ഡോ. പി.സരിനിലൂടെ തിരിച്ചുപിടിക്കാനാണ് സി.പി.എം ശ്രമം. ത്രികോണപ്പോര് ഉറപ്പിക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറിനെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. ശക്തമായ അടിയൊഴുക്കുള്ള മണ്ഡലത്തിൽ ചോർച്ചയടയ്ക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ പെടാപ്പാടുപെടുകയാണ്.
പാലക്കാട് നഗരസഭയും കണ്ണാടി, പിരായിരി, മാത്തൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പാലക്കാട് നിയമസഭാ മണ്ഡലം. കഴിഞ്ഞ രണ്ട് ടേമായി നഗരസഭ ഭരിക്കുന്നത് ബി.ജെ.പിയാണ്. പിരായിരി, മാത്തൂർ പഞ്ചായത്തുകൾ യു.ഡി.എഫും കണ്ണാടി എൽ.ഡി.എഫും ഭരിക്കുന്നു.
കൊഴിഞ്ഞുപോക്കിൽ
കുഴഞ്ഞ് യു.ഡി.എഫ്
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച പൊട്ടിത്തെറിയുടെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ലെന്നത് യു.ഡി.എഫ് നേതൃത്വത്തെ വലയ്ക്കുന്നുണ്ട്. നേതാക്കളുടെയും പ്രവർത്തകരുടെയും കൊഴിഞ്ഞുപോക്ക് പാർട്ടിക്ക് തലവേദനയായി മാറിക്കഴിഞ്ഞു. കോൺഗ്രസിനകത്തെ പവർഗ്രൂപ്പിനെ വിമർശിച്ചാണ് സകലരും പാർട്ടി വിടുന്നത്. കഴിഞ്ഞതവണ 12,815 വോട്ടുകൾ ലഭിച്ച പിരായിരിയിൽ അണികൾക്കും മണ്ഡലം ഭാരവാഹികൾക്കും ഇടയിലെ അതൃപ്തി യു.ഡി.എഫിന് തിരിച്ചടിയാകും. ഇതുകൂടാതെയാണ് ഡി.സി.സിയുടെ കത്ത് വിവാദവും പുറത്തുവന്നത്. കഴിഞ്ഞ ദിവസത്തെ ഹസ്തദാന വിവാദത്തിലും പാർട്ടി പ്രതിരോധത്തിലാണ്. തൃക്കാക്കര, പുതുപ്പള്ളി മോഡലിൽ പ്രതിപക്ഷ നേതാവും മറ്റ് എം.എൽ.എമാരും എം.പിമാരും ഒറ്റക്കെട്ടായി രാഹുലിന്റെ വിജയത്തിനായി രംഗത്തുണ്ടെന്നതാണ് പ്രതീക്ഷ.
ഭിന്നതയിൽ
കണ്ണുതള്ളി ബി.ജെ.പി
രണ്ടുമാസം മുമ്പേ തിരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ച ബി.ജെ.പിയിൽ ഭിന്നത മറനീക്കി പുറത്തുവന്നത് നേതാക്കളെയും പ്രവർത്തകരെയും ഞെട്ടിച്ചു. നേതൃത്വം സി.കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ നീക്കം തുടങ്ങിയതുമുതൽ പാർട്ടിയിലെ മുറുമുറുപ്പ് പരസ്യമായിത്തുടങ്ങി. കൃഷ്ണകുമാർ പക്ഷവും ശോഭാസുരേന്ദ്രൻ പക്ഷവും രണ്ടുതട്ടിലാണ്. അപമാനിതനായ ഇടത്തേക്ക് ഇനിയില്ലെന്ന നിലപാടുമായി സന്ദീപ് വാര്യർ കൂടി എത്തിയതോടെ ബി.ജെ.പി വെട്ടിലായി. കെ.സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾക്കു ശേഷം സമൂഹമാദ്ധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ളയാളാണ് സന്ദീപ്. ഇതുകൂടാതെ നഗരത്തിലെ പ്രബല സമുദായത്തിനും സി.കൃഷ്ണകുമാറിനോട് അതൃപ്തിയുണ്ട്. പാർട്ടി വോട്ടുകൾ ചോരാതിരിക്കാൻ ആർ.എസ്.എസ് ബൂത്ത് തലത്തിൽ പ്രവർത്തനം ഏറ്റെടുത്തുകഴിഞ്ഞു.
ചിഹ്നമില്ലാതെ
സി.പി.എം
കോൺഗ്രസിൽ നിന്ന് ഇടതുപാളയത്തിലെത്തിയ പി.സരിനെ മത്സരിപ്പിച്ചതും പാർട്ടി ചിഹ്നമില്ലാത്തതും ഇടതു മുന്നണിക്ക് തലവേദനയാണ്. ഇമ്പച്ചിബാവയുടെ പൈതൃകമുള്ള സി.പി.എം സ്ഥാനാർത്ഥിയെ ഡെമ്മിയായി അവതരിപ്പിച്ചതിലും അണികൾക്കിടയിൽ മുറുമുറുപ്പുണ്ട്. പി.സരിന് പരമ്പരാഗത കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാക്കാനാകുമെന്നാണ് ഇടത് ക്യാമ്പിന്റെ പ്രതീക്ഷ. പിരായിരിയിൽ ഉൾപ്പെടെ വോട്ടിൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നും കണക്കുകൂട്ടുന്നു. കോൺഗ്രസ് വിട്ടവരെ സി.പി.എം സ്വീകരിക്കുന്നതും അതിനാലാണ്. സരിന്റെ ഹൈ പ്രൊഫൈൽ നിഷ്പക്ഷ വോട്ടർമാരിലും സ്വാധീനമുണ്ടാക്കുമെന്ന് പാർട്ടി വിലയിരുത്തുന്നു.
2021ലെ വോട്ടുനില
ഷാഫി പറമ്പിൽ (യു.ഡി.എഫ്)- 54,079
ഇ.ശ്രീധരൻ (എൻ.ഡി.എ)- 50,220
സി.പി.പ്രമോദ് (എൽ.ഡി.എഫ്)- 36,433
ഭൂരിപക്ഷം- 3,859
Source link