KERALAM

ഷാരോൺ വധക്കേസ്: വിഷം നൽകിയതിന് നിർണായക തെളിവ്

നെയ്യാറ്റിൻകര: പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവ് ലഭിച്ചു. 2022ൽ ഗ്രീഷ്മ ‘പാരാക്വാന്റ്’ എന്ന കളനാശിനി മനുഷ്യ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് വെബ്സൈറ്റിൽ സെർച്ച് ചെയ്ത് മനസിലാക്കിയിരുന്നു.ഇത് തെളിയിക്കുന്ന മൊഴിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ മേധാവി ഡോ.അരുണ ഇന്നലെ കോടതിയെ അറിയിച്ചത്.15 എം.എൽ വിഷം ഉള്ളിൽ ചെന്നാൽ മരണം സുനിശ്ചിതമാണെന്നും മറുമരുന്നില്ലാത്ത വിഷമാണിതെന്നും ഡോ.അരുണ ചൂണ്ടിക്കാട്ടി.

2022 ഓഗസ്റ്റിൽ അമിത അളവിൽ പാരസെറ്റമോൾ കലർത്തി ജ്യൂസ് ചലഞ്ച് നടത്തി ഷാരോണിനെ കുടിപ്പിച്ചിരുന്നു. എന്നാൽ കൈയ്പു കാരണം ഷാരോൺ അത് തുപ്പിക്കളഞ്ഞു.അമിതമായ അളവിൽ പാരസെറ്റമോൾ മനുഷ്യ ശരീരത്തിൽ വരുത്തുന്ന ആഘാതങ്ങളെക്കുറിച്ചും ഗ്രീഷ്മ വെബ്സൈറ്റിലൂടെ മനസിലാക്കിയിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷൻ ഡിസീസ് വിഭാഗം മേധാവി ഡോ.ആ‌ർ.അരവിന്ദും ഫോറൻസിക് വിഭാഗം പൊലീസ് സർജനായ ഡോ.ജെയ്മി ആനന്ദനും സമാനമായ മൊഴിയാണ് നൽകിയത്.ഇവയും നെയ്യാറ്റിൻകര അഡീഷണൽ സെക്ഷൻ ജഡ്ജി എ.എം ബഷീർ രേഖപ്പെടുത്തി.

തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ ഷാരോണിന്റെയും ഗ്രീഷ്മയുടെയും മൊബൈൽ ഫോണുകളിൽ നിന്ന് ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തിട്ടുണ്ട്. കിഫ്ബിയിൽ എൽ.എ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായ തഹസിൽദാർ നൗഷാദിന്റെ സാന്നിദ്ധ്യത്തിലാണ് വീഡിയോകളും ഫോട്ടോകളും ഫോണിൽ നിന്ന് ഡിജിറ്റൽ തെളിവുകളായി കണ്ടെടുത്തത്.തുടർ വിചാരണയ്ക്കായി കേസ് 2024 നവംബർ 6ലേക്ക് മാറ്റി.പ്രോസിക്യൂഷനു വേണ്ടി വി.എസ്.വിനീത് കുമാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ,അഡ്വ.അൽഫാസ് മഠത്തിൽ,അഡ്വ.നവനീത് കുമാർ വി.എസ് എന്നിവർ ഹാജരായി.


Source link

Related Articles

Back to top button