വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മുള്ളുവേലി കെട്ടി, കലാപം നേരിടാൻ വരെ സജ്ജരായി പൊലീസ്, അമേരിക്ക നാളെ വിധിയെഴുതും
വാഷിംഗ്ടൺ: രണ്ടാം വട്ടവും ട്രംപ് മടങ്ങിവരുമോ? അതോ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രസിഡന്റാകുമോ? അതും ഇന്ത്യൻ വംശജ. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലോകമാകെ ഉറ്റുനോക്കുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്. 47-ാമത് അമേരിക്കൻ പ്രസിഡന്റ് ആരാകും എന്നത് തീരുമാനിക്കുക അമേരിക്കയിലെ സ്വിംഗ് സ്റ്റേറ്റുകൾ എന്ന് വിളിക്കുന്ന സംസ്ഥാനങ്ങളാണ്. ഇരുപക്ഷത്തിനും കൃത്യമായ ഭൂരിപക്ഷം പറയാനാകാത്ത സംസ്ഥാനങ്ങളാണിവ. ഈ സംസ്ഥാനങ്ങളിൽ 93 ഇലക്ടറൽ കോളേജ് വോട്ടുകളാണുള്ളത്. പ്രസിഡന്റാവാൻ വേണ്ടത് 270 ഇലക്ടറൽ കോളേജ് വോട്ടുകളാണ്.
സ്വിംഗിംഗ് സ്റ്റേറ്റ്സ് എന്നുവിളിക്കുന്ന ഏഴ് സംസ്ഥാനങ്ങളിൽ ഇത്തവണ ട്രംപിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് സർവെകൾ നൽകുന്ന സൂചന. കഴിഞ്ഞതവണ നോർത്ത് കാരലിനയിൽ മാത്രമാണ് ട്രംപ് വിജയിച്ചത്. മിഷിഗണിലും പെൻസിൽവേനിയയിലും മാത്രമാണ് ബൈഡന് മികച്ച ഭൂരിപക്ഷം കിട്ടിയത്. അരിസോണയിലും ജോർജിയയിലും 12,000ത്തിൽ താഴെയായിരുന്നു ഭൂരിപക്ഷം.
തിരഞ്ഞെടുപ്പിന് ശേഷം കുഴപ്പങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് തന്നെയാണ് കണക്കുകൂട്ടൽ. ഉദ്യോഗസ്ഥർ കലാപം വരെ നേരിടാൻ തയ്യാറായിക്കഴിഞ്ഞു. ഫിലാഡൽഫിയയിൽ വോട്ടെണ്ണൽ കേന്ദ്രത്തിന് ചുറ്റും മുള്ളുവേലി സ്ഥാപിച്ചാണ് സുരക്ഷ ഒരുക്കിയത്. ഡിട്രോയിറ്റ്, അറ്റ്ലാന്റ എന്നിവിടങ്ങളിൽ വോട്ടെണ്ണൽ കേന്ദ്രത്തിൽ ബുള്ളറ്റ് പ്രൂഫ് ഗ്ളാസ് ഘടിപ്പിച്ചു. ഡിജിറ്റൽ ഭീഷണികളെ വരെ നേരിടാൻ ഇവിടങ്ങളിൽ തയ്യാറാണ്.
ഗാസ വിഷയം, പശ്ചിമേഷ്യൻ സംഘർഷം, മെക്സികോ വഴിയുള്ള അധിനിവേശ പ്രശ്നങ്ങൾ, കറുത്ത വർഗക്കാർ നേരിടുന്ന കുഴപ്പങ്ങൾ തുടങ്ങി ഇത്തവണ തിരഞ്ഞെടുപ്പിന് അന്താരാഷ്ട്ര മാനം നൽകുന്ന വിഷയങ്ങൾ സജീവമാണ്. മെക്സിക്കോയുമായി അതിർത്തി പങ്കിടുന്ന അരിസോണയിൽ കുടിയേറ്റം നിർണായക വിഷയമാണ്. കുടിയേറ്റ വിരുദ്ധനയമുള്ള ട്രംപിന് ഇവിടെ മുൻതൂക്കമുണ്ടെന്നാണ് സർവേ ഫലം.
കറുത്ത വർഗ്ഗക്കാർ ഏറെയുള്ള ജോർജിയയിൽ കഴിഞ്ഞ തവണ ബൈഡന്റെ വിജയം അട്ടിമറിക്കാൻ ശ്രമിച്ചതിന് ട്രംപിനെതിരെ നാല് കേസുണ്ട്. ഒന്നിൽ ശിക്ഷിക്കുകയും ചെയ്തു. അറബ് വംശജർ ഏറെയുള്ള മിഷിഗണിൽ ഗാസ യുദ്ധത്തിലെ യു.എസ് നിലപാട് മുഖ്യ വിഷയമാണ്. റഷ്യയടക്കം വിദേശരാജ്യങ്ങൾ ലോക രാഷ്ട്രീയത്തെ സ്വാധീനിക്കുന്നതിനാൽ അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഇടപെടുമെന്ന് കരുതപ്പെടുന്നുണ്ട്. സൈബർ സുരക്ഷയടക്കം ഇതിനാൽ വർദ്ധിപ്പിച്ചിട്ടുണ്ട്.
ജനസമ്മതിയിൽ ഇരുവരും വിവിധ വിഭാഗങ്ങളുടെ ശക്തമായ പിന്തുണയുള്ളവരാണ്. പ്രത്യേകിച്ച് വെള്ളക്കാരായ അമേരിക്കക്കാരുടെ ശക്തമായ പിന്തുണ ട്രംപിനുണ്ട്. അതിനാൽ തന്നെ ഇത്തവണ തിരഞ്ഞെടുപ്പ് കമലയ്ക്കും ട്രംപിനും ഏറെ നിർണായകമായി മാറുന്നു
Source link