എട്ടുവർഷത്തിനിടെ രണ്ടര ഇരട്ടിയിലേറെ വളർച്ച, 25 ലക്ഷം ടണ്ണെന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ കേരളം
കൊച്ചി: മലയാളികൾക്ക് കൃഷിയോടുള്ള താത്പര്യക്കുറവ് മാറിയതോടെ സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം ഉയർന്നു. 2015-16ലെ 6.28 ലക്ഷം ടണ്ണിൽ നിന്ന് 2023-24ൽ 17.21 ലക്ഷം ടണ്ണായാണ് വർദ്ധന. എട്ടു വർഷത്തിനിടെ രണ്ടര ഇരട്ടിയിലേറെ വളർച്ച.
ഉത്പാദനം 25 ലക്ഷം ടണ്ണാക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞത്തിന് അടുത്തിടെ സർക്കാർ അന്തിമരൂപം നൽകിയിരുന്നു, കൃഷി വകുപ്പിന് പുറമേ മറ്റ് വകുപ്പുകൾക്കും ചുമതലകൾ വിഭജിച്ച് നൽകിയാണ് പ്രവർത്തനം.
സംസ്ഥാനത്ത് 1.15 ലക്ഷം ഹെക്ടറിൽ പച്ചക്കറിക്കൃഷിയുണ്ട്. ഈ സാമ്പത്തിക വർഷം 1231 ഹെക്ടറിൽ കൂടി വ്യാപിപ്പിക്കും. വീട്ടുവളപ്പിലെ കൃഷിത്തോട്ടങ്ങളും ഉത്പാദനം ഉയരാനൊരു കാരണമാണ്.
സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞത്തിന്റെ ഭാഗമായി തൈകളും വിത്തും കൃഷി വകുപ്പ് നൽകും. കൃഷി കൂട്ടായ്മകൾ ആരംഭിക്കും. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മസേന, ശുചിത്വമിഷൻ, ആശാ വർക്കർമാർ, അങ്കണവാടി വർക്കർമാർ, റെസിഡന്റ്‌സ് അസോസിയേഷൻ, വിദ്യാർത്ഥികൾ, യുവജന ക്ലബ് തുടങ്ങിയവരെ പദ്ധതിയുടെ ഭാഗമാക്കും. വിപണനത്തിന് പ്രത്യേക സംവിധാനമൊരുക്കും.
വേണ്ടത് 32 ടൺ
പ്രതിവർഷം 32 ലക്ഷം ടൺ പച്ചക്കറി കേരളത്തിന് ആവശ്യമുണ്ട്. സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവയ്‌ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരും. ശേഷിച്ചവയിലെ സ്വയംപര്യാപ്തതയാണ് ലക്ഷ്യം.
പച്ചക്കറി ഉത്പാദന യജ്ഞത്തിന് കൃഷി വകുപ്പ് 60.48 കോടി, വി.എഫ്.പി.സി.കെ 18 കോടി, ഹോട്ടികൾച്ചർ മിഷൻ 15.54 കോടി, ത്രിതല പഞ്ചായത്തുകൾ 30.65 കോടി എന്നിങ്ങനെയാണ് നീക്കിവച്ചിട്ടുള്ളത്.
വിജയകരമായ പദ്ധതികൾ
പച്ചക്കറി വികസന പദ്ധതി
പോഷക സമൃദ്ധി മിഷൻ
കൃഷി സമൃദ്ധി പദ്ധതി
സങ്കരയിനം വിത്തുത്പാദനം
ജൈവപച്ചക്കറി പ്രോത്സാഹനം
വർഷം – ഉത്പാദനം (ലക്ഷം ടണ്ണിൽ)
2015-16 -6.28
2016-17- 7.25
2017-18-10.01
2018-19 -12.12
2019-20- 14.93
2020-21 -15.7
2021-22 -16.01
2022-23 – 17.1
2023-24- 17.21
Source link