നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു, ആകെ മരണം മൂന്നായി
നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കരിന്തളം കൊല്ലമ്പാറ സ്വദേശി കെ ബിജു (38) ആണ് മരിച്ചത്. വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാത്രിയോടെയായിരുന്നു മരണം. ശരീരത്തിന്റെ 50 ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഡ്രെെവറായി ജോലി ചെയ്യുകയായിരുന്നു ബിജു. ഇതോടെ അപകടത്തിൽ ആകെ മരിച്ചവരുടെ എണ്ണം മൂന്നായി.
അപകടത്തിൽ 60 ശതമാനത്തിലധികം പൊള്ളലേറ്റ് കോഴിക്കോട് മിംസിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രതീഷ് (32) ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയിരുന്നു. പരേതനായ അമ്പൂഞ്ഞി – ജാനകി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: കാഞ്ചന, രാഗിണി.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂർ റോഡ് സ്വദേശി സന്ദീപ് (38) ശനിയാഴ്ച മരിച്ചിരുന്നു. മരണപ്പെട്ട സന്ദീപും രതീഷും അടുത്ത സുഹൃത്തുകളും അടുത്തടുത്ത വീട്ടുകാരുമാണ്. കോഴിക്കോട് മിംസിൽ ചികിത്സയിലുള്ള ബിജുവും മംഗളൂരു എ.ജെ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലുള്ള ലിനേഷും മരണപ്പെട്ട സന്ദീപും രതീഷും ഒന്നിച്ചാണ് ഉത്സവത്തിന് പോയത്. നാട്ടിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു ഇവർ.
Source link