KERALAM

ശബരിമല മണ്ഡല- മകരവിളക്ക് തീർത്ഥാടനം: തിരക്കേറിയാൽ കൂടുതൽ സ്‌പോട്ട് ബുക്കിംഗ് ഒരുക്കും

കോട്ടയം: ശബരിമലയിൽ മണ്ഡല – മകരവിളക്ക് സീസണിൽ തിരക്കേറിയാൽ കൂടുതൽ സ്‌പോട്ട് ബുക്കിംഗ് അനുവദിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പത്രസമ്മേളനത്തിൽ പറഞ്ഞു. വെർച്വൽ ബുക്കിംഗിനൊപ്പം പമ്പ, എരുമേലി, നിലയ്ക്കൽ എന്നിവിടങ്ങളിലാണ് സ്‌പോട്ട് ബുക്കിംഗ് സൗകര്യമുള്ളത്. തീർത്ഥാടകർക്ക് ദേവസ്വം ബോർഡിന്റെ അഞ്ചുലക്ഷം രൂപയുടെ സൗജന്യ ഇൻഷ്വറൻസ് കവറേജിന് പുറമെ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാനും സംവിധാനമൊരുക്കും.

റോഡുകളുടെ അറ്റകുറ്റപ്പണി 10 നകം പൂർത്തിയാക്കും. നിലയ്ക്കൽ, സന്നിധാനം, കോട്ടയം മെഡിക്കൽ കോളേജ്, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി എന്നിവടങ്ങളിൽ വിപുലമായ സൗകര്യമൊരുക്കും. പാമ്പുകടിയേൽക്കുന്നവർക്ക് ആന്റിവെനം ലഭ്യമാക്കും. ന്യൂറോസർജൻ രാംനാരായണന്റെ നേതൃത്വത്തിൽ നൂറിലേറെ ഡോക്ടർമാരുടെ ‘ഡിവോവോട്ടീസ് ഒഫ് ഡോക്ടേഴ്സ്” സേവനം ലഭ്യമാക്കും. വൃശ്ചികം ഒന്നിന് 40 ലക്ഷം കണ്ടെയ്‌നർ അരവണ ബഫർ സ്റ്റോക്കുണ്ടാകും.

മരക്കൂട്ടം മുതൽ സന്നിധാനം വരെ 1000 സ്റ്റീൽ കസേരകൾ സ്ഥാപിക്കും. കുടിവെള്ളം, ഇ-ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കും. നിലയ്ക്കലിൽ 1045, പമ്പയിൽ 580, സന്നിധാനത്ത് 1005 ടോയ്‌ലെറ്റുകളൊരുക്കും. 20 ലക്ഷത്തിലേറെ ഭക്തർക്ക് സന്നിധാനത്ത് അന്നദാനം ഒരുക്കും. നിലയ്ക്കലിൽ 10,000 വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കും. കോടതി അനുമതിയോടെ പമ്പ ഹിൽടോപ്പ്,​ ചക്കുപാലം എന്നിവിടങ്ങളിൽ പാർക്കിംഗ് ക്രമീകരണം ഒരുക്കാൻ ശ്രമിക്കും. എരുമേലിയിൽ ആറര ഏക്കർ കൂടി പാർക്കിംഗിനായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം വകുപ്പ് അഡിഷണൽ സെക്രട്ടറി ടി.ആർ. ജയപാൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

സുരക്ഷയ്‌ക്ക് 13,600 പൊലീസ്

 കാനനപാതയിൽ പാമ്പു പിടിത്തക്കാരുടെ സേവനം

 2500 ആപ്തമിത്ര വോളണ്ടിയർമാരുടെ സേവനം

 കാനനപാതയിൽ വനംവകുപ്പിന്റെ 132 സേവനകേന്ദ്രം

1500 എക്കോ ഗാർഡുകൾ, 1000 വിശുദ്ധി സേനാംഗങ്ങൾ

 മോട്ടോർ വാഹനവകുപ്പിന്റെ 20 സ്‌ക്വാഡുകൾ

 മൂന്നു കൺട്രോൾ റൂമുകൾ

90 റവന്യു ജീവനക്കാരെ നിയോഗിക്കും

 കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾ പമ്പ വരെ

 ഭക്ഷ്യസുരക്ഷാ-ലീഗൽ മെട്രോളജി പരിശോധന

 മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കും

 ബി.എസ്.എൻ.എല്ലിന്റെ 22 ടവറുകൾ

 കുളിക്കടവുകളിൽ സുരക്ഷാവേലി നിർമ്മിക്കും


Source link

Related Articles

Back to top button