ഗൾഫിലെ വൻകിട സൂപ്പർമാർക്കറ്റുകൾ ലക്ഷ്യമാക്കി പറന്ന വിമാനങ്ങൾ, കരിപ്പൂരിൽ നിന്നുള്ള ചരക്ക് കടത്തിന് ഇപ്പോൾ സംഭവിച്ചത്?
മലബാർ മേഖലയിലെ നിരവധിയാളുകൾ വിദേശരാജ്യങ്ങളിലേക്ക് ഉൾപ്പെടെ പോകാൻ ആശ്രയിക്കുന്നത് കരിപ്പൂർ വിമാനത്താവളത്തെയാണ്. എന്നാൽ കരിപ്പൂരിന്റെ വികസനം റൺവേ വികസന പദ്ധതികൾ പൂർത്തിയാത്തത് കനത്ത വെല്ലുവിളിയാണ്. കരിപ്പൂർ വിമാനത്താവളം റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വികസിപ്പിക്കാൻ മണ്ണെടുക്കുന്നതിനുള്ള ജിയോളജി വകുപ്പിന്റെ അനുമതി നീളുന്നത് കരിപ്പൂരിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുകയാണ്. 2020 ആഗസ്റ്റിലുണ്ടായ കരിപ്പൂർ വിമാന ദുരന്തം അന്വേഷിച്ച വിദഗ്ദ്ധ സമിതി, റെസയുടെ നീളം 90ൽ നിന്ന് 240 മീറ്ററായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ടേബിൾ ടോപ്പ് റൺവേയെ ഇത് കൂടുതൽ സുരക്ഷിതമാക്കും. നിലവിൽ 2,860 മീറ്ററാണ് കരിപ്പൂരിലെ റൺവേയുടെ നീളം. 3,160 മീറ്ററായാണ് വർദ്ധിപ്പിക്കേണ്ടത്. റിസ വികസിപ്പിക്കാൻ ഒരുവർഷം മുമ്പ് 14.5 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഏറ്റെടുത്ത ഭൂമിയിലെ വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കിയിട്ടുമുണ്ട്. പക്ഷേ മണ്ണെടുക്കുന്നതിനുള്ള ജിയോളജി വകുപ്പിന്റെ പാരിസ്ഥിതികാനുമതി നീണ്ടതോടെ തുടർനിർമ്മാണ പ്രവൃത്തികൾ നിലച്ചു. ടേബിൾ ടോപ്പ് റൺവേയുള്ള കരിപ്പൂരിൽ റിസ വികസനം സാദ്ധ്യമാകണമെങ്കിൽ ഏറ്റെടുത്ത ഭൂമിയിൽ വലിയതോതിൽ മണ്ണിട്ട് ഉയർത്തേണ്ടതുണ്ട്. 35 ലക്ഷത്തിലധികം ക്യൂബിക്ക് മീറ്റർ മണ്ണാണ് റെസ വികസനത്തിന് ആവശ്യമായി വരുന്നത്.
റെസ വികസിപ്പിക്കാൻ ഭൂമിയേറ്റെടുത്ത് നൽകിയിട്ടില്ലെങ്കിൽ റൺവേയുടെ നീളം 2,540 മീറ്ററായി വെട്ടിക്കുറയ്ക്കുമെന്ന് വ്യോമയാന വകുപ്പ് സംസ്ഥാന സർക്കാരിന് മുന്നറിപ്പ് നൽകിയിരുന്നു. ഇതോടെ വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താനാവില്ല. പിന്നാലെ മികച്ച നഷ്ടപരിഹാരം നൽകി ഭൂമിയേറ്റെടുക്കലിന് സംസ്ഥാന സർക്കാർ വേഗം കൂട്ടി. 98 ഭൂവുടമകളിൽ നിന്നായി 14.5 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. പള്ളിക്കൽ വില്ലേജിൽ നിന്ന് ഏഴേക്കറും നെടിയിരുപ്പിൽ നിന്ന് ഏഴരയേക്കറും ഏറ്റെടുത്തു. കരിപ്പൂരിന്റെ വികസനത്തിനായി പത്തിലേറെ തവണ ഭൂമി വിട്ടുകൊടുത്ത നാട്ടുകാരുടെ മനോവികാരം ഉൾക്കൊണ്ടാണ് നഷ്ടപരിഹാരം സംബന്ധിച്ച സ്പെഷ്യൽ പാക്കേജിന് സംസ്ഥാന സർക്കാർ രൂപമേകിയത്.
എവിടെ അനുമതി
റെസ വികസനത്തിന് മണ്ണെടുക്കാൻ എയർപോർട്ട് അതോറിറ്റി 75 സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും 16 ഇടങ്ങളിൽ മാത്രമാണ് സ്റ്റേറ്റ് എൻവിറോൺമെന്റൽ ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. ഇവയുടെ ലിസ്റ്റ് ഒരുമാസം മുമ്പ് ജില്ലാ ജിയോളജി വകുപ്പിന് കൈമാറിയിട്ടുണ്ട്.
കൊണ്ടോട്ടി, മൊറയൂർ, കുഴിമണ്ണ, പുൽപ്പറ്റ, വാഴക്കാട്, ചീക്കോട്, പൂക്കൊളത്തൂർ, മുതുവല്ലൂർ, പൂക്കോട്ടൂർ, ചെറുകാവ്, പുളിക്കൽ, വിളയിൽ, മുണ്ടക്കൽ, ഓമാനൂർ, കക്കാട്, ചെറുവായൂർ എന്നിവിടങ്ങളാണ് മണ്ണെടുക്കാനുള്ള ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.
ജിയോളജി വകുപ്പ് അധികൃതർ സ്ഥലത്തെത്തി പാരിസ്ഥിതിക പ്രശ്നങ്ങൾക്കുള്ള സാദ്ധ്യതയും എൻവിറോൺമെന്റൽ ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റിയിൽ നിന്ന് ലഭിച്ച രേഖകൾ കൃത്യമാണോ എന്നതും പരിശോധിക്കും. മണ്ണെടുക്കുന്ന സ്ഥലത്തിന് 50 മീറ്റർ ദൂരപരിധിയിലുള്ളവരുടെ സമ്മതവും ആവശ്യമാണ്. ഈ നടപടിക്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നാണ് ജിയോളജി വകുപ്പ് അധികൃതർ പറയുന്നത്. പാരിസ്ഥിതികാനുമതി വൈകിയാൽ 2025ൽ റെസ നിർമ്മാണം പൂർത്തീകരിക്കാനാവില്ല എന്നതാണ് ആശങ്ക.
കിതച്ച് ചരക്കുഗതാഗതം
വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കോടെ കരിപ്പൂരിൽ നിന്ന് ഗൾഫിലേക്കുള്ള ചരക്ക് കടത്ത് വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. റൺവേ അറ്റകുറ്റപ്പണിയുടെ പേരിൽ 2015ലാണ് വലിയ വിമാനങ്ങളുടെ സർവീസ് പിൻവലിച്ചത്. 2020 ആഗസ്റ്റിലെ വിമാന ദുരന്തത്തോടെ റൺവേ നവീകരണം പൂർത്തിയാക്കാതെ വലിയ വിമാനങ്ങൾക്ക് സർവീസ് അനുമതി നൽകില്ലെന്ന ഉറച്ച തീരുമാനവും കേന്ദ്രസർക്കാർ കൈക്കൊണ്ടു. ദിവസവും 5,000 ടൺ ചരക്ക് കയറ്റി അയച്ചിരുന്നെങ്കിൽ കരിപ്പൂരിൽ ഇപ്പോൾ 3,000ത്തോളം ടൺ മാത്രമാണ് കയറ്റുമതി. വലിയ വിമാനത്തിൽ 370 ടൺ വരെ ചരക്ക് കയറ്റാം. എന്നാൽ ഇടത്തരം വിമാനത്തിൽ പരമാവധി 78 ടൺ വരെ ചരക്ക് മാത്രമേ കയറ്റാൻ കഴിയൂ. കരിപ്പൂരിൽ നിന്ന് കയറ്റി അയയ്ക്കുന്നവയിൽ 90 ശതമാനവും പച്ചക്കറിയാണ്. ഗൾഫിലെ വൻകിട സൂപ്പർമാർക്കറ്റുകളിലേക്കാണ് പച്ചക്കറികൾ ഏറെയും കൊണ്ടുപോവുന്നത്.
കരിപ്പൂരിൽ നിന്ന് പ്രധാനമായും പച്ചക്കായ, കറിവേപ്പില, മുരിങ്ങക്കായ, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവയാണ് കയറ്റി അയച്ചിരുന്നത്. വലിയ വിമാനങ്ങളിൽ ചരക്കുകൾ കയറ്റി അയച്ചിരുന്ന സമയത്ത് പ്രാദേശിക കർഷകർക്ക് മികച്ച വിലയും ഉത്പന്നങ്ങൾക്ക് സ്ഥിരമായ വിപണിയും ഉറപ്പാക്കാൻ കഴിഞ്ഞിരുന്നു.
Source link