കേരളത്തിനായി അന്യസംസ്ഥാനത്ത് കൽക്കരിനിലയം: മുഖ്യമന്ത്രി
ഇടുക്കി: വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കേരളത്തിന് മാത്രമായി അന്യസംസ്ഥാനത്ത് കൽക്കരി നിലയം സ്ഥാപിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാർ ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൽക്കരി സുലഭമായ സംസ്ഥാനത്ത് താപനിലയം സ്ഥാപിച്ച് വൈദ്യുതി കൊണ്ടുവരികയാണ് ലക്ഷ്യം. വൈദ്യുതി ക്ഷാമം സംബന്ധിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ച വേളയിലാണ് ഇങ്ങനെയൊരു നിർദേശം തന്നത്.
കേരളത്തിൽ സ്ഥാപിക്കാൻ പ്രയോഗിക ബുദ്ധിമുട്ടുണ്ട്. ഒന്ന് വളരെ അകലെയുള്ള കൽക്കരി ഇവിടെയെത്തിക്കാനുള്ള ചെലവ്. രണ്ട് ഇവിടെ നിലയം തുടങ്ങിയാലുണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ. എന്നാൽ, വൈദ്യുതി ഇവിടേക്ക് എത്തിക്കുന്നതിന് വലിയ പ്രയാസമുണ്ടാകില്ല. കൽക്കരിയുടെ ലഭ്യതയും മറ്റ് സൗകര്യങ്ങളും കേന്ദ്രസർക്കാർ ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായിരുന്നു.
തൊട്ടിയാറിൽ നിന്ന് 99 ദശലക്ഷം യൂണിറ്റ്
# കെ.എസ്.ഇ.ബിയുടെ 43-ാമത് ജലവൈദ്യുത പദ്ധതിയാണ് 40 മെഗാവാട്ടുള്ള തൊട്ടിയാർ. ഒന്നര പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് ഇത്രയും മെഗാവാട്ടുള്ള പദ്ധതി പൂർത്തിയാക്കുന്നത് . 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. 188 കോടി രൂപയാണ് നിർമ്മാണ ചെലവ്.
2009ൽ നിർമ്മാണം തുടങ്ങിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ നിറുത്തി വയ്ക്കേണ്ടി വന്നു. 2018ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് നിർമ്മാണം പുനരാരംഭിച്ചത്.
പ്രതിദിന ഉപഭോഗം 4500- 5000 മെഗാ വാട്ട്
സംസ്ഥാനത്ത് പ്രതിദിനം 4500- 5000 മെഗാ വാട്ട് വരെ ഇപ്പോൾ വൈദ്യുതി ഉപഭോഗമുണ്ട്. കഴിഞ്ഞ വേനൽക്കാലത്ത് ഇത് 5700 മെഗാവാട്ടിന് മുകളിൽ എത്തിയിരുന്നു. 2027ൽ ആവശ്യമായ വൈദ്യുതിയുടെ 50 ശതമാനം പുനരുപയോഗ ഊർജ്ജ സ്രോതസുകളിൽ നിന്ന് ലഭ്യമാക്കുകയാണ് ലക്ഷ്യം. 2040ൽ സമ്പൂർണ പുനരുപയോഗ ഊർജ്ജാധിഷ്ടിത സംസ്ഥാനമാക്കി മാറ്റും.
Source link