KERALAMLATEST NEWS

ശ്രേഷ്ഠ പിതാവിന് ഇന്ന് യാത്രാമൊഴി

കൊച്ചി: യാക്കോബായ സഭയുടെ ആത്മീയ ചൈതന്യവും കരുത്തുമായിരുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്‌ക്ക് വിശ്വാസിസമൂഹം ഇന്ന് യാത്രാമൊഴി നൽകും. മൂന്നു പതിറ്റാണ്ട് കർമ്മമണ്ഡലമായിരുന്ന കോതമംഗലത്ത് ഇന്നലെ അദ്ദേഹത്തിന് ആയിരങ്ങൾ ആദരാഞ്ജലിയർപ്പിച്ചു. തുടർന്ന് ഭൗതികശരീരം രാത്രി പുത്തൻകുരിശിലെ സഭാ ആസ്ഥാനത്തെത്തിച്ചു.

ഇന്നുരാവിലെ എട്ടു മുതൽ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ പൊതുദർശനം. വൈകിട്ട് മൂന്നിന് കബറടക്ക ശുശ്രൂഷകൾ തുടങ്ങും. അഞ്ചോടെ ചടങ്ങുകൾ പൂർത്തിയാകും. യാക്കോബായ സഭ ആഗോളതലവൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധികളായി അമേരിക്കൻ ആർച്ച് ബിഷപ്പ് ദിവാന്നാസിയോസ് ജോൺ കവാക് മെത്രാപ്പോലീത്ത, ഇംഗ്ളണ്ടിലെ ആർച്ച് ബിഷപ്പ് അത്താനാസിയോസ് തോമ ഡേവിഡ് മെത്രാപ്പോലീത്ത എന്നിവർ കബറടക്ക ശുശ്രൂഷകളിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവരും പങ്കെടുക്കും.

കോതമംഗലത്ത് ചെറിയപള്ളി, മർത്തമറിയം വലിയപള്ളി എന്നിവിടങ്ങളിൽ ഇന്നലെ ഭൗതികദേഹം പൊതുദർശനത്തിന് വച്ചു. ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള, എം.പിമാരായ ഡീൻ കുര്യാക്കോസ്, ബെന്നി ബഹനാൻ, മന്ത്രി സജി ചെറിയാൻ, എം.എൽ.എമാരായ ആന്റണി ജോൺ, മോൻസ് ജോസഫ്, പി.വി. ശ്രീനിജിൻ, എൽദോസ് കുന്നപ്പിള്ളി, ചാണ്ടി ഉമ്മൻ, മുൻ ചീഫ് സെക്രട്ടറി വി.പി. ജോയി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.

വൈകിട്ട് നാലോടെ പ്രത്യേക ബസിൽ ആരംഭിച്ച വിലാപയാത്ര മൂവാറ്റുപുഴ വഴി രാത്രി വൈകിയാണ് പുത്തൻകുരിശിൽ എത്തിയത്. വഴിനീളെ നൂറുകണക്കിന് വിശ്വാസികൾ അന്ത്യാഞ്ജലിയർപ്പിക്കാൻ കാത്തു നിന്നിരുന്നു.


Source link

Related Articles

Back to top button