KERALAMLATEST NEWS

വിവാഹത്തിനു നേരെ സൈബർ ആക്രമണം: തളരില്ലെന്ന് ക്രിസും ദിവ്യയും

തിരുവനന്തപുരം: ‘സമൂഹമാദ്ധ്യമങ്ങളിൽ ആർക്കും എന്തും പറയാം. മറ്റൊരാളെ കളിയാക്കുന്നവർ കാണിക്കുന്നത് അവരുടെ സംസ്‌കാരമാണ്. അത് വ്യക്തിപരമായി എടുക്കുന്നില്ല..”-ചെറുചിരിയോടെ ക്രിസ് അയ്യർ കേരളകൗമുദിയോട് പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ വൈറലും വിവാദവുമായ വിവാഹമാണ് സീരിയൽ അഭിനേതാക്കളായ ക്രിസിന്റേതും ദിവ്യ ശ്രീധറിന്റേതും. ബന്ധുക്കളെ സാക്ഷിയാക്കി ഇരുവരും ഗുരുവായൂരിൽ വിവാഹിതരായതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ മോശം കമന്റുകൾ നിറഞ്ഞു.

ക്രിസിന്റെ നരച്ച താടിയായിരുന്നു ചിലരുടെ പ്രശ്നം. ‘അപ്പൂപ്പനും കൊച്ചുമകളുമാണോ”, ‘വയസാംകാലത്ത് അടങ്ങിയൊതുങ്ങി കഴിഞ്ഞൂടെ” അങ്ങനെ പോകുന്നു വ്യക്തിഹത്യ. വ്യാജ പ്രൊഫൈലുകളിൽ നിന്നാണ് അധികം കമന്റുകളുമെത്തിയത്. എന്നാൽ ക്രിസിന് 49ഉം ദിവ്യയ്ക്ക് 43ഉം വയസുമാണെന്ന് മനസിലാക്കിയതോടെ ചിലർ ഒതുങ്ങി. അപ്പോഴും ’18നും 30നും” ഇടയിലുള്ളവർ കെട്ടിയാലെ കാണാൻ ഭംഗിയുള്ളുവെന്ന തരത്തിലുള്ള കമ്മന്റുകളുമുണ്ടായി.

നവദമ്പതികളെ ഇവരെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി. ‘പത്തരമാറ്റ് സീരിയലിൽ അഭിനയിച്ചപ്പോഴാണ് ഇരുവരും പ്രണയത്തിലായത്. ദിവ്യ കണ്ണൂർക്കാരിയും ക്രിസ് എറണാകുളം സ്വദേശിയുമാണ്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്.

കുഞ്ഞുമോൾ ആദ്യം വേദനിച്ചു

മോശം കമ്മന്റുകൾ താൻ കുഞ്ഞുമോളെന്ന് വിളിക്കുന്ന ദിവ്യയെ അസ്വസ്ഥയാക്കിയെന്ന് ക്രിസ് പറയുന്നു. അഭിനയത്തിന് പുറമേ അഭിഭാഷകനും മെന്റൽ ഹെൽത്ത് പ്രൊഫഷണലുമായ ക്രിസിന് ആളുകളുടെ മനസ് വേഗം പിടികിട്ടും. ജീവിതത്തിൽ പ്രശ്നങ്ങളുള്ളവരാണ് മറ്റുള്ളവരെ വേദനിപ്പിക്കുന്നത്. തന്നെ കളിയാക്കി സന്തോഷിക്കുന്നവർ അങ്ങനെ ചെയ്തോട്ടെ. നിയപരമായി നീങ്ങി വിലപ്പെട്ട സമയം കളയാനില്ലെന്നും ക്രിസ് കൂട്ടിച്ചേർത്തു. ഭർത്താവിന്റെ താടി തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് ദിവ്യ പറഞ്ഞു. തനിക്കില്ലാത്ത പ്രശ്നം വേറെ ആർക്കും വേണ്ടെന്നും അവർ പ്രതികരിച്ചു. ദിവ്യയുടെ ആദ്യ വിവാഹത്തിലുള്ള മക്കളായ മായാ ദേവിക്കും ദേവാനന്ദിനും നല്ലൊരു അച്ഛനെ കിട്ടിയസന്തോഷത്തിലാണ് ദിവ്യ.


Source link

Related Articles

Back to top button