കോൺഗ്രസിന് കപട വാഗ്ദാനങ്ങൾ : മോദി
ന്യൂഡൽഹി: കോൺഗ്രസ് ജനങ്ങൾക്ക് നൽകുന്നത് നടപ്പാക്കാനാത്ത വാഗ്‌ദാനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് നൽകുന്ന കപട വാഗ്ദാനങ്ങളുടെ സംസ്‌കാരത്തിനെതിരെ ജനങ്ങൾ ജാഗരൂകരാകണമെന്നും എക്‌സിൽ അദ്ദേഹം പറഞ്ഞു.
ഒരിക്കലും നടപ്പാക്കാനാവില്ലെന്ന് അറിഞ്ഞുകൊണ്ടാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ അയഥാർത്ഥമായ വാഗ്ദാനങ്ങൾ നൽകുന്നത്. ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന തുടങ്ങി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വികസന, സാമ്പത്തിക, ആരോഗ്യ മേഖലകൾ അനുദിനം വഷളാകുന്നു. അവരുടെ ഗ്യാരണ്ടികൾ പാലിക്കുന്നില്ല. ജനങ്ങളോടുള്ള വഞ്ചനയാണിത്. പാവപ്പെട്ടവരും യുവാക്കളും കർഷകരും സ്ത്രീകളുമാണ് ഇത്തരം രാഷ്ട്രീയത്തിന്റെ ഇരകൾ. വാഗ്ദാനങ്ങളിലൂടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയും ലഭിക്കുന്നവ ശുഷ്‌കമാക്കുകയും ചെയ്യുന്നു.
കോൺഗ്രസിന് വോട്ട് ചെയ്‌താൽ മോശം സാമ്പത്തികാവസ്ഥയും കൊള്ളയുമാണെന്ന തിരിച്ചറിവ് വളരുന്നു. ഹരിയാനക്കാർ ആ നുണകൾ തള്ളി സുസ്ഥിര സർക്കാരിനെ തിരഞ്ഞെടുത്തു. ജനങ്ങൾക്ക് വേണ്ടത് കോൺഗ്രസിന്റെ പാഴ്‌വാഗ്‌ദാനങ്ങളല്ല, വികസനവും പുരോഗതിയുമാണ്.
കർണാടകയിൽ, വികസനമെത്തിക്കാതെ, ഉൾപാർട്ടി രാഷ്ട്രീയത്തിലും കൊള്ളയിലുമാണ് കോൺഗ്രസിന്റെ ശ്രദ്ധ. ഹിമാചൽ പ്രദേശിൽ സർക്കാർ ജീവനക്കാർക്ക് കൃത്യമായ ശമ്പളമില്ല. തെലങ്കാനയിൽ കർഷകർ വാഗ്ദാനം ചെയ്ത ഇളവുകൾക്കായി കാത്തിരിക്കുന്നു. ഛത്തീസ്ഗഡിലും രാജസ്ഥാനിലും നൽകിയ വാഗ്‌ദാനങ്ങൾ അഞ്ചു വർഷവും നടപ്പാക്കിയില്ലെന്നും മോദി ആരോപിച്ചു.
Source link