KERALAMLATEST NEWS

കൊടകര  കുഴൽപ്പണക്കേസ്:  തുടരന്വേഷണത്തിന്  സി.പി.എം  നിർദേശം,   വെളിപ്പെടുത്തൽ ഗുരുതരം

തിരുവനന്തപുരം: കൊടകര കുഴപ്പണക്കേസിൽ തുടരന്വേഷണത്തിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പച്ചക്കൊടി. ഇന്നലെ ചേർന്ന യോഗത്തിലാണ് സർക്കാരിന് നിർദേശം നൽകിയത്.ബി.ജെ.പി തൃശൂർ ജില്ലാ ഓഫീസ് മുൻ സെക്രട്ടറി സതീഷ് തിരൂരിന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്നും ഇത് രാഷ്ട്രീയമായി ഉപയോഗിക്കണമെന്നും യോഗം വിലയിരുത്തി. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവ ചർച്ചയാക്കും. ബി.ജെ.പി കനത്ത പ്രതിരോധത്തിലായെന്നും യോഗം വിലയിരുത്തി.അതേസമയം, കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ പി.പി ദിവ്യക്കെതിരായ സംഘടനാ നടപടി ചർച്ച ചെയ്തില്ല.

കുഴൽപ്പണക്കേസിലെ വെളിപ്പെടുത്തൽ ഗുരുതരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. എല്ലാം നടന്നത് ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ്. ബി.ജെ.പി ഓഫീസിൽ കോടികളുടെ കള്ളപ്പണം എത്തിയെന്നാണ് വെളിപ്പെടുത്തൽ. കേരള പൊലീസിന് അന്വേഷിക്കാൻ പരിമിതികളുണ്ട്. ബി.ജെ.പിയുടെ കള്ളപ്പണക്കേസ് ഇ.ഡി കണ്ടതായി നടിക്കുന്നുപോലുമില്ല. പ്രതിപക്ഷത്തിന്റെ കേസുകൾ മാത്രമേ ഇ.ഡി അന്വേഷിക്കുന്നുള്ളൂ. കേന്ദ്ര സർക്കാരിന്റെ ഉപകരണമായി ഇ.ഡി മാറിയെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.

കൊടകര കുഴൽപ്പണം കള്ളപ്പണത്തിന്റെ ഒരംശം മാത്രമാണ്. ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി നൽകിയ ഹർജി തള്ളിയതിനാൽ നിയമപോരാട്ടത്തിന് ഇനി പ്രസക്തിയില്ല. കള്ളപ്പണം ഒഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നത് ബി.ജെ.പിയുടെ രീതിയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.


Source link

Related Articles

Back to top button