KERALAM

എഡിഎം കൈക്കൂലി വാങ്ങി എന്ന ആരോപണത്തിന് തെളിവില്ല,​ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്ന് അന്വേഷണ റിപ്പോർട്ട്. ലാന്റ് റവന്യു ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. തെറ്റുപറ്റിയതായി നവീൻബാബു പറഞ്ഞെന്ന ജില്ലാ കളക്ടറുടെ പരാമർശവും റിപ്പോർട്ടിലുണ്ട്. പക്ഷേ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല. നേരത്തെ റിപ്പോർട്ട് ചീഫ് സെക്രട്ടറിയും പരിശോധിച്ചിരുന്നു.

അതേസമയം എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയെ കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് നൽകിയതെങ്കിലും ഇന്നുവൈകിട്ട് അഞ്ചുമണിവരെ മാത്രം കസ്റ്റഡി അനുവദിക്കുകയായിരുന്നു കണ്ണൂർ ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേട്ടു കോടതി. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയിൽ ഹാജരാക്കണം.

അറസ്റ്റിലായ അന്ന് പൊലീസ് ദിവ്യയെ ചോദ്യംചെയ്തെങ്കിലും പല കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇതിൽ വ്യക്തത വരുത്താൻ വേണ്ടിയാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. കോടതിക്ക് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ മാദ്ധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും ദിവ്യ പ്രതികരിക്കാൻ തയ്യാറായില്ല.


Source link

Related Articles

Back to top button