വേണ്ടത് ലക്ഷണമൊത്ത ചിരട്ട, ഇതിനായി തേങ്ങ വാങ്ങിക്കും; പിന്നെ ബിജു ചെയ്യുന്നത്
കൊച്ചി: കൊവിഡ് ലോക്ക്ഡൗൺ വേളയിൽ വിരസത മാറ്റാൻ ചിരട്ടയെടുത്ത് മിനുക്കിയ വ്യാപാരി ആയിരം ദിവസം തുടർച്ചയായ അദ്ധ്വാനത്തിലൂടെ നിർമ്മിച്ചുകൂട്ടിയത് കമനീയ ശില്പങ്ങൾ.പതിനഞ്ചു വർഷമായി നടത്തിവരുന്ന പ്ളൈവുഡ് വ്യാപാരം അവസാനിപ്പിച്ച് ചിരട്ട ശില്പങ്ങളുടെ ബിസിനസ് തുടങ്ങാനാണ് തീരുമാനം.
എറണാകുളം ഇലഞ്ഞിയിലെ പ്ലൈവുഡ് വ്യാപാരിയാണ് തിരുമാറാടി മുണ്ടോക്കണ്ടത്തിൽ ബിജു. നാലടി ഉയരമുള്ള ചന്ദ്രയാൻ-3 മോഡൽ, ഏഴു നിലയുള്ള കൽവിളക്ക്, ടേബിൾ ലാമ്പ്, ഹൗസ് ബോട്ട്, ബെഡ് ലാമ്പ്, റാന്തൽ, ആമാടപ്പെട്ടി, ലൈറ്റ് ഷെയ്ഡുകൾ, പുട്ടുകുറ്റിയും കുടവും തുടങ്ങിയതല്ലാം ചിരട്ടയിൽ പുനരാവിഷ്കരിച്ചു.
ഒന്നര സെന്റിമീറ്റർ വലിപ്പമുള്ള 2800ചിരട്ട കഷ്ണങ്ങൾ ചേർത്ത് 28ദിവസം കൊണ്ടാണ് ചന്ദ്രയാൻ മാതൃക നിർമ്മിച്ചത്. ലോക്ക് ഡൗൺകാലത്ത് കടയടച്ച് വീട്ടിലിരുന്നപ്പോൾ ചിരട്ടകൊണ്ടൊരു ചായക്കപ്പ് നിർമ്മിച്ചായിരുന്നു തുടക്കം. അത് വിജയിച്ചപ്പോൾ ടേബിൽ ലാമ്പ് ഉണ്ടാക്കി. അതോടെ ആത്മവിശ്വാസമായി.
ലക്ഷണമൊത്ത ചിരട്ടയ്ക്ക്
തേങ്ങ വിലയ്ക്കു വാങ്ങും
# വീടുകളിലും നക്ഷത്ര ഹോട്ടലുകളിലുമൊക്കെ ഉപയോഗിക്കാവുന്ന ഷോ ലാമ്പുകളും ലൈറ്റ് ഷെയ്ഡുകളും വ്യാവസായികമായി ഉത്പാദിപ്പിച്ച് വിപണി കണ്ടെത്താനാണ് പദ്ധതി. പ്ലാസ്റ്റിക്, തടി ഉത്പന്നങ്ങളെ അപേക്ഷിച്ച് ഈടുറ്റതും പരിസ്ഥിതി സൗഹൃദവുമാണ് ചിരട്ട ഉത്പന്നങ്ങൾ.
# ലക്ഷണമൊത്ത ചിരട്ട കിട്ടാൻ തേങ്ങ വിലയ്ക്കുവാങ്ങുകയാണ് ചെയ്യുന്നത്. ഇതുമൂലമുള്ള അധികചെലവ് കുറയ്ക്കാൻ ശില്പനിർമ്മാണത്തിനൊപ്പം വെളിച്ചെണ്ണ ഉത്പാദനം കൂടി തുടങ്ങിയേക്കും. ബിജുവിന്റെ ശില്പചാരുത കേട്ടറിഞ്ഞ നാളികേര വികസനബോർഡ് പ്രദർശനം സംഘടിപ്പിക്കാൻ ക്ഷണിച്ചിട്ടുണ്ട്.
# കേരളത്തിന്റെ പെരുമ വിളിച്ചോതുന്ന ചിരട്ടശില്പം ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനും പദ്ധതിയുണ്ട്. അതിന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖന്റെ സഹായവാഗ്ദാനമുണ്ട്.
”നാളിതുവരെ 70,000 രൂപയും 7000 മണിക്കൂർ അദ്ധ്വാനവും ചെലവഴിച്ചു. നിർമ്മിച്ചതൊന്നും വിൽക്കുന്നില്ല. അതിൽ ഏതെങ്കിലും മോഡൽ ആരെങ്കിലും ആവശ്യപ്പെട്ടാൽ പുതുതായി നിർമ്മിച്ചുനൽകും
– ബിജു
Source link