‘ടോയ്‌ലറ്റിൽ വെള്ളമില്ല’; യാത്രക്കാരന് ഇന്ത്യൻ റെയിൽവേ 30,000 രൂപ പിഴ നൽകണം, ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷൻ
അമരാവതി: യാത്രയ്‌ക്കിടെ ബുദ്ധിമുട്ടനുഭവിച്ച യാത്രക്കാരന് നഷ്‌ടപരിഹാരമായി ഇന്ത്യൻ റെയിൽവേ 30,000 രൂപ നൽകണമെന്ന് ഉത്തരവിട്ട് വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ശാരീരികവും മാനസികവുമായ സമ്മർദം അനുഭവിച്ച വി മൂർത്തി എന്ന 55കാരന് 25,000 രൂപ നഷ്‌ടപരിഹാരവും നിയമ ചെലവുകൾക്കായി 5000 രൂപയും നൽകണമെന്നാണ് സൗത്ത് സെൻട്രൽ റെയിൽവേയ്‌ക്ക് (എസ്‌സിആർ) നൽകിയ നിർദേശം.
തിരുപ്പതിയിൽ നിന്ന് വിശാഖപ്പട്ടണത്തിലെ ദുവ്വാഡയിലേക്ക് തിരുമല എക്‌സ്‌പ്രസിലാണ് മൂർത്തിയും കുടുംബവും യാത്ര ചെയ്‌തത്. നാല് എസി ടിക്കറ്റുകൾ അദ്ദേഹം ബുക്ക് ചെയ്‌തിരുന്നു. 2023 ജൂൺ അഞ്ചിനാണ് ഇവർ തിരുപ്പതി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറിയത്. യാത്രയ്‌ക്കിടെ ടോയ്‌ലറ്റ് ഉപയോഗിക്കാൻ നോക്കിയപ്പോൾ വെള്ളമില്ലായിരുന്നു. കൂടാതെ കോച്ചിന്റെ എസിയും ശരിയായി പ്രവർത്തിച്ചിരുന്നില്ല. മുഴുവനും വൃത്തിഹീനമായിരുന്നു. മൂർത്തി ഇക്കാര്യം ദുവ്വാഡയിലിറങ്ങി ബന്ധപ്പെട്ട ഓഫീസിൽ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
മൂർത്തിയുടേത് തെറ്റായ ആരോപണങ്ങളാണെന്നും റെയിൽവേ നൽകിയ സേവനങ്ങൾ ഉപയോഗിച്ച് കുടുംബം സുരക്ഷിതമായി യാത്ര പൂർത്തിയാക്കിയെന്നുമാണ് റെയിൽവേ വാദിച്ചത്. എന്നാൽ, ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് സുഖപ്രദമായ യാത്ര ഉറപ്പുവരുത്താൻ റെയിൽവേ ബാദ്ധ്യസ്ഥരാണെന്നും വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങൾ പോലും പരിശോധിക്കാതെയാണ് ട്രെയിൻ ഓടുന്നതെന്നും കമ്മീഷൻ കുറ്റപ്പെടുത്തി.
Source link