സംവിധാനം: വെങ്കട് പ്രഭു രജനികാന്തിന്റെ നായിക അനുഷ്ക ഷെട്ടി

ഗോട്ടിനുശേഷം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്ത്. അനുഷ്ക ഷെട്ടിയായിരിക്കും നായിക. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. രജനികാന്ത് ചിത്രമായ വേട്ടയ്യനുശേഷം ലൈക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമാണ്. ഇതാദ്യമായാണ് സൂപ്പർ സ്റ്റാർ രജനികാന്തും വെങ്കട് പ്രഭുവും ഒരുമിക്കുന്നത്. രജനികാന്ത് ചിത്രത്തിൽ അനുഷ്ക ഷെട്ടി നായികയായി എത്തുന്നതും ആദ്യമാണ്. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന കൂലി എന്ന ചിത്രത്തിനുശേഷം വെങ്കട് പ്രഭു ചിത്രത്തിൽ അഭിനയിക്കാനാണ് രജനികാന്തിന്റെ തീരുമാനം. അതേസമയം കൂലിയുടെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുന്നു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ നാഗാർജുന എത്തുന്നു. സത്യരാജ്, പ്രകാശ് രാജ് , ഉപേന്ദ്ര, ശ്രുതിഹാസൻ, സൗബിൻ ഷാഹിർ, നരേൻ തുടങ്ങി നീണ്ട നിരയുണ്ട്. സൗബിൻ ഷാഹിറിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ്. സ്വർണക്കടത്ത് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം പക്കമാസ് ആക്ഷനാണ് .തമിഴ്നാട്ടിലെ ഒരു തുറമുഖം വഴി നടക്കുന്ന അധോലോക സംഘത്തിന്റെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമായിരിക്കും. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. അനിരുദ്ധ് സംഗീതം ഒരുക്കുന്നു. എഡിറ്റിംഗ് ഫിലോമിൻ രാജ് , ആക്ഷൻ അൻപറിവ്.
Source link