രാഷ്ട്രീയ കാലാവസ്ഥ മാറിമറഞ്ഞ 5 വർഷം; മഹാരാഷ്ട്രയിൽ ഇത്തവണ ‘മഹായുദ്ധം’
രാഷ്ട്രീയ കാലാവസ്ഥ മാറിമറഞ്ഞ 5 വർഷം; മഹാരാഷ്ട്രയിൽ ഇത്തവണ ‘മഹായുദ്ധം’ – Latest News | Manorama Online
രാഷ്ട്രീയ കാലാവസ്ഥ മാറിമറഞ്ഞ 5 വർഷം; മഹാരാഷ്ട്രയിൽ ഇത്തവണ ‘മഹായുദ്ധം’
ജോൺ എം. ചാണ്ടി
Published: November 01 , 2024 10:25 AM IST
1 minute Read
ഏക്നാഥ് ഷിൻഡെ, അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ്. (Photo credit: ANI)
അസ്ഥിരതയും അനിശ്ചിതത്വവും കൊടികുത്തിവാണ രാഷ്ട്രീയ കാലാവസ്ഥയിലൂടെയാണു കഴിഞ്ഞ വർഷങ്ങളിൽ മഹാരാഷ്ട്ര കടന്നുപോയത്. പരമ്പരാഗത സഖ്യങ്ങള്‍ തകരുകയും പുതിയ സഖ്യങ്ങള്‍ ഉദിക്കുകയും ചെയ്ത കാലം. ഒരിക്കലും ചേരില്ലെന്നു കരുതിയ ശിവസേനയും കോൺഗ്രസും കൈകോർത്തു. ശിവസേന പിളർന്ന് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗവും എൻസിപി പിളർന്ന് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗവും ബിജെപിക്കൊപ്പം ചേർന്നു. ശിവസേനയെ പിളർത്തി കൂറുമാറിയ ഷിൻഡെ വിഭാഗത്തിനും എൻസിപി പിളർത്തിയ അജിത് പവാർ പക്ഷത്തിനും അതത് പാർട്ടികളുടെ ഔദ്യോഗിക ചിഹ്നം ലഭിച്ചു. അങ്ങനെ സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാടകീയമായ അധ്യായങ്ങളിലൊന്നായി കഴിഞ്ഞ 5 വർഷങ്ങൾ മാറി.
2019ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനു തുടക്കമായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം വീണ്ടും അധികാരത്തിലെത്തിയെങ്കിലും മുഖ്യമന്ത്രി പദത്തിന്റെ പേരിലുണ്ടായ അവകാശവാദം സഖ്യത്തിൽ വിള്ളലുണ്ടാക്കി. ഇതോടെ ദീര്‍ഘകാല സഖ്യകക്ഷികളായ ശിവസേനയും ബിജെപിയും തമ്മിലുള്ള ബന്ധം അധികാരത്തർക്കത്തെ തുടർന്ന് തകർന്നു. രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ എൻസിപി നേതാവ് അജിത് പവാർ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചു. എന്നാൽ ഏതാനും ദിവസങ്ങൾ മാത്രമായിരുന്നു ആയുസ്സ്.
കോൺഗ്രസുമായും എൻസിപിയുമായും കൈകോർത്ത ശിവസേന, മുന്നണി സമവാക്യങ്ങൾ തലകീഴായി മാറ്റിമറിച്ചു. കോൺഗ്രസ് – എൻസിപി – ശിവസേന സഖ്യം (മഹാ വികാസ് അഘാഡി) സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചു. ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി. വൈകാതെ അജിത് പവാർ എൻസിപി പാളയത്തിൽ തിരിച്ചെത്തി. 2022ൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം രൂപപ്പെട്ടു. ശിവസേന നേതൃത്വവുമായി അകൽച്ചയിലായിരുന്ന ഏക്നാഥ് ഷിൻഡെ ബിജെപിയുമായി അടുത്തു. തന്റെ അനുയായികളായ എംഎൽഎമാരുമായി ഷിൻഡെ ശിവസേന വിട്ട് ബിജെപിയുമായി സഖ്യമുണ്ടാക്കി. ഷിൻഡെയുടെ നീക്കം വലിയ പ്രകമ്പനം സൃഷ്ടിച്ചു. ഇതോടെ മഹാ വികാസ് അഘാഡി സർക്കാർ ന്യൂനപക്ഷമാവുകയും ഉദ്ധവ് താക്കറെ രാജിവയ്ക്കുകയും ചെയ്തു. ഷിൻഡെയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നു. ഉപമുഖ്യമന്ത്രിയായി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അധികാരമേറ്റു.
2022 ജൂലൈയിൽ അജിത് പവാർ വീണ്ടും രാഷ്ട്രീയ നാടകത്തിനു തിരികൊളുത്തി. 8 എംഎൽഎമാരുമായി ബിജെപി സഖ്യത്തിൽ ചേർന്ന അജിത് പവാർ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ഉപമുഖ്യമന്ത്രിയായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് – എൻസിപി – ശിവസേന സഖ്യം ശക്തമായ തിരിച്ചുവരവ് നടത്തി. മുന്നണി മാറ്റത്തിനും പിളർപ്പുകൾക്കും ശേഷം മഹാ വികാസ് അഘാഡിയും (ഇന്ത്യാ മുന്നണി) മഹായുതിയും (എൻഡിഎ) തമ്മിലുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് സംസ്ഥാനം തയാറെടുക്കുന്നത്. ഇരു മുന്നണികളെയും സംബന്ധിച്ചു നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. ഏറ്റവുമധികം നിയമസഭാ സീറ്റുകളുള്ള സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുഫലം ദേശീയ രാഷ്ട്രീയത്തിലും സ്വാധീനമുണ്ടാക്കും.
English Summary:
Maharashtra Assembly Elections 2024: A High-Stakes Battleground for National Politics
mo-news-common-malayalamnews gb9kpnbp4ntd7o2rspidjqc2o 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews john-m-chandy mo-politics-elections-maharashtraassemblyelection2024
Source link