മാങ്കൂട്ടത്തിന്റെ അപരൻമാരല്ലെന്ന് രാഹുൽ ആറും മണലാഴിയും
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ തൃകോണപ്പോരാട്ടം നടക്കുന്ന പാലക്കാട്ട് യു.ഡി.എഫിന് ആശങ്കയായി അപരൻമാരുടെ ശല്യം. മൂത്താന്തറ സ്വദേശി രാഹുൽ.ആർ, കണ്ണാടി സ്വദേശി രാഹുൽ മണലാഴി എന്നിവരാണ് യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് അപരഭീഷണിയാകുന്നത്. ഇവരുവരും യു.ഡി.എഫ് വോട്ടുകൾ പെട്ടിയിലാക്കുമോ എന്ന ആശങ്കയും മുന്നണിക്കുണ്ട്.
അതേസമയം തങ്ങൾ അപരനല്ലെന്നും സ്വന്തം നിലയ്ക്കാണ് മത്സരിക്കുന്നതെന്നും രാഹുൽ .ആറും, രാഹുൽ മണലാഴിയും വ്യക്തമാക്കി. സ്വന്തം നിലയ്ക്കാണ് മത്സരിക്കുന്നതെന്ന് മൂത്താന്തറ സ്വദേശി രാഹുൽ. ആർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.തനിക്ക് ബി.ജെ.പി അനുഭാവമേയുള്ളൂ. അസുഖമായതു കൊണ്ടാണ് രണ്ടുദിവസം ഫോൺ ഓഫാക്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. രാഹുൽ. ആറിനെ അറിയില്ലെന്നായിരുന്നു ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ വെളിപ്പെടുത്തൽ.
സി.പി.എം ബന്ധമില്ലെന്നും സ്വന്തം നിലയ്‌ക്കാണ് മത്സരിക്കുന്നതെന്നു കണ്ണാടി സ്വദേശി രാഹുൽ മണലാഴിയും പറഞ്ഞു. അതിനിടെ പ്രചാരണത്തിനിടെ രാഹുൽ സരിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പുറത്തുവന്നു. രാഹുൽ മണലാഴി കണ്ണാടി സി.പി.എം കടകുറിശി ബ്രാഞ്ച് അംഗമാണെന്ന് കോൺഗ്രസ് ആരോപിച്ചു. സി.പി.എം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് രാഹുൽ മണലാഴി മത്സരിക്കുന്നതെന്നും കണ്ണാടി പഞ്ചായത്ത് യു.ഡി.എഫ് പ്രചാരണ സമിതി കൺവീനർ വിനേഷ് പറഞ്ഞു. ആരോപണം സി.പി.എം നിഷേധിച്ചു.
Source link