KERALAMLATEST NEWS

ചേലക്കരയിൽ ഇടതിന് രണ്ട് സ്ഥാനാർത്ഥികൾ? സ്വതന്ത്രനായി സിഐടിയു പ്രവർത്തകൻ

പാലക്കാട്: ചേലക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ ഇടതിന് രണ്ട് സ്ഥാനാർത്ഥികൾ. യുആർ പ്രദീപിന് പുറമേ സിപിഎമ്മിലും സിഐടിയുവിലും സജീവമായി പ്രവർത്തിക്കുന്ന ഹരിദാസൻ ആണ് സ്വതന്ത്രനായി മത്സരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ അപരനായി സിപിഎം തന്നെ രംഗത്തിറക്കിയതാണ് ഹരിദാസനെ എന്നാണ് വിവരം. എന്നാൽ, ഇത് സംബന്ധിച്ച് സിപിഎം പ്രതികരിച്ചിട്ടില്ല. ഹരിദാസന്റെ പ്രതികരണവും ലഭ്യമല്ല.

തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ചേട്ടൻ പറഞ്ഞുവെന്നാണ് ഹരിദാസന്റെ ഭാര്യ പറയുന്നത്. മത്സരിക്കുന്ന വിവരം അറിയില്ലെന്നാണ് അമ്മയുടെ പ്രതികരണം. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് തന്നെ ജയിക്കുമെന്നാണ് അമ്മ പറഞ്ഞത്. ഹരിദാസന്റെ മകൻ സജീവ സിപിഎം പ്രവർത്തകനാണ്. എന്നാൽ, ഹരിദാസൻ മത്സരിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് സിഐടിയുവിലെ സുഹൃത്തുക്കൾ പറയുന്നത്. കുടമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹരിദാസന് അനുവദിച്ച ചിഹ്നം.

ചേലക്കരയിലെ എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി യുആർ പ്രദീപിനെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്‌ത് സിഐടിയു സ്ഥാപിച്ച ഫ്ലക്‌സിലും ഹരിദാസന്റെ ചിത്രമുണ്ടെന്നതും ശ്രദ്ധേയമാണ്. ഹരിദാസന്റെ സ്ഥാനാർത്ഥിത്വം വാർത്തയായതിന് പിന്നാലെ സിഐടിയു ഈ ഫ്ലക്‌സ് ബോർഡ് മാറ്റുകയും ചെയ്‌തു.

ചേലക്കരയിൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും മൂന്ന് സ്വതന്ത്രരുമാണ് രംഗത്തുള്ളത്. ഒരു സ്വതന്ത്ര സ്ഥാനാർത്ഥി പത്രിക പിൻവലിച്ചിരുന്നു. അൻവറിന്റെ പാർട്ടിയായ ഡിഎംകെയുടെ സ്ഥാനാർത്ഥി എൻകെ സുധീറിന് ഓട്ടോറിക്ഷയാണ് ചിഹ്നം. കഴിഞ്ഞ ദിവസം നടന്ന സൂക്ഷ്‌മ പരിശോധനയിൽ രണ്ടുപേരുടെ നാമനിർദേശ പത്രിക തള്ളിയിരുന്നു.


Source link

Related Articles

Back to top button