KERALAM

തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞുവെന്നത് വിശ്വസിക്കുന്നില്ല; കളക്‌ടറുമായി ഒരു ആത്മബന്ധവും ഇല്ലായിരുന്നെന്ന് കുടുംബം

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ നിയമപരമായ എല്ലാ സാദ്ധ്യതകളും തേടുമെന്ന് ഭാര്യ മഞ്ജുഷ. കീഴ്‌ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്തയാളാണ് കണ്ണൂർ കളക്‌ടർ അരുൺ കെ വിജയൻ. കളക്‌ടറോട് നവീൻ ബാബു എല്ലാം തുറന്ന് പറഞ്ഞുവെന്ന് പറയുന്നത് ഒരിക്കലും വിശ്വസിക്കാനാവില്ല. കളക്‌ടറുമായി ഒരു ആത്മബന്ധവും നവീനില്ലെന്നും മഞ്ജുഷ ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി.

കളക്‌ടറുമായി നവീന് ഒരു അടുപ്പവുമില്ല. സംസ്‌കാരച്ചടങ്ങിൽ കളക്‌ടർ വരുന്നതിനോട് താത്‌പര്യമില്ലായിരുന്നു. നവീൻ ബാബുവിന് നീതി ലഭിക്കാൻ ശക്തമായി തന്നെ കുടുംബം മുന്നോട്ട് പോകുമെന്നും മഞ്ജുഷ പറഞ്ഞു.

യാത്രയയപ്പ് സമ്മേളനത്തിനുശേഷം തെറ്റുപറ്റിയെന്ന് നവീൻ ബാബു തന്നോട് പറഞ്ഞെന്ന മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് കണ്ണൂർ കളക്ടർ അരുൺ കെ.വിജയൻ. അന്വേഷണ സംഘത്തിനാണ് ഈ മൊഴി നൽകിയത്. കാര്യങ്ങൾ പറയാൻ പരിമിതിയുണ്ടെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും കളക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

എല്ലാം അന്വേഷണ സംഘത്തോട് പറയേണ്ടതുണ്ടായിരുന്നു. അക്കൂട്ടത്തിൽ യാത്രയയപ്പ് ചടങ്ങിനുശേഷം നവീൻബാബു ചേംബറിൽ വന്നുകണ്ട കാര്യവും ഉൾപ്പെടുന്നു. സത്യം സത്യമായി പറയാതിരിക്കാൻ കഴിയില്ല. യാത്രയയപ്പിനുശേഷം നവീൻ സംസാരിച്ചതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ല. അതെല്ലാം മൊഴിയിലുണ്ട്. അറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞത്. ശരിയാണോ തെറ്റാണോ എന്ന് കണ്ടെത്തേണ്ടത് പൊലീസാണെന്നും കളക്ടർ വ്യക്തമാക്കി. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ മൊഴിയെടുപ്പിലും ഇക്കാര്യങ്ങൾ പറഞ്ഞിരുന്നതായി കളക്ടർ വെളിപ്പെടുത്തിയിരുന്നു.


Source link

Related Articles

Back to top button