ക്ഷാമബത്ത കുടിശിക: സർക്കാർ നിലപാടിൽ ജീവനക്കാർക്ക് ആശങ്ക
തിരുവനന്തപുരം:ശമ്പളപരിഷ്ക്കരണത്തിന് ശേഷമുള്ള ക്ഷാമബത്തയുടേയും ക്ഷാമാശ്വാസത്തിന്റേയും ബാധ്യതയിൽ നിന്ന് തലയൂരാണ് സർക്കാർ ശ്രമമെന്ന് ജീവനക്കാർക്ക് ആശങ്ക.2021ൽ ശമ്പള പരിഷ്ക്കരണം നടപ്പാക്കിയ ശേഷം ക്ഷാമബത്ത നൽകിയിട്ടില്ല.
നിലവിൽ ഏഴ് ഗഡുവാണ് കുടിശിക.ഇത് നിലനിൽക്കെ വർഷത്തിൽ രണ്ടു ഗഡു ക്ഷാമബത്ത നൽകുമെന്നാണ് സർക്കാർ നിലപാട്.ഇതനുസരിച്ച് ഈ വർഷം ഏപ്രിലിലും ഒക്ടോബറിലും ഓരോ ഗഡു ക്ഷാമബത്തയും ക്ഷാമാശ്വാസവും നൽകി.. ഇതിന് മുൻകാലപ്രാബല്യവും അതനുസരിച്ചുള്ള കുടിശികയും നൽകാതിരുന്നതോടെ , ഈ വർഷത്തെ ക്ഷാമബത്തയാണ് സർക്കാർ നൽകുന്നതെന്ന് വ്യക്തം. ഏത് വർഷത്തെ ക്ഷാമബത്തയാണ് നൽകുന്നതെന്ന് ഉത്തരവിലുമില്ല. കഴിഞ്ഞ വർഷം വരെയുള്ള ഏഴ് ഗഡുക്കളും ലഭിക്കാതിരുന്നാൽ മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് ജീവനക്കാർക്ക് നഷ്ടപ്പെടുക.
സർക്കാർ കണക്കനുസരിച്ച് 2021 ജനുവരിയിലെ ഡി.എ.കുടിശിക നൽകാൻ 4822.79 കോടിയും 2021 ജൂലായ് മാസത്തെ .കുടിശിക നൽകാൻ 3455.64 കോടിയും വേണ്ടിവരും. ഏഴ് ഗഡു കുടിശികയും നൽകാൻ 17000 കോടി വേണം.ഇത് അനുവദിച്ചാൽ പണമായി നൽകുകയോ,പി.എഫിൽ അടയ്ക്കുകയോ വേണം. രണ്ടായാലും വൻ സാമ്പത്തിക ബാധ്യത പേറേണ്ടി വരും.ഈ വർഷം രണ്ടു ഗഡു കൊടുക്കുന്നത് മൂലം 2000 കോടിയുടെ അധിക ബാദ്ധ്യതയാണുണ്ടാകുക. ഏഴ് ഗഡുക്കളും നൽകിയാൽ വർഷത്തിൽ 6000 കോടിയിലേറെ രൂപയുടെ അധികച്ചെലവുമുണ്ടാകും.നിലവിലെ സാഹചര്യത്തിൽ ഇത്രയും ബാധ്യത ഏറ്റെടുക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.
Source link