KERALAMLATEST NEWS

മൊഴിയിലുറച്ച് കണ്ണൂർ കളക്ടർ: തെറ്റുപറ്റിയെന്ന് നവീൻബാബു പറഞ്ഞു

കണ്ണൂർ: യാത്രയയപ്പ് സമ്മേളനത്തിനുശേഷം തെറ്റുപറ്റിയെന്ന് നവീൻ ബാബു തന്നോട് പറഞ്ഞെന്ന മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് കണ്ണൂർ കളക്ടർ അരുൺ കെ.വിജയൻ. അന്വേഷണ സംഘത്തിനാണ് ഈ മൊഴി നൽകിയത്.

കാര്യങ്ങൾ പറയാൻ പരിമിതിയുണ്ടെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും കളക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു. എല്ലാം അന്വേഷണ സംഘത്തോട് പറയേണ്ടതുണ്ടായിരുന്നു. അക്കൂട്ടത്തിൽ യാത്രയയപ്പ് ചടങ്ങിനുശേഷം നവീൻബാബു ചേംബറിൽ വന്നുകണ്ട കാര്യവും ഉൾപ്പെടുന്നു. സത്യം സത്യമായി പറയാതിരിക്കാൻ കഴിയില്ല. യാത്രയയപ്പിനുശേഷം നവീൻ സംസാരിച്ചതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ല. അതെല്ലാം മൊഴിയിലുണ്ട്.

കോടതി ഇക്കാര്യം വെളിപ്പെടുത്തിയതുകൊണ്ടാണ് അംഗീകരിക്കുന്നതെന്നും കളക്ടർ പറഞ്ഞു.

അറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞതെന്നും ശരിയാണോ തെറ്റാണോ എന്ന് കണ്ടെത്തേണ്ടത് പൊലീസാണെന്നും കളക്ടർ വ്യക്തമാക്കി.
ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ മൊഴിയെടുപ്പിലും ഇക്കാര്യങ്ങൾ പറഞ്ഞിരുന്നതായി കളക്ടർ വെളിപ്പെടുത്തി.

അതേസമയം, കുടുംബത്തിനു കൊടുത്ത കത്തിലെ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് അരുൺ കെ.വിജയൻ പറഞ്ഞു. അവധി അപേക്ഷ നീട്ടി എന്ന ആരോപണങ്ങളെല്ലാം അന്വേഷിക്കാം. യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ല. തന്റെ അനുഭവത്തിൽ നവീൻബാബു നല്ല ഉദ്യോഗസ്ഥനാണ്. എ.ഡി.എമ്മിന്റെ കുടുംബം കളക്ടർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിച്ചോളൂ എന്നായിരുന്നു കളക്ടറുടെ മറുപടി.

കോടതി തള്ളിയ മൊഴി
പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തള്ളിയുള്ള വിധിന്യായത്തിന്റെ 34ാം പേജിലാണ് കളക്ടറുടെ മൊഴി പരാമർശിക്കുന്നത്. തെറ്റുപറ്റിയെന്നു പറയുന്നത്, കൈക്കൂലിയോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയതായി സമ്മതിച്ചതിനു തുല്യമായി കാണാനാവില്ലെന്ന് വിലയിരുത്തിയാണ് കോടതി കളക്ടറുടെ മൊഴി തള്ളിയത്.കളക്ടർ പൊലീസിന് ഇങ്ങനെ മൊഴി നൽകിയ കാര്യം ദിവ്യയുടെ അഭിഭാഷകൻ കെ.വിശ്വൻ വാദത്തിൽ ഉന്നയിച്ചിരുന്നു. യാത്രഅയപ്പു യോഗത്തിനുശേഷം എ.ഡി.എമ്മിനെ കണ്ടിരുന്നോ എന്ന് മാദ്ധ്യമങ്ങൾ പലവട്ടം ചോദിച്ചിരുന്നെങ്കിലും നേരത്തെ കളക്ടർ മറുപടി നൽകിയിരുന്നില്ല. ദിവ്യയ്ക്ക് അനുകൂലമായി കേസ് മാറ്റാനുള്ള നീക്കമാണ് കളക്ടറുടെ മൊഴിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.


Source link

Related Articles

Back to top button