ബിസിനസുകാരന്റെ ഭാര്യയുമായി ജിമ്മില്‍ പ്രണയം; പ്രോട്ടീന്‍ പൗഡറിനൊപ്പം മാരക ലഹരിമരുന്നും
കാന്‍പൂര്‍: ജിംനേഷ്യം പരിശീലകന് കാമുകിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പൊലീസ്. കാമുകിയെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ മലയാള ചലച്ചിത്രമായ ദൃശ്യം പ്രചോദനമായെന്നാണ് പൊലീസ് പറയുന്നത്. പ്രതി നിരവധി തവണ ഈ സിനിമ കണ്ടിരുന്നുവെന്നും പൊലീസ് പറയുന്നു. കേസില്‍ ജിമ്മിലെ പരിശീലകനായ വിമല്‍ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തത് സംഭവം നടന്ന് നാല് മാസങ്ങള്‍ക്ക് ശേഷമാണ്.
ജിമ്മില്‍ വ്യായാമം ചെയ്യാനെത്തിയപ്പോഴാണ് എക്ത ഗുപ്തയെന്ന യുവതിയുമായി വിമല്‍ പ്രണയത്തിലായത്. ബിസിനസുകാരനായ രാഹുല്‍ ഗുപ്തയുടെ ഭാര്യയായിരുന്നു ഏക്ത. ജിമ്മിലെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറാന്‍ അധികം കാലമെടുത്തില്ല. പ്രോട്ടീന്‍ പൗഡറിനൊപ്പം പ്രതി യുവതിക്ക് മാരക ലഹരി മരുന്നുകളും നല്‍കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 24 മുതലാണ് യുവതിയെ കാണാതായത്. തുടര്‍ന്നാണ് ഭര്‍ത്താവ് രാഹുല്‍ പൊലീസില്‍ പരാതി നല്‍കിയത്.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കാന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റിന്റെ വസതിക്ക് സമീപത്ത് നിന്ന് കുഴിച്ചിട്ട നിലയില്‍ ഏക്തയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലിലാണ് ദൃശ്യം സിനിമയുടെ ബോളിവുഡ് പതിപ്പും കുറ്റകൃത്യത്തില്‍ തനിക്ക് പ്രചോദനമായെന്ന് പ്രതി മൊഴി നല്‍കിയത്. വിവാഹിതയായ ഏക്തയും വിമല്സോണിയും തമ്മിലുള്ള അടുപ്പവും വിമല്‍സോണി വിവാഹിതനാകുന്നതില്‍ യുവതിക്കുണ്ടായ എതിര്‍പ്പുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
സ്ഥിരമായി ജിംനേഷ്യത്തില്‍ വ്യായാമത്തിനെത്തിയിരുന്ന ഏക്തയും പരിശീലകനായ വിമല്സോണിയും ഏറെനാളായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍, വിമല്‍ സോണി വിവാഹിതാകാന്‍ പോവുകയാണെന്ന് അറിഞ്ഞതോടെ യുവതി അസ്വസ്ഥയായി. ഇതേത്തുടര്‍ന്ന് കുറേദിവസം യുവതി ജിമ്മില്‍ പോയില്ല. പിന്നീട് 20 ദിവസത്തിന് ശേഷമാണ് യുവതി ജിമ്മിലെത്തിയത്. ഇതിനുപിന്നാലെ ഏക്തയും പ്രതിയും തമ്മില്‍ കാറില്‍വെച്ച് വഴക്കുണ്ടായി. തര്‍ക്കത്തിനിടെ വിമല്‍ സോണി യുവതിയെ നിരന്തരം മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Source link