KERALAMLATEST NEWS

കടംവാങ്ങിയും വട്ടിപ്പലിശയെടുത്തും കൃഷി ചെയ്യും, പിന്നാലെ അവയെല്ലാം തകർക്കും, മടുത്ത് പിന്മാറി കർഷകർ

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിന്റെ കുടവൂർ, കപ്പാംവിള മേഖലകളിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷികൾ നശിപ്പിക്കുന്നതിനാൽ കൃഷിയിൽ നിന്ന് പിന്മാറി കർഷകർ. മരച്ചീനി, ചേമ്പ്, ചേന, കൊയ്യാൻ പാകമായ നെൽക്കൃഷി എന്നിവ വ്യാപകമായി നശിപ്പിക്കപ്പെട്ടു. കഴിഞ്ഞ രണ്ടുവർഷമായി കാട്ടുപന്നിക്കൂട്ടം കൃഷി വ്യാപകമായി നശിപ്പിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാവാത്തതിൽ മനംനൊന്താണ് കർഷകർ കൂട്ടത്തോടെ കൃഷിയിൽ നിന്നും പിന്മാറിയത്.

കടം വാങ്ങിയും വട്ടിപ്പലിശയ്‌ക്കെടുത്തും കൃഷിയിറക്കി പരിപാലിച്ച് പാകമാകുമ്പോഴേക്കും കാട്ടുപന്നികൾ കൂട്ടത്തോടെ ഇറങ്ങി കുത്തിമറിച്ചും ചവിട്ടിമെതിച്ചും ഏക്കർ കണക്കിനുള്ള കൃഷിയിടങ്ങൾ നശിപ്പിക്കുന്നു. പെറ്റുപെരുകുന്ന കാട്ടുപന്നികളുടെ പ്രജനനം തടയാനോ ശല്യമുള്ള ഭാഗങ്ങളിൽ ഇവയെ വെടിവച്ച് കൊല്ലാനോ അധികൃതർക്കാവുന്നില്ല.

പഞ്ചായത്ത് ഇടയ്ക്ക് ഷൂട്ടറെ നിയമിച്ചെങ്കിലും ഇതിന് ചിലവാകുന്ന ഒരു വിഹിതം കർഷകർ കൂടി വഹിക്കണമെന്ന ആവശ്യം ഉയരുകയും കർഷകർ വിമുഖത കാട്ടിയതോടെയുമാണ് കൃഷി ഉപേക്ഷിക്കാൻ കർഷകർ തീരുമാനിച്ചത്. കാട്ടുപന്നികൾ ജനങ്ങളുടെ സ്വൈരജീവിതത്തിനും ജീവനും ഭീഷണിയാവുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നാവായിക്കുളം പഞ്ചായത്തിൽ 5 പേർക്ക് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നാവായിക്കുളം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ നെൽ കൃഷിയുള്ള കുടവൂർ പാടശേഖരത്ത് നെൽക്കൃഷി ചെയ്യുന്നവരും ഇരു കരകളിലും മറ്റ് ഇടവിള കൃഷികൾ ചെയ്യുന്ന കർഷകരുമാണ് കാട്ടുപന്നികൾ കൃഷികൾ നശിപ്പിക്കുന്നതുമൂലം കടക്കെണിയിലായിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയും വർദ്ധിച്ച കൂലിയും നൽകി കൃഷിയിറക്കിയിട്ടും വിളവെടുപ്പിന് വരുമ്പോൾ വെറുംകൈയോടെ മടങ്ങേണ്ട ഗതികേടിലാണ് കർഷകർ.

മുൻ വർഷങ്ങളിൽ നല്ല വിളവ് ലഭിച്ചിരുന്നതുമൂലം സ്ഥലം പാട്ടത്തിനെടുത്തും ചിലർ കൃഷിയിറക്കിയിരുന്നു. ഇവരെല്ലാമിന്ന് കടക്കെണിയിലാണ്. മുതിർന്ന കൃഷിക്കാരുടെ സങ്കടം കണ്ട് പുതിയ തലമുറയും ഈ രംഗത്തേക്ക് വരാൻ മടിക്കുന്നു. പഞ്ചായത്തിനോട് ചേർന്നുള്ള ഭരണിക്കാവ് പാടശേഖരത്തിന്റെയും ഗതി ഇതുതന്നെ. കാടുകയറിയ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലാണ് കാട്ടുപന്നികൾ തമ്പടിച്ച് പെറ്റുപെരുകുന്നത്. വീടുകൾക്ക് സമീപമുള്ള വാഴയും ചീരയും ഉൾപ്പെടെയുള്ള പച്ചക്കറിക്കൃഷികളും പന്നികൾ നശിപ്പിക്കുന്നുണ്ട്.


Source link

Related Articles

Back to top button