‘ഈ സംഭവം മാറ്റിവച്ചാൽ ദിവ്യ ഊർജസ്വലയായ നേതാവല്ലേ, ദാവൂദ് ഇബ്രാഹിമിനേക്കാൾ വലിയ കുറ്റവാളിയായി ചിത്രീകരിക്കുന്നു’
തിരുവനന്തപുരം: കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ദാവൂദ് ഇബ്രാഹിമിനേക്കാൾ വലിയ കുറ്റവാളിയായി മാദ്ധ്യമങ്ങൾ ചിത്രീകരിച്ചെന്ന് ജോൺ ബ്രിട്ടാസ് എംപി. മാദ്ധ്യമങ്ങളുടേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമർശിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ്.
‘പിപി ദിവ്യയുടെ ഭാഗത്തുനിന്നുള്ള വാക്കുകളൊന്നും ശരിയല്ലെന്ന് പറഞ്ഞു. കഴിഞ്ഞൊരു രണ്ടാഴ്ചയായിട്ട് കേരളത്തിലെ മുഖ്യധാര മാദ്ധ്യമങ്ങൾ എത്രത്തോളം എയർ ടൈമും മഷിയും പിപി ദിവ്യയ്ക്ക് നൽകി. പി പി ദിവ്യ ദാവൂദ് ഇബ്രാഹിമിനേക്കാൾ വലയൊരു കുറ്റവാളിയാണെന്ന ഇംപ്രഷൻ സൃഷ്ടിക്കുന്ന മാദ്ധ്യമ പ്രക്ഷാടനമല്ലേ നടന്നത്.
ഈയൊരു സംഭവമങ്ങ് മാറ്റിവച്ചാൽ, പി പി ദിവ്യ നല്ല ഊർജസ്വലയായിട്ടുള്ള യുവ നേതാവല്ലേ. എസ് എഫ് ഐയുടെ കരുത്തുള്ള ഒരു നേതാവായിരുന്നില്ലേ. സാധാരണ കുടുംബത്തിൽ നിന്ന് വന്ന്, നേതൃപദവിയിലേക്ക് ഉയർന്നയാളല്ലേ. നേതൃശേഷി പ്രകടിപ്പിച്ചയാളല്ലേ.
ഏറ്റവും നല്ല ജില്ലാ പഞ്ചായത്തിന്റെ അവാർഡ് വാങ്ങിയ ആളല്ലേ. കോളേജ് ചെയർമാനായി. എവിടെയാണ് അവരെക്കുറിച്ചൊരു മോശം. പക്ഷേ ഇന്ന് അവരുടെ ഇത്രയും കാലത്തെ രാഷ്ട്രീയത്തെ മുഴുവൻ കറുപ്പടിച്ച് വിട്ടില്ലേ. നീതിയാണോ? അവരുടെ ഈ പ്രവൃത്തി നീതിന്യായ മാർഗങ്ങളിലൂടെ പരിശോധിക്കപ്പെടട്ടേ. കുറ്റവാളിയാണെങ്കിൽ തൂക്കിലേറ്റപ്പെടട്ടേ. അതാണോ നമ്മൾ ചെയ്തത്.
പ്രിയങ്ക ഗാന്ധിയുടെ നോമിനേഷനുമായി ബന്ധപ്പെട്ട ഒരു കാര്യം പറയാം. എന്ത് ആവേശപൂർവമാണ് പ്രിയങ്ക ധരിച്ച സാരിയെക്കുറിച്ച് ചർച്ച ചെയ്യുന്നത്. എന്ത് ആവേശപൂർവമാണ് ഇന്ദിര പ്രിയദർശിനി വീണ്ടും വരുന്നെന്ന് പറഞ്ഞത്. ഇതാണോ മാദ്ധ്യമപ്രവർത്തനം? ഈ ഇരട്ടത്താപ്പിനെയാണോ നമ്മൾ സ്വതന്ത മാദ്ധ്യമപ്രവർത്തനമെന്ന് പറയുന്നത്? ഇതാണോ നിഷ്പക്ഷമായ മാദ്ധ്യമപ്രവർത്തനം. ഇത് വളരെ പക്ഷപാതിത്വപരമായ മാദ്ധ്യമപ്രവർത്തനമല്ലേ.’- ജോൺ ബ്രിട്ടാസ് ചോദിച്ചു.
Source link