‘ഭരണഘടനാ പദവി വഹിക്കുന്നവർക്ക് ഡ്രസ് കോഡുണ്ടോ?’; ഉദയനിധിക്കെതിരായ ടി ഷർട്ട് വിവാദത്തിൽ ഹൈക്കോടതി
‘ഭരണഘടനാ പദവി വഹിക്കുന്നവർക്ക് ഡ്രസ് കോഡുണ്ടോ?, ടി ഷർട്ട് കാഷ്വൽ വസ്ത്രമാണോ?’; ഉദയനിധിക്കെതിരായ ഹർജിയിൽ ഹൈക്കോടതി – Latest News | Manorama Online
‘ഭരണഘടനാ പദവി വഹിക്കുന്നവർക്ക് ഡ്രസ് കോഡുണ്ടോ?’; ഉദയനിധിക്കെതിരായ ടി ഷർട്ട് വിവാദത്തിൽ ഹൈക്കോടതി
മനോരമ ലേഖകൻ
Published: October 30 , 2024 10:30 AM IST
1 minute Read
ഉദയനിധി ഔദ്യോഗിക പരിപാടിയിൽ(ഫയൽചിത്രം : പിടിഐ)
ചെന്നൈ∙ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ടി ഷർട്ട് ധരിച്ച് ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതിനെതിരെയുള്ള ഹർജിയിൽ ഇരുവിഭാഗത്തോടും ഹൈക്കോടതി ചോദ്യങ്ങളുന്നയിച്ചു. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഡ്രസ് കോഡ് ഭരണഘടനാ പദവികൾ വഹിക്കുന്നവർക്കു ബാധകമാണോയെന്നും ടി ഷർട്ട് ‘കാഷ്വൽ വസ്ത്രം’ എന്ന നിർവചനത്തിൽ വരുമോയെന്നുമാണ് ജസ്റ്റിസ് ഡി.കൃഷ്ണകുമാറും ജസ്റ്റിസ് പി.ബി.ബാലാജിയും ഉൾപ്പെട്ട ബെഞ്ച് ചോദിച്ചത്. മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി കേസ് നവംബർ 11നു വീണ്ടും പരിഗണിക്കും.
ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ അതിനു ചേരുന്ന വസ്ത്രം ധരിക്കാൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ സത്യകുമാർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണിത്. പഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പിന്റെ ചട്ടപ്രകാരം എല്ലാ സർക്കാർ ജീവനക്കാരും വൃത്തിയുള്ള, ഔപചാരിക വസ്ത്രം ധരിക്കണമെന്നാണുള്ളതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഉദയനിധിയുടെ ടി ഷർട്ടുകളിൽ ഡിഎംകെ പാർട്ടി ചിഹ്നം തുന്നിച്ചേർത്തിട്ടുണ്ട്. സർക്കാർ യോഗങ്ങളിൽ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നം പ്രദർശിപ്പിക്കുന്നതിനു വിലക്കുണ്ടെന്നും ഹർജിക്കാരൻ ആരോപിച്ചു.
അതേസമയം, ഉദയനിധി തന്റെ സൗകര്യാർഥമാണു ടി ഷർട്ട് ധരിക്കുന്നതെന്നും അതിനെ കാഷ്വൽ വസ്ത്രമായി കണക്കാക്കാനാവില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
English Summary:
T-shirt Controversy: Madras HC Questions Udhayanidhi Stalin’s Dress Code
3dmt9isn9510uj2s9q5pvhqif2 mo-politics-leaders-udayanidhistalin mo-politics-parties-dmk 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-madrashighcourt mo-news-common-chennainews
Source link