KERALAM

‘അതൊക്കെ വ്യക്തിപരമായ തീരുമാനമല്ലേ’;കീഴടങ്ങാൻ ദിവ്യയോട് പാർട്ടി നിർദേശിക്കില്ലെന്ന് എംവി ഗോവിന്ദൻ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം ലഭിക്കാത്ത പിപി ദിവ്യയ്‌ക്ക് പാർട്ടി നിർദേശമൊന്നും നൽകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ ദിവ്യ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ പൊലീസിൽ കീഴടങ്ങുമോ എന്ന ചോദ്യത്തിനായിരുന്നു എംവി ഗോവിന്ദന്റെ മറുപടി.

അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനമല്ലേ. ദിവ്യയ്‌ക്ക് പാർട്ടിയും സർക്കാരും സംരക്ഷണം ഒരുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ ഗോവിന്ദൻ, തെറ്റ് ചെയ്‌തവർ നിയമത്തിന് കീഴ്‌പ്പെടണമല്ലോ എന്നും പ്രതികരിച്ചു. മറ്റ് ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

കേസ് രജിസ്റ്റർ ചെയ്തത് മുതൽ പിപി ദിവ്യ ഒളിവിലാണ്. ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ ദിവ്യയ്ക്ക് ഹൈക്കോടതിയെ സമീപിക്കാം. എന്നാൽ അറസ്റ്റ് ചെയ്യുന്നതിന് പൊലീസിന് ഒരു തടസവുമില്ല. ഇതുവരെ കോടതി തീരുമാനം പുറത്തുവരട്ടെ എന്നാണ് പൊലീസ് സ്വീകരിച്ച നിലപാട്. ഇനിയും ദിവ്യയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് നാണക്കേടാണ്. ദിവ്യ കണ്ണൂരിൽ തന്നെയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചില്ലെങ്കിൽ ദിവ്യ ചിലപ്പോൾ അന്വേഷണ സംഘത്തിനു മുന്നില്ലോ കോടതിയിലോ കീഴടങ്ങിയേക്കും. ഹൈക്കോടതിയിലേക്ക് ജാമ്യത്തിന് പോകുകയാണെങ്കിൽ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും നൽകാം. എന്നാൽ ഇക്കാര്യത്തിൽ പാർട്ടി എന്ത് നിലപാട് എടുക്കുമെന്നതാണ് നിർണായകം. എന്നാൽ ഒളിവ് ജീവിതത്തിൽ തുടർന്ന് കൊണ്ട് ഹൈക്കോടതിയെ സമീപിച്ചാൽ ഉപതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാർട്ടിക്കും സർക്കാരിനും ഇത് പ്രതിസന്ധി സൃഷ്ടിക്കും.

ഈ മാസം 17നാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ദിവ്യയ്‌ക്കെതിരെ കേസെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യ യാത്രയയപ്പ് ചടങ്ങിൽ പറഞ്ഞ കൊള്ളിവാക്കുകളാണ് എഡിഎം നവീൻ ബാബു ജീവനൊടുക്കാൻ കാരണമായതെന്നാണ് കേസ്. 18ന് ആണ് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിച്ചത്. ജഡ്ജി കെടി നിസാർ അഹമ്മദാണ് ഇന്ന് വിധി പറഞ്ഞത്. ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്. ഏക പ്രതിയായ ദിവ്യയുടെ മൊഴി രേഖപ്പെടുത്താത്തതിനാൽ എഡിഎമ്മിന്റെ മരണം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.


Source link

Related Articles

Back to top button