മലിനജല നിയന്ത്രണം: കരട് ചട്ടമായി
ന്യൂഡൽഹി ∙ രാജ്യത്ത് ദ്രവ മാലിന്യങ്ങൾ കുറയ്ക്കാനും മലിനജല സംസ്കരണം കാര്യക്ഷമമാക്കാനുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച ‘ദ്രവ മാലിന്യ സംസ്കരണ ചട്ടം 2024’ ന്റെ കരട് പ്രസിദ്ധപ്പെടുത്തി.
ചട്ട പ്രകാരം ദിവസേന 5,000 ലീറ്ററിലധികം വെള്ളം ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്കാണു കർശന നിർദേശങ്ങളുള്ളത്. വലിയ ഫ്ലാറ്റ് സമുച്ചയങ്ങൾ, പാർപ്പിട സൊസൈറ്റികൾ എന്നിവ 2031 ആകുമ്പോഴേക്കും 50% വെള്ളം പുനരുപയോഗിക്കണം. മറ്റ് സ്ഥാപനങ്ങൾ 6 വർഷത്തിനുള്ളിൽ 40% മലിനജലം സ്വന്തം പ്ലാന്റ് സ്ഥാപിച്ച് ശുദ്ധീകരിച്ച് പുനരുപയോഗിക്കണം. നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ 2028 നുള്ളിൽ പ്ലാന്റ് സ്ഥാപിക്കണം.
പുതിയ സ്ഥാപനങ്ങൾക്ക് മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചാൽ മാത്രമേ ലൈസൻസ് ലഭിക്കൂ. സർക്കാർ ഓഫിസുകൾ, കമ്പനികൾ, ഹോസ്റ്റലുകൾ, കോളജുകൾ, ആശുപത്രികൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, ആരാധനാലയങ്ങൾ, സ്റ്റേഡിയങ്ങൾ എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുക.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഓൺലൈൻ പോർട്ടൽ വഴിയാണ് പദ്ധതി നടത്തിപ്പ്. മലിനജലം ഉണ്ടാകുന്ന എല്ലാ സ്ഥാപനങ്ങളും പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. എല്ലാ മാസവും 7ന് അകം പുനരുപയോഗത്തിന്റെ കണക്കും എല്ലാ വർഷവും ജൂൺ 30ന് മുൻപ് വാർഷിക ഓഡിറ്റ് നടത്തിയ കണക്കുകളും അപ്‍ലോഡ് ചെയ്യണം.
ദിവസേന 5,000 ലീറ്ററിൽ താഴെ വെള്ളം ഉപയോഗിക്കുന്ന റസിഡന്റ്സ് സൊസൈറ്റികളും സ്ഥാപനങ്ങളും മലിനജലം തദ്ദേശ സ്ഥാപനങ്ങളുടെ മാർഗ നിർദേശപ്രകാരം അഴുക്കു ചാലുകളിലേക്ക് ഒഴുക്കണം. ജലസ്രോതസ്സുകളിലോ തുറന്ന പ്രദേശത്തേക്കോ ഒഴുക്കരുത്. അഴുക്കുചാലിലേക്ക് മലിനജലം ഒഴുക്കുന്നതിന് യൂസർഫീ വാങ്ങാം.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ചട്ടത്തിന്റെ കരട് ലഭ്യമാണ്. ഡിസംബർ 6 വരെ അഭിപ്രായമറിയിക്കാം. 2025 ഒക്ടോബർ ഒന്നിനകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.
ഓരോ വർഷവും പുനരുപയോഗിക്കേണ്ട വെള്ളത്തിന്റെ അളവ് ശതമാനത്തിൽ
വർഷം: 2028, 2029, 2030, 2031
നിലവിലുള്ള പാർപ്പിട സമുച്ചയങ്ങൾ: 10, 15, 20, 25
പുതിയ പാർപ്പിട സമുച്ചയങ്ങൾ: 20, 30, 40, 50
നിലവിലുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ: 10, 10, 20, 20
പുതിയ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ: 20, 20, 40, 40
Source link