പ്രൊഫ. എം കെ സാനുവിന് ഇന്ന് 98-ാം പിറന്നാൾ; ‘അന്തിമേഘങ്ങളിലെ വർണഭേദങ്ങൾ’ പ്രകാശനം ചെയ്തു
കൊച്ചി: പ്രൊഫ. എം കെ സാനുവിന്റെ 98-ാം പിറന്നാൾ ആഘോഷിച്ചു. ചാവറ കൾച്ചറൽ സെന്ററിൽ ഇന്ന് 11 മണിക്ക് നടന്ന ജന്മദിനാഘോഷത്തിൽ എം കെ സാനുവിന്റെ പുതിയ പുസ്തകമായ ‘അന്തിമേഘങ്ങളിലെ വർണഭേദങ്ങൾ’ പ്രകാശനം ചെയ്തു. ചടങ്ങിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഫാ. അനിൽ ഫിലിപ്പ്, റവ, ഡോ.മാൾട്ടിൻ മള്ളാത്ത് തുടങ്ങിയവർ പങ്കെടുത്തു. കേക്ക് മുറിച്ചതിന് ശേഷമാണ് പുസ്തകം പ്രകാശനം ചെയ്തത്.
ശിഷ്യഗണങ്ങൾക്ക് ശ്രേഷ്ഠനായ അദ്ധ്യാപകൻ, അനുവാചക മനസുകളെ അനായാസം കീഴടക്കുന്ന സാഹിത്യകാരൻ, വസ്തുനിഷ്ഠ വിലയിരുത്തലുകളിലൂടെ സാഹിത്യസൃഷ്ടികളുടെ അകവും പുറവും അതിസൂക്ഷ്മമായി വിശകലനം ചെയ്യുന്ന നിരൂപകൻ, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ ജീവിതമൂല്യങ്ങളെക്കുറിച്ച് നിരന്തരം ഓർമ്മപ്പെടുത്തുന്ന പ്രവാചകതുല്യനായ ഗുരു, സാമൂഹ്യ പ്രതിബദ്ധതയുള്ള നിയമസഭാ സമാജികൻ എന്നീ നിലകളിൽ എം.കെ. സാനു മലയാളിക്ക് പ്രിയങ്കരനാണ്. സാഹിത്യം, കല, നാടകം, സോഷ്യലിസം, ജനാധിപത്യം, സാഹോദര്യം, സമഭാവന, നീതിശാസ്ത്രം, ദേശീയത, തത്വചിന്ത, പരിസ്ഥിതി തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട സകലതിനെക്കുറിച്ചും നിരന്തരമനനത്തിലൂടെ പരുവപ്പെടുത്തുന്ന മൗലികാശയങ്ങൾ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും അനുവാചകരിലേക്ക് സന്നിവേശിപ്പിക്കുന്നതിലെ മാസ്മരിക ശക്തിയാണ് അദ്ദേഹത്തെ എന്നും വ്യത്യസ്തനാക്കുന്നത്.
അടുത്തറിയുന്നവർക്കു മാത്രമല്ല, കേട്ടറിയുന്നവർക്കും പ്രിയപ്പെട്ട സാനുമാഷ് ആയതിന്റെ രഹസ്യവും മറ്റൊന്നല്ല. പിന്നിട്ട 97 സംവത്സരങ്ങളിൽ പ്രസിദ്ധീകരിച്ച സാഹിത്യസൃഷ്ടികൾക്കപ്പുറം ഏറ്റെടുത്ത ചുമതലകളൊന്നും സ്വന്തം ഇച്ഛയ്ക്കനുസരിച്ചായിരുന്നില്ല. ആരാധകരുടെ, അനുയായികളുടെ നിർബന്ധത്തിന് വഴങ്ങി, അവനവനാത്മസുഖത്തിനായ് ആചരിക്കുന്നവ അപരന്നും സുഖത്തിനായ് വരണമെന്ന ശ്രീനാരായണ ഗുരുദേവ സന്ദേശത്തെ പിൻപറ്റി ഏറ്റെടുത്തവയായിരുന്നു. അതിനാകട്ടെ രാഷ്ട്രീയ, മത, ജാതി, വർഗ, വർണ, ഭാഷാഭേദങ്ങളൊന്നും ഉണ്ടായിരുന്നുമില്ല.
1927 ഒക്ടോബർ 27ന് ആലപ്പുഴ തുമ്പോളി മംഗലത്ത് തറവാട്ടിൽ എം.സി. കേശവൻ – കെ.പി. ഭവാനി ദമ്പതികളുടെ മകനായാണ് സാനു ജനിച്ചത്. എറണാകുളം കാരിക്കാമുറിയിലെ ‘സന്ധ്യ’യിലാണ് താമസം.
Source link