KERALAMLATEST NEWS

പവന് ഒരു ലക്ഷമാകുമോ? മലയാളികളുടെ അലമാരകളിൽ 20 ലക്ഷം കോടിയുടെ സ്വർണം: ഡിസംബറോടെ ആ മാറ്റം സംഭവിക്കും

മലയാളിയുടെ ജീവിതവുമായി ഇഴപിരിഞ്ഞ സ്വർണത്തിന്റെ വില ചരിത്രക്കുതിപ്പിലാണ്. കുട്ടികളുടെ അരഞ്ഞാണ ചടങ്ങിൽ തുടങ്ങുന്ന സ്വർണബന്ധം പിറന്നാൾ, മാമോദീസ, പെരുന്നാളുകൾ അടക്കമുള്ള ആഘോഷങ്ങൾ മുതൽ കല്യാണവും കഴിഞ്ഞ് മുന്നോട്ടുപോകുന്നു. സ്വർണമാലയിൽ കയറുന്ന താലിയോട് ജീവിതാവസാനം വരെയുള്ള അടുപ്പമാണ് മലയാളിക്കുള്ളത്. മക്കളുടെ കല്യാണത്തിനായി അവരുടെ ജനനത്തിന് മുൻപ് മുതൽ സ്വർണം വാങ്ങിത്തുടങ്ങുന്നവരും പാരമ്പര്യമായി മക്കളിലേക്ക് സ്വർണാഭരണങ്ങൾ കൈമാറുന്നവരും ബഹുഭൂരിപക്ഷമുള്ള നാടാണ് കേരളം. അപ്രതീക്ഷിതമായ സാമ്പത്തിക ആവശ്യം വന്നാൽ അതിവേഗം പണം കണ്ടെത്താൻ കഴിയുന്ന ഉറപ്പുള്ള മുതൽ കൂടിയാണ് സ്വർണം. അതിനാൽ സ്വർണ വില റെക്കാഡുകൾ കീഴടക്കി കുതിക്കുമ്പോൾ മലയാളി ഉപഭോക്താക്കൾക്ക് ആഹ്ളാദം ഏറെയാണ്.

കൊവിഡിന് ശേഷമുള്ള മുന്നേറ്റം

കൊവിഡ് കാലത്തിന് ശേഷമാണ് ഇപ്പോഴത്തെ വിലക്കുതിപ്പ്. ലോക്‌ഡൗണിൽ മൂക്കുകുത്തിയ സ്വർണവില പതിയെ റെക്കാഡ് ഉയരത്തിലേക്ക് എത്തുകയായിരുന്നു. ആദ്യ ഘട്ടത്തിൽ വിലക്കുതിപ്പിന്റെ വേഗം കുറവായിരുന്നെങ്കിലും 2023 ജനുവരിയ്ക്ക് ശേഷം ആകാശയാത്ര തുടങ്ങി. ഓഹരികളും മറ്റ് ലോഹങ്ങളുമെല്ലാം റെക്കാഡ് മുന്നേറ്റത്തിന് ശേഷം കിതയ്ക്കുമ്പോഴാണ് സ്വർണവില കത്തിക്കയറുന്നത്. 2024 സുവർണകാലമായി. പത്ത് മാസത്തിനിടെ പവൻ വിലയിൽ 13,000 രൂപയുടെ വർദ്ധനയാണുണ്ടായത്.

സുരക്ഷിത നിക്ഷേപമെന്ന പദവിയാണ് കാലങ്ങളായി സ്വർണത്തിന് അനുകൂലം. ആഗോള സാമ്പത്തിക തിരിച്ചടികൾ നേരിടാനായി വിദേശനാണയ ശേഖരത്തിൽ അമേരിക്കൻ ഡോളറിനും യൂറോയ്ക്കും ജാപ്പനീസ് യെന്നിനുമൊപ്പം സ്വർണവും ഇടംനേടി. ചെറുകിട ഉപഭോക്താക്കളുടെ തുടർച്ചയായ വാങ്ങൽ താത്പര്യവും ഉപഭോഗം ഉയർത്തുന്നു. എന്നാൽ വർദ്ധിക്കുന്ന ഉപഭോഗത്തിനനുസരിച്ച് സ്വർണ ഉത്പാദനം കൂടുന്നില്ല.

ഉപഭോഗത്തിനനുസരിച്ച് ഉത്പാദനമില്ല

യു.എസ് ജിയോളജിക്കൽ സർവേയുടെ കണക്കുകളനുസരിച്ച് 2023ൽ ലോകത്ത് മൊത്തം ഉത്പാദനം 3,000 ടണ്ണാണ്. 2022ൽ 3,612 ടൺ. കഴിഞ്ഞ വർഷം 370 ടൺ സ്വർണവുമായി ചൈനയാണ് ഒന്നാമത്. 2016ൽ 455 ടൺ സ്വർണം ഖനനം ചെയ്തതിന് ശേഷം ചൈനയിലെ ഉത്പാദനം കുറയുകയാണ്. ഓസ്‌ട്രേലിയയാണ് രണ്ടാമത്- 314 ടൺ. സ്വർണശേഖരത്തിലും 12,000 ടണ്ണുമായി ഓസ്ട്രേലിയ ഒന്നാമതാണ്. പ്രതിവർഷം 309 ടണ്ണുമായി റഷ്യ തൊട്ടടുത്തുണ്ട് -11,100 ടൺ. കാനഡ 200, അമേരിക്ക 170, കസഖ്‌സ്ഥാൻ 130, മെക്‌സിക്കൊ 120 ടൺ എന്നിങ്ങനെയാണ് ഉത്പാദനം. ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, ഉസ്ബക്കിസ്ഥാൻ എന്നിവയും പിന്നിലുണ്ട്.

മുന്നിൽ ചൈന തന്നെ

പ്രതിവർഷം 984 ടൺ വില്പനയുമായി ഉപഭോഗത്തിലും ചൈനയാണ് മുന്നിൽ. വ്യാവസായിക ആവശ്യങ്ങൾക്കും ജുവലറികൾക്കും സുരക്ഷിത നിക്ഷേപമെന്ന നിലയിലും ചൈനക്കാർ സ്വർണം വാങ്ങികൂട്ടുന്നു. 849 ടൺ ഉപഭോഗവുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. സ്വർണ ഖനനം കുറവായതിനാൽ ഇറക്കുമതിയാണ് കൂടുതൽ,

ഇന്ത്യ സുവർണ രാജ്യം

ഇന്ത്യയ്ക്കാരുടെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യം 200 ലക്ഷം കോടി രൂപയ്ക്കടുത്താണ്. ക്ഷേത്രങ്ങളിലടക്കം 25,000 ടൺ ശേഖരമുണ്ടെന്നാണ് വിലയിരുത്തൽ. നിലവിൽ ഒരു കിലോ സ്വർണത്തിന് 75 ലക്ഷം രൂപയാണ് വില. പ്രതിവർഷം ശരാശരി 700 ടൺ സ്വർണമാണ് ഔദ്യോഗിക ഇറക്കുമതി. 25 വർഷത്തിനിടെ ഇറക്കുമതി 17,500 ടണ്ണാണ്. കള്ളക്കടത്തിലൂടെയെത്തിയത് ഇതിന്റെ മൂന്നിരട്ടിയുണ്ടാകും. ഇറക്കുമതിയുടെ പത്ത് ശതമാനം മാത്രമാണ് പുനർകയറ്റുമതി. ക്ഷേത്രങ്ങളിലെ സ്വർണശേഖരം അയ്യായിരം ടൺ കവിയും. പുതിയ കണക്കുകളനുസരിച്ച് റിസർവ് ബാങ്കിന്റെ വിദേശ നാണയ ശേഖരത്തിൽ 6.8 ലക്ഷം കോടി രൂപയുടെ 842 ടൺ സ്വർണമാണുള്ളത്.

ലാവിഷാണ് മലയാളികൾ

കേരളത്തിലെ സ്വർണ ഉപഭോഗം ദേശീയ ശരാശരിയുടെ 22 ഇരട്ടിയാണ്. രാജ്യത്തെ മൊത്തം സ്വകാര്യ സ്വർണ ശേഖരത്തിന്റെ ഇരുപത് ശതമാനം കേരളത്തിലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മലയാളി കുടുംബങ്ങളുടെ കൈവശം 20 ലക്ഷം കോടി രൂപയുടെ സ്വർണാഭരണങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. പ്രതിവർഷം ഒരു ലക്ഷം കോടി രൂപയിലധികമാണ് സംസ്ഥാനത്തെ ജൂവലറികളിലെ വില്പന. ആറായിരത്തിലധികം ജുവലറികളിലായി 60,000 കിലോ സ്വർണം വിൽക്കുന്നു.

വിലയിലെ മുന്നേറ്റം

ആഗോള വിപണിവിലയും ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് പവൻ വില ജുവലറി ഉടമകളുടെ സംഘടന നിശ്ചയിക്കുന്നത്. 50 വർഷത്തിനിടെ സ്വർണ വിലയിൽ 14,600 ശതമാനം വർദ്ധനയാണുണ്ടായി. 1975ൽ പവൻ വില 400 രൂപയായിരുന്നു. 1990ൽ വില 2,490 രൂപയിലേക്കും 2,000ൽ 3,200 രൂപയിലേക്കും വില ഉയർന്നു. 2010ൽ 12,280 രൂപയും 2019ൽ 23,720 രൂപയും 2020ൽ 42,000 രൂപയുമായിരുന്നു വില. കൊവിഡ് കാലത്ത് ഇടിവുണ്ടായെങ്കിലും 2023ൽ വില 44,000 രൂപയിലേക്ക് തിരിച്ചുകയറി. നിലവിൽ പവൻ വില 58,880 രൂപയാണ്. രാജ്യാന്തര വിപണിയിലെ വില ഔൺസിന്(28.35 ഗ്രാം) 2,745 ഡോളർ വരെ ഉയർന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം 84 വരെ താഴ്ന്നതുമാണ് സ്വർണവിലയിൽ കുതിപ്പുണ്ടാക്കിയത്.

സുരക്ഷിതത്വം തേടി സ്വർണത്തിലേക്ക്

പശ്ചിമേഷ്യയിലെയും യുക്രെയിനിലെയും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ആഗോളമാന്ദ്യ സാഹചര്യങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം വർദ്ധിപ്പിക്കുന്നു. ഇന്ത്യയിലെ റിസർവ് ബാങ്ക് അടക്കമുള്ള കേന്ദ്രബാങ്കുകൾ നടപ്പുവർഷം വിദേശനാണയ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് കുത്തനെ കൂട്ടുകയാണ്. ഇതോടൊപ്പം ഓഹരി, നാണയ, ക്രിപ്‌റ്റോ കറൻസി എന്നിവയിൽ നിന്ന് നിക്ഷേപകർ പണം സ്വർണത്തിലേക്ക് മാറ്റുന്നതും വില ഉയർത്തുന്നു. ആഗോള സാഹചര്യങ്ങൾ കണക്കിലെടുത്താൽ ഈ വർഷം ഡിസംബറോടെ സ്വർണ വില ഔൺസിന് മൂവായിരം ഡോളർ കടന്നേക്കും. ഇതോടെ കേരളത്തിലും പവൻ വില 62,000 രൂപ വരെ ഉയരാനിടയുണ്ട്.


Source link

Related Articles

Back to top button