ലോട്ടറിയെടുക്കാറുണ്ടോ? ‘സെയിം ടിക്കറ്റ്’വിൽപനയെപ്പറ്റി നിങ്ങളറിയണം, ഇതാണ് നടക്കുന്നത്
കൊല്ലം: കേരള ലോട്ടറിയുടെ, അവസാനത്തെ നാലക്കം സമാനമായ ടിക്കറ്റുകൾ കൂട്ടത്തോടെ ശേഖരിച്ച് വിൽക്കുന്ന മാഫിയ, കിലോ മീറ്ററുകളോളം നടന്നും സൈക്കിൾ ചവിട്ടിയും ലോട്ടറി വിൽക്കുന്നവരുടെ വയറ്റത്തടിക്കുന്നു. ‘സെയിം ടിക്കറ്റ്’ വില്പനയിലൂടെ ചെറിയ സമ്മാനങ്ങൾ കുറച്ചുപേരിൽ മാത്രം കേന്ദ്രീകരിച്ച് തുടങ്ങിയതിനാൽ ബങ്കുകളിലൂടെയും നടന്നും വില്പന നടത്തുന്നവരുടെ കച്ചവടം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.
ഹോൾസെയിൽ ഏജന്റുമാർ അവസാന നാലക്ക സമാന നമ്പരിന്റെ സെറ്റുകൾ ഉണ്ടാക്കി വിൽക്കാറുണ്ട്. ഇത്തരത്തിൽ, സമാനമായ ഒരു നമ്പരിന്റെ 12 ടിക്കറ്റുകൾ വരയേ വിൽക്കാവൂ എന്നാണ് ലോട്ടറി നിയമം. എന്നാൽ 96 സെയിം ടിക്കറ്റുകൾ വരെ സമാഹരിച്ചാണ് ലോബിയുടെ കച്ചവടം. വാട്സ്ആപ്പിൽ ബ്രോഡ്താസ്റ്റ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് വില്പന. തങ്ങളുടെ പക്കലുള്ള സെയിം ടിക്കറ്റ് നമ്പർ ലോബി വാട്സ്ആപ്പ് ഗ്രൂപ്പിലിടും. ഒരേ നമ്പരിന് കൂടുതൽ ആവശ്യക്കാരെത്തിയാൽ വില കൂട്ടിയും ആവശ്യക്കാർ കുറവുള്ള നമ്പരുകൾ വില താഴ്ത്തിയുമാണ് വില്പന. സ്ഥിരമായി കൂടുതൽ ലോട്ടറി എടുക്കുന്നവരെ കണ്ടെത്തിയാണ് ഇവരുടെ കച്ചവടം.
സെയിം ടിക്കറ്റ് തന്ത്രം
ലോട്ടറി ടിക്കറ്റിലെ അവസാന നാലക്കത്തിനാണ് അയ്യായിരം രൂപ മുതൽ താഴേക്കുള്ള സമ്മാനങ്ങൾ. ഒരേ സീരീസിലെയും മറ്റ് സീരീസുകളിലെയും അവസാന നാലക്കം ഒരുപോലുള്ള ടിക്കറ്റുകൾ സെയിം ടിക്കറ്റ് ലോബി ശേഖരിച്ച് വിലപേശി വിൽക്കും. പല ലോട്ടറി ഏജന്റുമാരിൽ നിന്നും ടിക്കറ്റുകൾ കൂട്ടത്തോടെ വാങ്ങിയാണ് ഇവർ വേർതിരിക്കുന്നത്. ഒരാളുടെ കൈയിൽ 20 സെയിം ടിക്കറ്റുണ്ടെങ്കിൽ, ഇതിലെ അവസാന നാലക്കത്തിന് ആയ്യായിരം രൂപ അടിച്ചാൽ ആകെ ഒരുലക്ഷം രൂപ സമ്മാനത്തുകയായി കിട്ടും. ഇങ്ങനെ സമ്മാനത്തുക കുറച്ചുപേരിൽ മാത്രം കേന്ദ്രീകരിക്കും. സ്ഥിരമായി സമ്മാനം ലഭിക്കാതെ നിരാശരാകുന്നതോടെ കച്ചവടക്കാരിൽ നിന്നു വാങ്ങുന്നവർ ടിക്കറ്റെടുക്കൽ നിറുത്തും.
…………………………………….
ഫിഫ്ടി ഫിഫ്ടി ഒഴികെയുള്ള ടിക്കറ്റുകൾക്ക് 40 രൂപ
ബുധനാഴ്ച മാത്രമുള്ള ഫിഫ്ടി ഫിഫ്ടിക്ക് 50 രൂപ
12 സെയിം ടിക്കറ്റുകളിൽ കൂടുതൽ സെറ്റായി വിൽക്കരുതെന്ന് നിയമം
സെയിം ടിക്കറ്റ് ലോബിയിൽ ഏജന്റുമാർക്കും പങ്കെന്ന് പരാതി
നടന്നു വിൽക്കുന്നവരുടെ കച്ചവടം ദിവസം 80 മുതൽ 120 ടിക്കറ്റ് വരെ
……………………………………….
സെയിം ടിക്കറ്റ് ലോബിയിൽ ഉൾപ്പെട്ടവരുടെ ഫോണുകളടക്കം പിടിച്ചെടുത്ത് പരിശോധന നടത്തണം. കർശനമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കേരള ലോട്ടറിയുടെ നിലനില്പിനെ ബാധിക്കും
ഒ.ബി. രാജേഷ് (ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി)
Source link