‘എട്ടുവർഷത്തിനിടെ 1.8 ലക്ഷം പേർക്ക് പിൻവാതിൽ നിയമനം’: കേരളത്തിലെ യുവതയോടുള്ള ചതിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കഴിഞ്ഞ എട്ടുവർഷത്തെ ഭരണത്തിനിടെ പിണറായി സർക്കാർ 1.8 ലക്ഷം പാർട്ടി ബന്ധുക്കൾക്ക് പിൻവാതിൽ നിയമനം നൽകിയെന്ന വാർത്ത ഞെട്ടിക്കുന്നതായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത 26 ലക്ഷത്തിൽപരം യോഗ്യരായ ഉദ്യോഗാർഥികൾ തൊഴിലില്ലാതെ അലയുമ്പോളാണ് സംസ്ഥാനസർക്കാർ പിൻവാതിലിലൂടെ ഇത്രയും സ്വന്തക്കാർക്കും പാർട്ടി ബന്ധുക്കൾക്കും നിയമനം നൽകിയിരിക്കുന്നത്. ഇത് കേരളത്തിലെ യുവജനങ്ങളോടുള്ള ചതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ വർഷം 33000 ഒഴിവുകളാണ് താൽക്കാലികാടിസ്ഥാനത്തിൽ വരുന്നത്. എന്നാൽ കണക്കു പ്രകാരം ഇതിൽ മൂന്നിലൊന്നിൽ മാത്രമേ എംപ്‌ളോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നിയമനം നടക്കുന്നുള്ളു. ബാക്കി ശരാശരി 22000 ഒഴിവുകൾ എല്ലാ വർഷവും സിപിഎം ഡിവൈഎഫ്‌ഐ നേതാക്കളുടെ ബന്ധുക്കൾക്കും കുടുംബക്കാർക്കുമായി വീതം വെച്ചു കൊടുത്തിരിക്കുന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്.
ഇത് നാഷണൽ എംപ്‌ളോയ്‌മെന്റ് സർവീസ് നടത്തിയ പരിശോധനയിൽ തെളിഞ്ഞ ചട്ടലംഘനമാണ്. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ പി.എസ്.സി നിയമനം തുടങ്ങാത്ത എല്ലാ ഒഴിവുകളിലും എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ച് വഴി നിയമനം വേണമെന്നാണ് ചട്ടം. എന്നാൽ ഇത് കാറ്റിൽ പറത്തിയാണ് സർക്കാർ വകുപ്പുകളിൽ സ്വന്തക്കാരെ തിരുകി കയറ്റുന്നത്.
വൻതോതിൽ ഒഴിവു വരുന്ന പൊതുവിദ്യാഭ്യാസം പോലുളള വകുപ്പുകളിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ച് വഴി നിയമിക്കപ്പെട്ടത്. പ്രതിവർഷം ശരാശരി 11,000 ഒഴിവുകൾ വരുന്ന പൊതുവിദ്യാഭ്യാസം പോലുള്ള വകുപ്പുകളിൽ വെറും 110 വേക്കൻസികളിൽ മാത്രമാണ് കഴിഞ്ഞ വർഷം എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ച് വഴി നിയമനം ലഭിച്ചത്. ബാക്കി മുഴുവൻ പാർട്ടി ബന്ധുക്കൾക്കു വീതം വെക്കുകയായിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമാകുന്നു.
ഇത്തരത്തിൽ അനധികൃത നിയമനം ലഭിച്ച മുഴുവൻ പേരെയും ഒഴിവാക്കി എംപ്‌ളോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി അർഹരാവയവർക്ക് നിയമനം നൽകണം. ഇത്അടിയന്തിരമായി നടപ്പാക്കണം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Source link