കൊല്ലത്തുകാർക്ക് ഇങ്ങനെ പോയാൽ മീൻ കിട്ടാക്കനിയാകും, ദുരവസ്ഥയ്ക്ക് പിന്നിൽ വമ്പൻ ടീമുകൾ
കൊല്ലം: ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ ചെറിയ കണ്ണികളുള്ള വല ഉപയോഗിച്ച് പൊടിമീനുകളെ പിടികൂടുന്നത് വ്യാപകമാവുന്നു. വളം നിർമ്മാണത്തിനാണ്, മത്സ്യസമ്പത്തിന്റെ സുസ്ഥിരതയെ ഗുരുതരമായി ബാധിക്കുന്ന തരത്തിൽ ഇത്തരം അനധികൃത മത്സ്യ ബന്ധനം. ശക്തികുളങ്ങര, നീണ്ടകര ഹാർബറുകൾ കേന്ദ്രീകരിച്ച് പരസ്യമായി പൊടിമീൻ കച്ചവടം നടക്കുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.
പൊടിമീൻ വേട്ട തടയാൻ ഓരോ ഇനം മത്സ്യത്തിന്റെയും പിടിക്കാവുന്ന നീളം നിശ്ചയിച്ച് സർക്കാർ വിജ്ഞാപനമുണ്ട്. ഈ നീളത്തിൽ കുറവുമുള്ളവയെ പിടിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ഹാർബറുകൾ കേന്ദ്രീകരിച്ച് പൊലീസും ഫിഷറീസ് വകുപ്പും പരിശോധന നടത്താറുമുണ്ട്. എന്നാൽ പൊടിമീൻ കച്ചവടം പരസ്യമായി നടന്നിട്ടും തടയാൻ കഴിയുന്നില്ല. വള്ളം നിർമ്മാണ രംഗത്ത് വൻ ഡിമാൻഡുള്ള പൊടിമീനിന് വളർച്ചയെത്തിയ മത്സ്യങ്ങളെക്കാൾ ഉയർന്ന വിലയാണ്.
പല ബോട്ടുകൾക്കും പൊടിമീൻ വില്പനയിലൂടെ എട്ട് മുതൽ 12 ലക്ഷം വരെ വരുമാനം ലഭിക്കുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. കയറ്റുമതി ചെയ്യുന്ന മത്സ്യങ്ങളെപ്പോലെ പൊടിമീൻ കച്ചവടവും പല ബോട്ടുകളും കടലിൽ വച്ച് ഉറപ്പിക്കും. ഹാർബറിൽ ഫിഷറീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമുണ്ടെങ്കിൽ കായൽക്കടവുകളിൽ അടുപ്പിച്ചാണ് പൊടിമീൻ കൈമാറുന്നത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് കണ്ടെയ്നർ ലോറികളെത്തി പൊടിമീൻ കൊണ്ടുപോകും.
വള്ളക്കാർക്ക് ദുരിതം
പൊടിമീൻ വേട്ട കാരണം മത്സ്യലഭ്യത ഇടിയുന്നതിനാൽ പരമ്പരാഗത വള്ളക്കാർ കടുത്ത നിരാശയിലാണ്. ഇവർ മത്സ്യബന്ധനം നടത്തുന്ന തീരക്കടൽ കേന്ദ്രീകരിച്ചും ബോട്ടുകൾ പൊടിമീൻ വേട്ട നടത്തുന്നുണ്ട്.
ഡിമാൻഡിന്റെ കാരണം
മത്സ്യവളത്തിൽ 70 ഓളം മൂലകങ്ങൾ
വേരുകൾ വേഗത്തിൽ വലിച്ചെടുക്കും
മണ്ണിലെ സൂക്ഷ്മാണുക്കൾ പെരുകാൻ സഹായിക്കും
മത്സ്യവളത്തിന് വിപണിയിൽ വൻ വില
പൊടിമീൻ വേട്ട തടയാൻ ഹാർബറുകളിൽ ഫിഷറീസ് ഉദ്യോഗസ്ഥർ സ്ഥിരമായി നിരീക്ഷണം നടത്തുന്നുണ്ട്. കായൽത്തീരങ്ങൾ കേന്ദ്രീകരിച്ച് പൊടിമീൻ കടത്ത് നടക്കുമ്പോൾ മത്സ്യത്തൊഴിലാളികളും വിവരം അറിയിക്കാറുണ്ട്.
ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ
Source link