ദാന കടന്നുപോയി, വലിയ നാശമില്ല; മാറ്റിത്താമസിപ്പിച്ച 1600 ഗർഭിണികൾക്ക് സുഖപ്രസവം
ദാന കടന്നുപോയി, വലിയ നാശമില്ല; മാറ്റിത്താമസിപ്പിച്ച 1600 ഗർഭിണികൾക്ക് സുഖപ്രസവം – Odisha and Bengal Relieved as Cyclone Dana Passes Without Significant Damage | India News, Malayalam News | Manorama Online | Manorama News
ദാന കടന്നുപോയി, വലിയ നാശമില്ല; മാറ്റിത്താമസിപ്പിച്ച 1600 ഗർഭിണികൾക്ക് സുഖപ്രസവം
മനോരമ ലേഖകൻ
Published: October 26 , 2024 03:24 AM IST
1 minute Read
(Photo by DIBYANGSHU SARKAR / AFP)
ഭുവനേശ്വർ / കൊൽക്കത്ത ∙ ദാന ചുഴലിക്കാറ്റ് വലിയ നാശമുണ്ടാക്കാതെ കടന്നുപോയതിൽ ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങൾക്ക് ആശ്വാസം. ഒഡീഷയിൽ മുൻകരുതലായി വീടുകളിൽനിന്നു മാറ്റിത്താമസിപ്പിച്ച 4431 ഗർഭിണികളിൽ 1600 പേർ 2 ദിവസത്തിനുള്ളിൽ സുരക്ഷിതരായി കുഞ്ഞുങ്ങൾക്കു ജന്മം നൽകിയത് അതിലേറെ ആശ്വാസവും സന്തോഷവുമായി. ഇരു സംസ്ഥാനങ്ങളിലും കനത്ത മഴയും കാറ്റുമുണ്ടായെങ്കിലും ഒഡീഷയിൽ ഒരു മരണം പോലുമില്ല. ബംഗാളിൽ ഒരാൾ മരിച്ചു.
വ്യാഴാഴ്ച രാത്രി 12.10ന് കേന്ദ്രപ്പാറ ജില്ലയിലെ ഭിതർകനികയ്ക്കും ഭദ്രക് ജില്ലയിലെ ധമ്രയ്ക്കും ഇടയിലാണ് ദാന തീരം തൊട്ടത്. ഒഡീഷയിൽ മുൻകരുതലായി 5,84,888 പേരെ ഒഴിപ്പിച്ചിരുന്നു. പ്രതീക്ഷിച്ചതിലും വേഗമില്ലാതെ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ തിരകൾ സാധാരണയിലും 1–1.5 മീറ്റർ ഉയർന്നെങ്കിലും വലിയ നാശമുണ്ടായില്ല. പലയിടത്തും വൈദ്യുതിവിതരണം തടസ്സപ്പെട്ടെങ്കിലും വൈകിട്ടോടെ പുനഃസ്ഥാപിക്കാനായി. ഭുവനേശ്വർ വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്നലെ രാവിലെ 9ന് പുനരാരംഭിച്ചു.
ബംഗാളിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 2.16 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. മുഖ്യമന്ത്രി മമത ബാനർജി വ്യാഴാഴ്ച രാത്രി മുഴുവൻ സെക്രട്ടേറിയറ്റിൽ കഴിഞ്ഞ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പൂർവ മേദിനിപുർ, ദക്ഷിണ 24 പർഗാന ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കൊൽക്കത്ത വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ഇന്നലെ രാവിലെ പുനരാരംഭിച്ചു. 10 മണിയോടെ ട്രെയിൻ സർവീസുകളും പുനരാരംഭിച്ചു.
English Summary:
Odisha and Bengal Relieved as Cyclone Dana Passes Without Significant Damage
119aj7bid7heu1msvdajudftvd mo-news-common-malayalamnews mo-environment-cyclone 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-orissa
Source link