കേരളകൗമുദിയുടെ വളർച്ചയുടെ ചരിത്രം കേരളത്തിന്റേതും : മന്ത്രി എം.ബി.രാജേഷ്
കൗമുദി ടി.വിയുടെ നിലാവ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം : കേരളകൗമുദിക്ക് ആധുനിക കേരള സമൂഹത്തിന്റെ രൂപീകരണത്തിലും വളർച്ചയിലുമുള്ള പങ്ക് നിസ്തുലമാണെന്നും കേരളകൗമുദിയുടെ വളർച്ചയുടെ ചരിത്രം കേരളത്തിന്റേത് കൂടിയാണെന്നും മന്ത്രി എം.ബി.രാജഷ് പറഞ്ഞു. കൗമുദി ടി.വിയുടെ 11-ാം വാർഷികാഘോഷവും ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ യൂണിറ്റുകളെ അനുമോദിക്കലും ഉൾപ്പെട്ട നിലാവിന്റെ ഉദ്ഘാടനം എ.കെ.ജി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാമൂഹ്യ പുരോഗതിയിലും സാമ്പത്തിക പരിഷ്കരണത്തിലും വലിയ സംഭാവനകൾ കേരളകൗമുദി നൽകിയിട്ടുണ്ട്. ആഴ്ചപ്പതിപ്പായി തുടങ്ങി ദിനപത്രമായി വളർന്ന് ദൃശ്യമാദ്ധ്യമ രംഗത്തെത്തിയ കൗമുദി ആ മേഖലയിൽ ഒരു വ്യാഴവട്ടത്തിലേക്ക് എത്തുകയാണ്. കേരളത്തിന്റെ വളർച്ചയ്ക്കൊപ്പമാണ് കേരളകൗമുദിയും വളർന്നത്. കൗമുദി ടി.വിയുടെ വാർഷികത്തിന്റെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകളെ ആദരിക്കാൻ തീരുമാനിച്ച വ്യത്യസ്തമായ സമീപനത്തെ സംസ്ഥാന സർക്കാരിന് വേണ്ടി അദ്ദേഹം അഭിനന്ദിച്ചു
കുടുംബശ്രീ കേരളത്തിന്റെ മുഖശ്രീയായിട്ട് കാൽനൂറ്റാണ്ടു കഴിഞ്ഞു. കുടുംബശ്രീയ്ക്ക് മുമ്പും ശേഷവുമെന്ന് കേരളീയ സ്ത്രീ ജീവിതത്തിൽ ചരിത്രം അടയാളപ്പെടുത്തി . 46ലക്ഷത്തിലധികം സ്ത്രീകൾ ഇന്ന് കുടുംബശ്രീയിൽ അണിനിരക്കുന്നു. ലോകത്ത് സമാനമായ മറ്റൊരു കൂട്ടായ്മയില്ല. സ്ത്രീജീവിതത്തിന്റെ തലവരകളെയും വിധിവാക്യങ്ങളെയും മാറ്റിയെഴുതിയ കുടുബശ്രീ കൈവച്ച മേഖലയിലെല്ലാം മായ്ക്കാനാകാത്ത കൈയ്യൊപ്പും ചാർത്തി. സംസ്ഥാന സർക്കാരിന്റെ സുപ്രധാന ലക്ഷ്യങ്ങളായ മാലിന്യമുക്ത നവകേരളം, അതിദാരിദ്ര്യ നിർമ്മാർജനം എന്നിവയിലും കുടുംബശ്രീയുടെ സാന്നിദ്ധ്യമുണ്ട്. കേരളത്തിന്റെ മണ്ണ് യോജിച്ചതിനാലാണ് കുടുംബശ്രീ വളർന്ന് മഹാവൃക്ഷമായത്. പല ഘട്ടങ്ങളിലും കുടുംബശ്രീയെ തകർക്കാൻ വ്യാജശ്രീകൾ വന്നെങ്കിലും അതൊന്നും ബാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച കുടുംബശ്രീ യൂണിറ്റുകൾക്ക് മന്ത്രി ഉപഹാരം നൽകി.
പരിപാടിയുടെ സ്‌പോൺസർമാരായ രാജധാനി ഗ്രൂപ്പ് ചെയർമാൻ ഡോ.ബിജു രമേഷ്, പങ്കജകസ്തൂരി മീഡിയ ആക്ടിവേഷൻസ് മാനേജർ കിരൺ നായർ.എസ്,അനന്തപുരി ഹോസ്‌പിറ്റൽ സീനിയർ മാനേജർ രഘു.എസ്, പട്ടം എസ്.യു.ടി സി.ഇ.ഒ കേൺൽ രാജീവ് മണാലി,സ്‌പർശ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ രാഗേഷ് രവീന്ദ്രൻ, കേരള ഭാഗ്യക്കുറി പബ്ലിസിറ്റി ഓഫീസർ ദിലീപ്,സൗഖ്യ ശാന്തി ആയുർ കെയർ മാനേജിംഗ് ഡയറക്ടർ ഗിരീഷ് കുമാർ എന്നിവരും മന്ത്രിയിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.കേരളകൗമുദി യൂണിറ്റ് ചീഫ് വിക്രമൻ സ്വാഗതം പറഞ്ഞു. കേരളകൗമുദി ഡയറക്ടർ ലൈസ ശ്രീനിവാസൻ, ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ, അയ്യപ്പദാസ്, സുധീർ കുമാർ തുടങ്ങിയവർ പങ്കെടുത്തു. പിന്നണി ഗായിക മഞ്ജരിയും സംഘവും നയിച്ച സംഗീത പരിപാടിയും അരങ്ങേറി.
Source link