ബാബ സിദ്ദിഖിയുടെ മകൻ എൻസിപിയിൽ ചേർന്നു, കോൺഗ്രസ് പുറത്താക്കിയത് പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്
മുംബയ്: അടുത്തിടെ കൊല്ലപ്പെട്ട ബാബ സിദ്ദിഖിയുടെ മകൻ സീഷൻ സിദ്ദിഖി എൻസിപിയിൽ (അജിത് പവാർ പക്ഷം) ചേർന്നു. കഴിഞ്ഞ ഓഗസ്റ്റിലെ മഹാരാഷ്ട്ര നിമയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് നടത്തിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു. തനിക്കെതിരെ ഉയർന്ന ആരോപണം സീഷൻ സിദ്ദിഖി അന്നേ നിഷേധിച്ചിരുന്നു.
എൻസിപിയിൽ ചേർന്നത് വികാരനിർഭരമായ നിമിഷമാണെന്നാണ് സീഷൻ വിശേഷിപ്പിച്ചത്. 2019ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച വാന്ദ്രേ ഈസ്റ്റിൽ നിന്ന് താൻ വീണ്ടും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘എനിക്കും എന്റെ കുടുംബത്തിനും ഈ ദിവസം മറക്കാൻ പറ്റാത്തതാണ്. ഈ സമയങ്ങളിൽ എന്നെ വിശ്വസിച്ച അജിത് പവാർ, പ്രഫുൽ പട്ടേൽ സുനിൽ തത്കരെ എന്നിവരോട് എന്നും നന്ദിയുളളവനായിരിക്കും. വാന്ദ്രേ ഈസ്റ്റിൽ നിന്ന് മത്സരിക്കാൻ എന്നെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും ലഭിക്കുമെന്ന വിശ്വാസമുണ്ട്. വീണ്ടും ഞാൻ വിജയിക്കും’-അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 12നാണ് സീഷന്റെ എംഎൽഎ ഓഫീസിന് മുന്നിൽ വച്ച് ബാബ സിദ്ദിഖിക്ക് വെടിയേറ്റത്. സിദ്ധിഖിയുടെ കൊലപാതകത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയ് സംഘം രംഗത്തുവന്നിരുന്നു. ബോളിവുഡ് താരം സൽമാൻ ഖാനോടുള്ള ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ വൈരാഗ്യമാണ് ബാബ സിദ്ധിഖിയുടെ കൊലപാതകത്തിൽ കലാശിച്ചത്. സൽമാൻ ഖാനുമായുള്ള അടുപ്പവും ദാവൂദ് ഇബ്രാഹിം പോലുള്ള അധോലോക നായകന്മാരുമായുള്ള സിദ്ധിഖിയുടെ ബന്ധവുമാണ് അദ്ദേഹത്തെ ലക്ഷ്യം വയ്ക്കാൻ കാരണമെന്ന് ബിഷ്‌ണോയ് സംഘാംഗം പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
Source link