ചേലക്കര ചെങ്കോട്ട കാക്കാനും പിടിക്കാനും
കൃഷ്ണകുമാർ ആമലത്ത് | Friday 25 October, 2024 | 12:23 AM
തൃശൂർ : ഭാരതപ്പുഴയുടെ മണൽപ്പരപ്പും കുത്താമ്പുള്ളിയുടെ പെരുമയും പുനർജ്ജനി നൂഴലും കലാമണ്ഡലവുമെല്ലാമായി സംസ്കാര തനിമയുടെ പെരുമയേറുന്ന ചേലക്കര മണ്ഡലത്തിൽ ആർക്കാണ് വിജയമെന്ന പ്രവചനം അസാദ്ധ്യം.
ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ, മണ്ഡലത്തിലെ ക്ഷേത്രങ്ങളിലെ വെടിക്കെട്ട് മുടക്കം, അൻവറിന്റെ ഡി.എം.കെയുടെ ബാനറിൽ ഇറങ്ങുന്ന മുൻകോൺഗ്രസ് നേതാവിന്റെ സ്ഥാനാർത്ഥിത്വം വരെ നീളുന്ന ചർച്ചാവിഷയങ്ങൾ ആരെയെല്ലാം നോവിക്കുമെന്നതാണ് പ്രധാനചോദ്യം. ഒരു കാലത്ത് കോൺഗ്രസിന് വലിയ മേധാവിത്വം ഉണ്ടായിരുന്ന ചേലക്കര 1996 മുതൽ സി.പി.എം പിടിച്ചെടുത്തു. തർക്കമില്ലാത്ത സ്ഥാനാർത്ഥിയെ എത്രയും വേഗം പ്രഖ്യാപിച്ച് രമ്യ ഹരിദാസിലൂടെ, കുത്തക മണ്ഡലമെന്ന സി.പി.എമ്മിന്റെ ആത്മവിശ്വാസത്തിന് വിള്ളൽ തീർക്കുകയാണ് കോൺഗ്രസ് ലക്ഷ്യം.
നിയമസഭാ തിരഞ്ഞെടുപ്പിലെ 39,400 എന്ന റെക്കാഡ് ഭൂരിപക്ഷം ലോക്സഭയിൽ 5073 ആയി കുറയ്ക്കാനായതാണ് യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നത്. മാറ്റത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞുവീശുമെന്നും തൃശൂരിലെ വിജയത്തിന്റെ തുടർച്ച ചേലക്കരയിലും ഉണ്ടാവുമെന്നുമാണ് ബി.ജെ.പിയുടെ അവകാശവാദം. മൂന്നു പതിറ്റാണ്ടായി ഇടതിന് ഒപ്പം നിലയുറപ്പിച്ച ചേലക്കരക്കാർ കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് സി.പി.എം.
സുപരിചിതർ
സ്ഥാനാർത്ഥികൾ
മൂന്ന് മുന്നണി സ്ഥാനാർത്ഥികളും ജനങ്ങൾക്ക് പരിചിതരാണ്. മുൻ എം.എൽ.എ എന്ന നിലയിൽ എൽ.ഡി.എഫിലെ യു.ആർ.പ്രദീപ് നിറ സാന്നിദ്ധ്യമാണ്. മുൻ എം.പി എന്ന നിലയിൽ കോൺഗ്രസിലെ രമ്യ ഹരിദാസും അപരിചിതയല്ല.
എൻ.ഡി.എ സ്ഥാനാർത്ഥിയായ കെ.ബാലകൃഷ്ണനാകട്ടെ പത്ത് വർഷമായി പഞ്ചായത്തംഗവും തിരുവില്വാമല പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്.
2016ൽ ചേലക്കരക്കാരുടെ രാധേട്ടന്റെ (കെ.രാധാകൃഷ്ണൻ) പിന്തുടർച്ചക്കാരനായി കന്നിയങ്കത്തിന് ഇറങ്ങിയ യു.ആർ.പ്രദീപ് ആ വിശ്വാസം കാത്തു സൂക്ഷിക്കുകയും 2021ൽ അദ്ദേഹത്തിനായി കളം മാറുകയും ചെയ്തു. കെ. രാധാകൃഷ്ണൻ എം.പിയായതോടെ വീണ്ടും പകരം രംഗത്തിറങ്ങുകയാണ്.
1965ൽ രൂപീകൃതമായ ചേലക്കര മണ്ഡലത്തിൽ ഇതുവരെയും ഒരു വനിതാ ജനപ്രതിനിധി ഉണ്ടായിട്ടില്ല. രമ്യ ഹരിദാസ് അത് തിരുത്തിക്കുറിക്കുമോയെന്നതാണ് ചോദ്യം. വനിതാ സ്ഥാനാർത്ഥികൾ ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും വിജയിക്കാനായില്ല. ചേലക്കരയിൽ ബി.ജെ.പി പലപ്പോഴും പരീക്ഷിച്ചിരുന്നത് മണ്ഡലത്തിന് പുറത്തു നിന്നുള്ളവരെയാണെങ്കിൽ ഇത്തവണ മണ്ഡലത്തിലുള്ളവരെ മതിയെന്ന ചിന്തയാണ് ജില്ലാ-പ്രാദേശിക നേതൃത്വം പങ്കു വച്ചത്.
Source link