പാർട്ടി തിരക്കഥ; ദിവ്യയുടെ ഒളിവു ജീവിതത്തിന് ഒരാഴ്ച
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യകേസിൽ പ്രതിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
പി.പി ദിവ്യയുടെ ഒളിവു ജീവിതം ഒരാഴ്ച പിന്നിട്ടു. മുൻകൂർ ജാമ്യഹർജിയിൽ ഇന്ന് തലശേരിയിലെ കോടതി എന്തു പറയുമെന്ന ആകാംക്ഷയിലാണ് ദിവ്യയും പാർട്ടിയും പൊലീസും.
ആത്മഹത്യ പ്രേരണകുറ്റത്തിന് ദിവ്യ ഒന്നാം പ്രതിയാണ്.എന്നിട്ടും ദിവ്യയെ ഒരാഴ്ച അറസ്റ്റിൽ നിന്ന് സംരക്ഷിക്കാൻ പാർട്ടിക്ക് സാധിച്ചു. അന്വേഷണം നടക്കുന്നുണ്ടെന്നും ഇരിണാവിലെ വീട്ടിൽ ദിവ്യയില്ലെന്നുമാണ് പൊലീസ് പറയുന്നത്. മൂന്ന് തവണ അവിടെയെത്തിയെങ്കിലും ദിവ്യയെ കണ്ടെത്താൻ കഴിഞ്ഞില്ല.ദിവ്യ എവിടെയാണെന്ന് അറിയില്ലെന്നാണ് ഭർത്താവ് അജിത്തും പറയുന്നത്.
കണ്ണൂരിലെ മലയോര കേന്ദ്രമായ പാലക്കയം റിസോർട്ടില്‍ ദിവ്യ ഒളിവിൽ കഴിയുന്നുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. അന്വേഷണം നടത്തിയെന്നും തെളിവ് ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു.
പൊലീസിന്റെ കൺമുന്നിലൂടെ
ഒളിയിടത്തിലേക്ക്
15ന് രാവിലെയാണ് എ.ഡി.എമ്മിനെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കാണുന്നത്. അന്നും തുടർന്നുള്ള രണ്ടു ദിവസങ്ങളിലും ദിവ്യ ഇരിണാവിലെ വീട്ടിലുണ്ടായിരുന്നു. 17ന് വൈകിട്ടാണ് കേസിൽ പ്രതി ചേർത്തത്. തുടർന്ന് ദിവ്യ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു. കേസ് അന്വേഷിക്കുന്ന ടൗൺ സ്‌റ്റേഷന് നൂറുമീറ്റർ മാത്രം ദൂരെ റെയിൽവേ സ്‌റ്റേഷന്‍ കിഴക്കേ കവാടത്തിന് അരികിൽ രഹസ്യമായി എത്തിയാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് രാജിക്കത്ത് കൈമാറിയത്. അവിടെ നിന്ന് നേരെ ഒളിവിൽ പോകുകയായിരുന്നുവെന്നാണ് സൂചന. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ, കീഴടങ്ങാൻ പദ്ധതിയുണ്ടെങ്കിൽ പാർട്ടി കാവലിൽ ദിവ്യയെ രഹസ്യമായി കോടതിയിലെത്തിക്കാനാണ് സാധ്യത.
ദിവ്യയുടെ ഇരിണാവിലുള്ള വീട്ടിലേക്ക് നടന്ന പ്രതിപക്ഷ പ്രതിഷേധം നേരിടാൻ പാർട്ടി സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. ദിവ്യയെ മറ്റൊരിടത്തേക്ക് മാറ്റുന്നതിനും പാർട്ടി തന്നെയാണ് മുൻകൈ എടുത്തത്. മുൻകൂർ ജാമ്യഹർജി തലശേരി കോടതി പരിഗണിക്കുന്നതുവരെ കാത്തിരിക്കാൻ പൊലീസിന് ആദ്യമേ കണ്ണൂർപാർട്ടിയുടെ നിർദ്ദേശമുണ്ടായിരുന്നു.
പൊലീസ് റിപ്പോർട്ട്
കാത്ത് പാർട്ടി
പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ദിവ്യയ്‌ക്കെതിരെ കർശനനടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചതോടെ പൊലീസ്തെളിവ് ശേഖരണം ശക്തമാക്കിയിരുന്നു. പ്രേരണക്കുറ്റം തെളിയിക്കാവുന്ന വിവരങ്ങളാണ് പൊലീസെടുത്ത മൊഴികളിലുളളത്. ഇന്ന് കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ കോടതി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടിയുമുണ്ടായേക്കും. തെളിവുകൾ ശക്തമെങ്കിൽ, സമ്മേളന കാലമെന്ന പരിഗണനയില്ലാതെ നടപടിയുണ്ടാകാനാണ് സാധ്യത.
Source link