KERALAM

രമ്യയെ പിൻവലിക്കണമെന്ന അൻവറിന്റെ ആവശ്യം തമാശ: വി.ഡി.സതീശൻ

തൃശൂർ: പാലക്കാട്ടെയും ചേലക്കരയിലെയും പി.വി. അൻവറിന്റെ സ്ഥാനാർത്ഥികളെ സൗകര്യമുണ്ടെങ്കിൽ പിൻവലിച്ചാൽ മതിയെന്നും, അൻവറിന്റെ ഒരുപാധിയും അംഗീകരിക്കില്ലെന്നും ഇനി ചർച്ചയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ചാലേ പാലക്കാട്ട് അൻവറിന്റെ സ്ഥാനാർത്ഥിയെ പിൻവലിക്കുകയുള്ളൂവെന്ന ഉപാധി വെറും തമാശയാണെന്നും സതീശൻ പരിഹസിച്ചു. ‘ഊതി വീർപ്പിച്ച വാർത്തകളാണ് പുറത്തു വരുന്നത്. അവർ ബന്ധപ്പെട്ടിരുന്നു. രണ്ടു സ്ഥലത്ത് സ്ഥാനാർത്ഥികളെ നിറുത്തിയിട്ട് എങ്ങനെയാണ് ഞങ്ങളുമായി ബന്ധപ്പെടുന്നതെന്ന് ചോദിച്ചു. സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. അപ്പോൾ നിങ്ങൾ റിക്വസ്റ്റ് ചെയ്താൽ പിൻവലിക്കാമെന്നു പറഞ്ഞു. അങ്ങനെ ഞങ്ങൾ റിക്വസ്റ്റ് ചെയ്തു. അപ്പോഴാണ് രമ്യ ഹരിദാസിനെ പിൻവലിച്ച് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിയെ യു.ഡി.എഫ് പിന്തുണയ്ക്കണമെന്ന് അൻവർ പറഞ്ഞത്. ഇത്തരം തമാശയൊന്നും പറയരുത്. ഞങ്ങൾക്കൊപ്പം നിൽക്കാമെന്ന നിലപാടുമായി വന്നാൽ അവർ സ്ഥാനാർത്ഥിയെ പിൻവലിക്കേണ്ടേ? യു.ഡി.എഫ് നേതൃത്വമോ കെ.പി.സി.സിയോ ഒരു ചർച്ചയും നടത്തിയിട്ടില്ല. കെ.പി.സി.സി യോഗത്തിൽ ഈ പേരു പോലും പറഞ്ഞിട്ടില്ല. പ്രതിപക്ഷം പറയുന്നതാണ് അൻവറും പറയുന്നത്. അങ്ങനെ നിലപാടെടുക്കുന്നവർ എന്തിനാണ് സി.പി.എമ്മിനെ സഹായിക്കുന്നതിന് മത്സരിക്കുന്നത്. അൻവ‌ർ സ്ഥാനാർത്ഥികളെ നിറുത്തിയാലും ഞങ്ങളുടെ മൂന്ന് സ്ഥാനാർത്ഥികളുടെയും വിജയത്തെ ബാധിക്കില്ല. ആര് മത്സരിച്ചാലും കുഴപ്പമില്ല.’- സതീശൻ വ്യക്തമാക്കി.

അൻവറിനെതിരെ വാതിൽ

അടയ്ക്കേണ്ടെന്ന് കെ.സുധാകരൻ

അതേസമയം, സതീശനുമായുള്ള ചർച്ചയിൽ അൻവർ നെഗറ്റീവും പോസിറ്റീവുമായിരുന്നില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.അൻവറിനെതിരെ എന്തിനാണ് വാതിൽ അടയ്ക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ രാഷ്ട്രീയ കാഴ്ചപ്പാട് വിനിയോഗിക്കണമെന്നാണ് അദ്ദേഹത്തോട് പറയുന്നത്. ജനാധിപത്യ മതേതര ശക്തികളുടെ സ്ഥാനാർത്ഥിയാണ് യു.ഡി.എഫിന്റേത്. അത് അൻവർ ഉൾക്കൊളളണം. അൻവർ തുടങ്ങിയതേയുളളൂ. ഞങ്ങൾക്ക് വലിയ അടിത്തറയുണ്ട്. പാലക്കാട്ട് ചെറുപ്പക്കാർ മാറി നിൽക്കുന്നത് നിസാര കാര്യം. ആരും പുറത്തു പോകില്ല. ചേലക്കരയിൽ എൻ.കെ. സുധീറിന്റെ പിൻബലം അറിയാമെന്നും സുധാകരൻ വ്യക്തമാക്കി.


Source link

Related Articles

Back to top button