KERALAM

പിണറായിയെ ട്രോളിയതിൽ കുറ്റസമ്മതവുമായി സരിൻ

പാലക്കാട്: കോൺഗ്രസിലായിരിക്കെ പിണറായിയെ ട്രോളിയതിലും രൂക്ഷമായി വിമർശിച്ചതിലും കുറ്റസമ്മതം നടത്തി എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി. സരിൻ. എല്ലാം ഒഴിവാക്കേണ്ടതായിരുന്നുവെന്ന തിരിച്ചറിവ് ഇപ്പോഴുണ്ട്. പല വിമർശനങ്ങളും വ്യക്തിപരമായ തീരുമാനങ്ങൾ ആയിരുന്നില്ല. നിയോഗിക്കപ്പെട്ട ചുമതലയുടെ ഭാഗമായിട്ടായിരുന്നു പണ്ടത്തെ പോസ്റ്റുകളെന്നും വ്യക്തമാക്കി.

ദിവസങ്ങൾക്ക് മുമ്പുവരെ സമൂഹ മാദ്ധ്യമങ്ങളിൽ ഞാൻ നിങ്ങളുടെ രാഷ്ട്രീയ ശത്രുപക്ഷത്ത് നിന്ന് പ്രവർത്തിച്ചൊരാളാണ്. സാദ്ധ്യമായ എല്ലാ മാനുഷിക സാമ്പത്തിക വിഭവങ്ങളെയും കൂട്ടുപിടിച്ച് സംഘടിതമായി ഞങ്ങൾ രാഷ്ട്രീയ പ്രചാരണം തീർക്കുമ്പോൾ, ഇതൊന്നുമില്ലാതെ ഒരാശയത്തിന്റെ പേരിൽ സ്വയം സംഘടിച്ച് ശക്തമായ പ്രതിരോധം തീർത്ത നിങ്ങളോട് അന്നും ബഹുമാനം ഏറെയായിരുന്നു.

കോൺഗ്രസ് നേതാക്കൾ ആക്രമണങ്ങൾ നേരിടുമ്പോൾ പ്രതിരോധിക്കാൻ ആ നേതാവിനോട് താത്പര്യമുള്ള ആളുകളും ഗ്രൂപ്പുകളും മാത്രമാണ് ഇറങ്ങുന്നത്. എന്നാൽ ഇടതുപക്ഷത്തെ ഏതെങ്കിലും നേതാവിനെ, വിശിഷ്യാ സഖാവ് പിണറായി വിജയനെ ആക്രമിക്കുമ്പോൾ സഖാക്കൾ ഒരൊറ്റ മനസായി നിന്ന് പ്രതിരോധത്തിന്റെ കോട്ട തീർക്കുന്നത് കണ്ടു കണ്ണുമിഴിച്ച് നിന്നിട്ടുണ്ട്. സഖാക്കളിൽ നിന്ന് അനുഭവിക്കുന്ന സ്‌നേഹവായ്പ്പാണ് തിരിച്ചറിവിന് കാരണമെന്നും സരിൻ ഫേസ്ബുക്കിൽ കുറിച്ചു.


Source link

Related Articles

Back to top button