‘ദിവ്യയോട് ഫോണിൽ സംസാരിച്ചു, യാത്രയയപ്പിന് ക്ഷണിച്ചില്ല’; എഡിഎമ്മുമായി നല്ല ബന്ധമെന്ന് കളക്ടർ
കണ്ണൂർ: കളക്ടറേറ്റിൽ നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ അരുൺ കെ വിജയൻ. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് നൽകിയ മൊഴിയിലും കളക്ടർ ഇക്കാര്യം ആവർത്തിച്ചു. കളക്ടറുടെ നിർദേശപ്രകാരമാണ് യോഗത്തിനെത്തിയതെന്നാണ് തലശേരി കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ദിവ്യ വ്യക്തമാക്കിയിരുന്നത്. യാത്രയയപ്പ് ചടങ്ങിൽ ദിവ്യ ആക്ഷേപിച്ചതിൽ മനംനൊന്താണ് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. ദിവ്യ നിലവിൽ ഒളിവിലാണ്.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ദിവസം പിപി ദിവ്യയുമായി ഫോണിൽ സംസാരിച്ചിരുന്നതായി കളക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഫോണിൽ സംസാരിച്ചുവെന്ന മൊഴി അന്വേഷണ സംഘത്തിനും നൽകി. മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ പുറത്ത് പറയാൻ ഉദ്ദേശിക്കുന്നില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ താൻ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. ക്ഷണിച്ചു എന്ന് ദിവ്യ പറയുന്നതിനോട് പ്രതികരിക്കുന്നില്ല. അവരുടെ അവകാശവാദമാണത്. യാത്രയയപ്പ് യോഗം കഴിഞ്ഞശേഷം എഡിഎമ്മുമായി സംസാരിച്ചോ എന്നതും മൊഴിയുടെ ഭാഗമാണെന്നും കളക്ടർ പറഞ്ഞു.
സ്ഥലം മാറ്റത്തിന് അപേക്ഷ കൊടുത്തിട്ടില്ല. സ്ഥലംമാറ്റം സർക്കാരാണ് തീരുമാനിക്കേണ്ടത്. നല്ല ബന്ധമാണ് എഡിഎമ്മുമായി ഉണ്ടായിരുന്നത്. അവധി നിഷേധിച്ചിട്ടില്ല. എഡിഎമ്മിന്റെ മരണശേഷം ദിവ്യയുമായി സംസാരിച്ചിട്ടില്ല. പെട്രോൾ പമ്പിന്റെ എൻഒസി വൈകുന്ന വിഷയം നേരത്തേ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കളക്ടർ പറഞ്ഞു. എഡിഎമ്മിന്റെ മരണത്തിൽ ലാൻഡ് റവന്യു കമ്മീഷണറുടെയും പൊലീസിന്റെയും അന്വേഷണം നടക്കുകയാണ്.
Source link